ബാറ്റ് കൊടുക്കാൻ ഹൈക്കമാൻഡ്; എറിഞ്ഞിടാൻ ഗെലോട്ട് !

Sachin Pilot | Ashok Gehlot (Photo by CHANDAN KHANNA / AFP)
സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും. (Photo by CHANDAN KHANNA / AFP)
SHARE

ന്യൂഡൽഹി ∙ കോൺഗ്രസ് പ്രസിഡന്റായാൽ തന്റെ പിൻഗാമിയായി സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയാകുന്നതു തടയാനുള്ള നീക്കങ്ങൾ അശോക് ഗെലോട്ട് നടത്തിയേക്കും. ഏതാനും ആഴ്ച മുൻപ് പ്രസിഡന്റ് സ്ഥാനത്തേക്കു തന്റെ പേരുയർന്നതിനു പിന്നാലെ അതിനുള്ള അണിയറ നീക്കങ്ങൾക്കു ഗെലോട്ട് തുടക്കമിട്ടിരുന്നു. പ്രസിഡന്റാകാൻ താൽപര്യമില്ലെന്ന പ്രതീതി സൃഷ്ടിക്കുകയായിരുന്നു അതിലെ ആദ്യ പടി. രാഹുൽ തന്നെ വീണ്ടും പ്രസിഡന്റാകണമെന്ന് ഏറ്റവുമാദ്യം പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.

രാഹുൽ വഴങ്ങാത്തതിനാൽ സോണിയ ഗാന്ധിയുടെയും പാർട്ടിയുടെയും നിർബന്ധം മാനിച്ച് പ്രസിഡന്റ് പദം ഏറ്റെടുക്കുന്നുവെന്ന രീതിയിലേക്കു പിന്നീട് കാര്യങ്ങളെത്തിച്ചു. പാർട്ടിക്കു വേണ്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയെന്ന ‘ത്യാഗ’ത്തിനു തയാറാവുമ്പോൾ മുഖ്യമന്ത്രിയായി തുടരാനുള്ള അനുമതിയോ താൻ പറയുന്നയാളെ മുഖ്യമന്ത്രിയാക്കുകയോ ചെയ്യുകയെന്ന ആവശ്യം ഹൈക്കമാൻഡിനു മുന്നിൽ വച്ചു. വിലപേശൽ ആയി തോന്നിപ്പിക്കാതെ പാർട്ടിയുടെ വിധേയനെന്ന നിലയിലുള്ള ന്യായമായ ആവശ്യമായി ഇക്കാര്യം അവതരിപ്പിക്കാനും ജാഗ്രത കാട്ടി. തിരഞ്ഞെടുക്കപ്പെടുന്ന പദവികളായതിനാൽ പ്രസിഡന്റ്, മുഖ്യമന്ത്രി പദങ്ങൾ ഒരുമിച്ചു വഹിക്കുന്നത് ‘ഒരാൾക്ക് ഒരു പദവി’ നയത്തിന്റെ പരിധിയിൽ വരില്ലെന്ന് സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗെലോട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ഇരട്ടപ്പദവി പറ്റില്ലെന്നു രാഹുൽ വ്യക്തമാക്കിയതോടെ, ആ നീക്കം വഴിമുട്ടി. മുഖ്യമന്ത്രി പദത്തിൽ സച്ചിൻ എത്തുന്നതു തടയുകയാവും ഇനി ഗെലോട്ടിന്റെ ലക്ഷ്യം. ഭൂരിപക്ഷം എംഎൽഎമാരെയും അണിനിരത്തി മുഖ്യമന്ത്രിയായി സച്ചിനെ വേണ്ടെന്നു പറയിപ്പിക്കാനും അദ്ദേഹം മടിച്ചേക്കില്ല. ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ളയാളെയാണു മുഖ്യമന്ത്രിയാക്കുക എന്നതാണു കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടെങ്കിലും പഞ്ചാബിൽ ചരൺജിത് സിങ് ഛന്നിയുടെ കാര്യത്തിൽ ഹൈക്കമാൻ‍ഡ് അതു പാലിച്ചിരുന്നില്ല. അതേ നിലപാട് രാജസ്ഥാനിലും തുടർന്നാൽ, എംഎൽഎമാരുടെ പിന്തുണ അവഗണിച്ച് മുഖ്യമന്ത്രി പദത്തിലെത്താൻ സച്ചിനു വഴിതെളിയും. അതേസമയം, താൻ പ്രസിഡന്റ് ആകുന്ന പാർട്ടി നിലപാടിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന വാദം ഗെലോട്ട് ഉന്നയിച്ചാൽ സച്ചിനു വെല്ലുവിളിയാകും. 2018 ൽ രാജസ്ഥാനിൽ ഭരണം പിടിക്കാൻ മുന്നിൽനിന്ന സച്ചിന് ഏതാനും നാളത്തേക്കെങ്കിലും മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന ആഗ്രഹം ഗാന്ധി കുടുംബത്തിനുണ്ട്.

സച്ചിൻ വന്നാൽ, ഇനിയൊരിക്കലും മുഖ്യമന്ത്രിയാകാനുള്ള അവസരം ലഭിക്കില്ലെന്നാണു ഗെലോട്ടിന്റെ ആശങ്ക. ബിജെപിയും കോൺഗ്രസും മാറിമാറി ഭരിക്കുന്ന രാജസ്ഥാനി‍ൽ അടുത്ത വർഷം ബിജെപി അധികാരത്തിലെത്തിയാലും 2028 ൽ വീണ്ടും ഭരണം പിടിക്കാമെന്ന് 73 വയസ്സുകാരനായ ഗെലോട്ട് കണക്കുകൂട്ടുന്നു. 45 വയസ്സുള്ള സച്ചിൻ ഇപ്പോൾ മുഖ്യമന്ത്രിയായാൽ, 2028 ലും അദ്ദേഹത്തിനു മുൻഗണന കിട്ടും.

English Summary: Ashok Gehlot ready to quit CM seat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}