ADVERTISEMENT

കന്യാകുമാരി ∙ ഇന്ത്യയെ ‘കണ്ടെത്തുക’യാണു ജവാഹർലാൽ നെഹ്റു ചെയ്തതെങ്കിൽ, ഇന്ത്യയെ കേൾക്കുന്നതിനാണു തന്റെ ശ്രമമെന്ന പ്രഖ്യാപനത്തോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ‘ഭാരത് ജോഡോ’ യാത്രയ്ക്കു തുടക്കമിട്ടു. പല മതവും ഭാഷയും സംസ്കാരവുമുള്ള ഇന്ത്യയെ ഒരുമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദയാത്രയുടെ ഉദ്ഘാടനത്തിന്, സാഗരങ്ങൾ സംഗമിക്കുന്ന കന്യാകുമാരി സാക്ഷ്യം വഹിച്ചു. 

കടൽത്തീരത്തെ ഗാന്ധി മണ്ഡപത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ​ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവർ ചേർന്നു രാഹുലിനു ദേശീയ പതാക കൈമാറി. രാജ്യത്തെ വിഭജിക്കുകയും വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ടു വീർപ്പുമുട്ടിക്കുകയും ചെയ്യുന്നതാണു ബിജെപിയുടെ നയമെന്നു രാഹുൽ ആരോപിച്ചു, കേന്ദ്രഭരണത്തെ ബ്രിട്ടിഷ് ഭരണത്തോടുപമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചു.

പിതാവ് രാജീവ് ഗാന്ധി രക്തസാക്ഷിത്വം വരിച്ച ശ്രീപെരുംപുത്തൂരിൽ പ്രാർഥന നടത്തിയ ശേഷമാണു രാഹുൽ ഉച്ചയോടെ തിരുവനന്തപുരം വഴി കന്യാകുമാരിയിലെത്തിയത്. തിരുവള്ളൂർ സ്മാരകവും വിവേകാനന്ദ സ്മാരകവും കാമരാജ് സ്മാരകവും സന്ദർശിച്ചശേഷം ഗാന്ധി മണ്ഡപത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കോൺഗ്രസ് നേതാക്കൾക്കുമൊപ്പം പ്രാർഥനായോഗത്തിൽ പങ്കെടുത്തു. അഗസ്തീശ്വരം വിവേകാനന്ദ കോളജിൽ രാത്രി തങ്ങിയ രാഹുൽ ഗാന്ധി ഇന്നു മുതൽ 10 വരെ കന്യാകുമാരി ജില്ലയിൽ പര്യടനം നടത്തി, 11നു കേരളത്തിൽ പ്രവേശിക്കും. 

150 ദിവസംകൊണ്ട് 12 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3570 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കുന്ന രാഹുലിനൊപ്പം 118 സ്ഥിരം പദയാത്രികരുണ്ട്. കശ്മീരിൽ യാത്ര സമാപിക്കും.

Content Highlights: Bharat Jodo Yatra, Indian National Congress, Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com