ADVERTISEMENT

ന്യൂഡൽഹി ∙ പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനുള്ള സന്നദ്ധത ശശി തരൂർ അറിയിക്കുകയും സംഘടനാ തിരഞ്ഞെടുപ്പ് നടക്കണമെന്നും ആർക്കും മത്സരിക്കാമെന്നും സോണിയ ഗാന്ധി മറുപടി നൽകുകയും ചെയ്തതോടെ, ഉദ്വേഗജനകമായ ദിനങ്ങളിലേക്കു കോൺഗ്രസ് കടക്കുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാർഥിയായി രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരിക്കാനാണു സാധ്യത. ഗെലോട്ട് വരും ദിവസങ്ങളിൽ സോണിയയുമായി കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം.

ഇതിനിടെ, ഭാരത് ജോഡോ യാത്രയ്ക്ക് ഒരു ദിവസത്തെ അവധി നൽകി വ്യാഴാഴ്ച രാത്രി രാഹുൽ ഡൽഹിയിലെത്തുന്നത് അഭ്യൂഹങ്ങൾക്കു വഴിവച്ചു. ചികിത്സ പൂർത്തിയാക്കി ലണ്ടനിൽ നിന്നെത്തിയ സോണിയയെ കാണാനാണ് എത്തുന്നതെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രി കേരളത്തിൽ മടങ്ങിയെത്തുന്ന രാഹുൽ പിറ്റേന്നു ചാലക്കുടിയിൽ നിന്നു യാത്ര തുടരും. 

സംഘടനാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വ്യാഴാഴ്ച ഇറങ്ങാനിരിക്കെയാണു തരൂർ സോണിയയുമായി കൂടിക്കാഴ്ച നടത്തിയത്. തിരഞ്ഞെടുപ്പിൽ തന്റെ പേര് ഉയർന്നതിനുശേഷം സോണിയയുമായുള്ള അദ്ദേഹത്തിന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. തിരഞ്ഞെടുപ്പ് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും ഉൾപാർട്ടി ജനാധിപത്യം ഉറപ്പാക്കാൻ സഹായിക്കുമെന്നും തരൂർ ചൂണ്ടിക്കാട്ടി. സോണിയയും ഇതിനോടു യോജിച്ചു. രാഹുൽ ഗാന്ധി സ്ഥാനാർഥിയാകുന്ന സാഹചര്യത്തിൽ മാത്രമേ തരൂർ പിൻമാറുകയുള്ളൂവെന്നാണു സൂചന. അതിനിടെ, രാഹുൽ പ്രസിഡന്റാകണമെന്നാവശ്യപ്പെട്ട് ജമ്മു കശ്മീർ, മഹാരാഷ്ട്ര, തമിഴ്നാട് പിസിസികൾ കൂടി പ്രമേയം പാസാക്കി. തെലങ്കാന പിസിസി നാളെ പ്രമേയം പാസാക്കും.

എന്നാൽ, ഗാന്ധി കുടുംബമോ അവരുടെ അനുയായികളോ സ്ഥാനാർഥി ആയാൽ എതിരാളിയായി മത്സരിക്കുമെന്ന നിലപാടിലാണു മനീഷ് തിവാരി. തരൂരും തിവാരിയും തിരുത്തൽവാദി സംഘത്തിൽ (ജി 23) അംഗങ്ങളാണെങ്കിലും ഇരുവരും തമ്മിൽ ധാരണയില്ല. ഗാന്ധി കുടുംബത്തിന്റെ അനുമതിയോടെ മത്സരിക്കാനുള്ള നീക്കം തരൂർ നടത്തുമ്പോൾ, വിമതനായി കളത്തിലിറങ്ങുന്നതാണു തിവാരി പരിഗണിക്കുന്നത്. തന്റെ സ്ഥാനാർഥിത്വത്തിനു പൊതുസ്വീകാര്യത നേടാനുള്ള വഴികളും തരൂർ തേടുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് എഐസിസി ആസ്ഥാനത്തു വോട്ടർ പട്ടിക ഇന്നു മുതൽ ലഭ്യമാക്കും.

English Summary: Shashi Tharoor vs Ashok Gehlot In Race For Congress President post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com