ADVERTISEMENT

ചെന്നൈ ∙  മുപ്പത് മലയാളികൾ അടക്കം 300 ഇന്ത്യക്കാരെ മ്യാൻമറിൽ തടങ്കലിൽ പാർപ്പിച്ച് നിർബന്ധപൂർവം സൈബർ കുറ്റങ്ങൾ ചെയ്യിക്കുന്നതായും വിസമ്മതിച്ചാൽ ക്രൂരമായി ഉപദ്രവിക്കുന്നതായുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. തായ്‌ലൻഡിൽ ഡേറ്റ എൻട്രി ജോലിക്കെന്ന പേരിൽ റിക്രൂട്ട് ചെയ്ത ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം, പാലക്കാട് സ്വദേശികൾ ഉൾപ്പെടെയുള്ളവരാണ് കുറ്റവാളികളുടെ സംഘം തട്ടിക്കൊണ്ടുപോയി റോഡ് മാർഗം മ്യാൻമറിൽ എത്തിച്ചത്. 

തോക്കേന്തിയ ഗുണ്ടാസംഘത്തിന്റെ തടവിൽ കഴിയുന്നവരുടെ ദൃശ്യങ്ങൾ പുറത്തുവന്നയുടൻ തന്നെ മ്യാൻമറിലെ ഇന്ത്യൻ എംബസി രക്ഷാശ്രമം തുടങ്ങിയതായും ഇതിനകം 30 പേരെ രക്ഷപ്പെടുത്തിയതായും വിദേശ കാര്യമന്ത്രാലയം അറിയിച്ചു. 

മ്യാൻമർ സർക്കാരിനു കാര്യമായ നിയന്ത്രണില്ലാത്ത  ഗോത്ര പ്രദേശമായ മ്യാവാഡിയിലെ ഐടി സ്ഥാപനങ്ങളിലെത്തിച്ചാണ് സൈബർ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത്. വിദേശ രാജ്യങ്ങളിലുള്ളവരുമായി സമൂഹമാധ്യമങ്ങളിലൂടെ ചാറ്റ് ചെയ്ത് ഹാക്കിങ്ങിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുക. ഫോൺ സെക്സിനായി ആളുകളെ കണ്ടെത്തുക. പെൺവാണിഭ കേന്ദ്രങ്ങൾക്ക് കോൾ സെന്ററുകളായി പ്രവർത്തിക്കുക  തുടങ്ങിയ ജോലികളാണു ചെയ്യിക്കുന്നത്. 

നാട്ടിലേക്കു ഫോൺ ചെയ്യാനോ അസുഖമുണ്ടായാൽ പോലും അവധിയെടുക്കാനോ സമ്മതിക്കില്ല. പറയുന്ന കാര്യം ചെയ്തില്ലെങ്കിൽ ഇലക്ട്രിക് ലാത്തിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ചു ക്രൂരമായി മർദിക്കും. തടങ്കലിൽ കഴിയുന്നവരുടെ തലപൊട്ടിയതിന്റെയും ചെവി തകർന്നതിന്റെയുമെല്ലാം ദൃശ്യങ്ങളടക്കമാണു വിഡിയോ പുറത്തുവന്നത്.  മലേഷ്യൻ, ചൈനീസ് പൗരൻമാരുടേതാണ് ഐടി സ്ഥാപനങ്ങളെന്നാണു പുറത്തുവരുന്ന വിവരം. 

 

English Summary: Indian youths abducted in Myanmar by militant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com