ADVERTISEMENT

ന്യൂഡൽഹി ∙ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനു പുറമേ രാജസ്ഥാനിലെ മുഖ്യമന്ത്രി കസേരയും കോൺഗ്രസിനെ ആകാംക്ഷയിൽ നിർത്തുന്നു. പ്രസിഡന്റായാലും മുഖ്യമന്ത്രിയായി തുടരുമെന്ന സൂചന നൽകിയ അശോക് ഗെലോട്ട്, യുവ നേതാവ് സച്ചിൻ പൈലറ്റിനെ വെട്ടാനുള്ള നീക്കങ്ങൾക്കു ശക്തികൂട്ടി. ഭാരത് ജോഡോ യാത്രയ്ക്കായി സച്ചിൻ കേരളത്തിൽ പോയ വേളയിൽ, കഴിഞ്ഞ ദിവസം നിയമസഭാ കക്ഷി യോഗം വിളിച്ച ഗെലോട്ട് പ്രസിഡന്റായാലും താൻ രാജസ്ഥാനെ കൈവിടില്ലെന്നു പറഞ്ഞ് നയം വ്യക്തമാക്കി.

‘ഒരാൾക്ക് ഒരു പദവി’ ഉദയ്പുർ ചിന്തൻ ശിബിരത്തിൽ പ്രഖ്യാപിച്ചതാണെന്നും അതു പാലിക്കാൻ ഗെലോട്ട് ബാധ്യസ്ഥനാണെന്നും സച്ചിൻ പക്ഷം വാദിക്കുന്നു. പ്രസിഡന്റ്, മുഖ്യമന്ത്രി എന്നിവ തിരഞ്ഞെടുക്കപ്പെട്ട പദവികളാണെന്നും നാമനിർദേശത്തിലൂടെ ലഭിക്കുന്ന പദവികളാണ് പാർട്ടി നയത്തിന്റെ പരിധിയിൽ വരികയെന്നും ഗെലോട്ട് തിരിച്ചടിക്കുന്നു. ഗെലോട്ടിനും സച്ചിനുമിടയിൽ ഐക്യമുണ്ടാക്കി ഇത്രയും നാൾ മുന്നോട്ടു പോയ ഹൈക്കമാൻഡ് ഇനി സ്വീകരിക്കുന്ന നിലപാട് മറ്റുള്ളവരും ഉറ്റുനോക്കുന്നു.

പ്രസിഡന്റായാൽ ഗെലോട്ട് മുഖ്യമന്ത്രിയായി തുടരുന്നതിനോടു ഹൈക്കമാൻഡിനു യോജിപ്പില്ല. നാമനിർദേശ പത്രിക നൽകിയാലുടൻ മുഖ്യമന്ത്രി പദം രാജിവയ്ക്കണമെന്നാണു സച്ചിൻ പക്ഷത്തിന്റെ ആവശ്യം. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ, മുഖ്യമന്ത്രി പദം നിലനിർത്താൻ സ്വയം അനുമതി നൽകുന്ന നീക്കം ഗെലോട്ട് നടത്തുമെന്ന് അവർ സംശയിക്കുന്നു. മുഖ്യമന്ത്രിയായി അൽപനാളത്തേക്കെങ്കിലും തുടരാൻ അനുവദിക്കണമെന്ന് ഗെലോട്ട് ആവശ്യപ്പെട്ടാലും അതിനെതിരെ സച്ചിൻ പക്ഷം രംഗത്തുവരും. എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണയുണ്ടെന്നതാണു ഗെലോട്ടിന്റെ ബലം.

മുഖ്യമന്ത്രി പദം നഷ്ടമായാൽ, അതു സച്ചിനു ലഭിക്കാതിരിക്കാൻ വിശ്വസ്തരായ ശാന്തി ധരിവാൽ, പിസിസി പ്രസിഡന്റ് ഗോവിന്ദ് ദോതസര എന്നിവരുടെ പേരുകൾ ഗെലോട്ട് മുന്നോട്ടു വയ്ക്കും. മുതിർന്ന നേതാവും നിയമസഭാ സ്പീക്കറുമായ സി.പി.ജോഷിയും മുഖ്യമന്ത്രി പദത്തിനായി നീക്കമാരംഭിച്ചിട്ടുണ്ട്. 2008 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിനു തോറ്റ ജോഷിക്ക് മുഖ്യമന്ത്രി പദം തലനാരിഴയ്ക്കു നഷ്ടമായപ്പോൾ ഗെലോട്ട് ആ പദവിയിലെത്തി. 2018 ലെ തിരഞ്ഞെടുപ്പിൽ അന്നത്തെ പിസിസി പ്രസിഡന്റെന്ന നിലയിൽ പാർട്ടിയെ വിജയത്തിലേക്കു നയിച്ച സച്ചിനെ വെട്ടിയും ഗെലോട്ട് മുഖ്യമന്ത്രിയായി. ഗെലോട്ടിന്റെ തന്ത്രങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ മുൻപ് വീണു പോയ സച്ചിനും ജോഷിയും ഉയിർത്തെഴുന്നേൽപ്പിനുള്ള വഴിയാണ് ഇപ്പോൾ തേടുന്നത്.

English Summary: Congress presidential election: Ashok Gehlot movements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com