കേന്ദ്രമന്ത്രിയുടെ ബംഗ്ലാവിലെ അനധികൃതനിർമാണം പൊളിക്കണം: ഹൈക്കോടതി

PTI09_20_2022_000064B
കേന്ദ്രമന്ത്രി നാരായൺ റാണെയുടെ ജുഹുവിലെ സ്വകാര്യ ബംഗ്ലാവ്. (PTI Photo)
SHARE

മുംബൈ ∙ കേന്ദ്രമന്ത്രി നാരായൺ റാണെയുടെ സ്വകാര്യ ബംഗ്ലാവിലെ അനധികൃത നിർമാണങ്ങൾ രണ്ടാഴ്ചയ്ക്കകം പൊളിച്ചുനീക്കാൻ ഉത്തരവിട്ട ബോംബെ ഹൈക്കോടതി, മന്ത്രിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. അനധികൃത നിർമാണങ്ങൾ നിയമാനുസൃതമാക്കാൻ അനുമതി തേടിയുളള മന്ത്രിയുടെ അപേക്ഷ പരിഗണിക്കാൻ തയാറാണെന്ന് മുംബൈ കോർപറേഷൻ  അറിയിച്ചെങ്കിലും കോടതി അനുവദിച്ചില്ല. 

പച്ചയായ നിയമലംഘനങ്ങൾ നടത്താൻ മറ്റുള്ളവർക്ക് പ്രേരണയാകുമെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷൻ ബെഞ്ച്, ഉത്തരവ് നടപ്പാക്കിയതിനു ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ മുംബൈ കോർപറേഷനു നിർദേശം നൽകി. മഹാരാഷ്ട്ര സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിലാണ് മന്ത്രി രണ്ടാഴ്ചയ്ക്കകം 10 ലക്ഷം രൂപ അടയ്ക്കേണ്ടത്.

തീരദേശ നിയന്ത്രണനിയമങ്ങളും തറനിരപ്പ് വ്യവസ്ഥകളും പാടേ ലംഘിച്ച് ജുഹുവിലെ 8 നില ബംഗ്ലാവിൽ വൻതോതിലുള്ള നിർമാണമാണു നടത്തിയതെന്ന് ജസ്റ്റിസുമാരായ ആർ.‍ഡി. ധനുക, കമൽ ഖാട്ടാ എന്നിവർ വിലയിരുത്തി. 

കോർപറേഷൻ അംഗീകരിച്ച പ്ലാനിൽ തലങ്ങും വിലങ്ങും മാറ്റം വരുത്തി. അനുവദിച്ച തറനിരപ്പിന്റെ മൂന്നിരട്ടി വലുപ്പത്തിലാണ് നിർമാണം. നിശ്ചിത പ്ലോട്ടിൽ നിർമിക്കാവുന്ന കെട്ടിടത്തിന്റെ വലുപ്പം സംബന്ധിച്ച സൂചികയാണ് തറനിരപ്പ് അനുപാതം. കോർപറേഷൻ, അഗ്നിശമന വിഭാഗം, പരിസ്ഥിതി വകുപ്പ് എന്നിവയുടെ അനുമതി തേടിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.  

rane
നാരായൺ റാണെ

മുൻ മുഖ്യമന്ത്രി, ഉദ്ധവ് വിമർശകൻ

ശിവസേനാ സ്ഥാപകൻ ബാൽ താക്കറെയുടെ വലംൈക ആയിരുന്ന നാരായൺ റാണെ റവന്യു മന്ത്രിയും 1999ൽ 7 മാസം മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്നു. താക്കറെയുടെ മകൻ ഉദ്ധവ് പാർട്ടിയിൽ ഉയർന്നതിൽ പ്രതിഷേധിച്ച് 2005ൽ ശിവസേന വിട്ട് കോൺഗ്രസിൽ ചേർന്നു. രണ്ടുവട്ടം കോൺഗ്രസ്–എൻസിപി സർക്കാരിൽ മന്ത്രി. 2017ൽ കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടിയുണ്ടാക്കി. പിന്നീട് പാർട്ടി ബിജെപിയിൽ ലയിച്ചു, രാജ്യസഭാ എംപി സ്ഥാനത്തിലൂടെ കേന്ദ്ര സൂക്ഷ്മ–ചെറുകിട–ഇടത്തരം വ്യവസായ മന്ത്രിയുമായി. ഉദ്ധവിന്റെ നേതൃത്വത്തിൽ എൻസിപി–ശിവസേന–കോൺഗ്രസ് (മഹാവികാസ് അഘാഡി) സർക്കാർ മഹാരാഷ്ട്ര ഭരിച്ചിരുന്നപ്പോൾ റാണെയുമായി പോര് പതിവായിരുന്നു. ഉദ്ധവിന്റെ മുഖത്തടിക്കുമെന്ന് പറഞ്ഞതിനെ തുടർന്ന് റാണെയെ അറസ്റ്റ് ചെയ്തതും വലിയ വാർത്തയായി. മുംബൈ കോർപറേഷൻ ശിവസേനയാണു ഭരിക്കുന്നത്.

English Summary: Demolish illegal portions of Union minister Narayan Rane's Juhu bungalow: Bombay high court 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}