ADVERTISEMENT

ചെന്നൈ/ ന്യൂഡൽഹി/ കൊല്ലം∙ 30 മലയാളികൾ ഉൾപ്പെടെ 300 ഇന്ത്യക്കാരെ മ്യാൻമറിലേക്കു തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അടിയന്തര നടപടികളുമായി കേന്ദ്രസർക്കാർ. 

തടങ്കലിൽ കഴിയുന്നവരെ എത്രയും വേഗം രക്ഷിക്കാൻ വേണ്ട നടപടിയെടുക്കാൻ ഇന്ത്യൻ എംബസി അധികൃതർക്കു നിർദേശം നൽകിയതായി ജിബൂത്തിയിൽ സന്ദർശനം നടത്തുന്ന വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. 

തായ്‌ലൻഡിലേക്കു ഡേറ്റാ എൻട്രി ജോലിക്കു പോയ വനിതകൾ ഉൾപ്പെടെയുള്ളവരെയാണു സായുധ സംഘം മ്യാൻമറിലേക്കു തട്ടിക്കൊണ്ടുപോയത്. മലയാളി സംഘത്തെ ഇക്കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിൽ നിന്നാണു തായ്‍ലൻഡിലേക്ക് കൊണ്ടുപോയത്. ദുബായിലേക്കു വീസ ശരിയാക്കാമെന്നു പറഞ്ഞാണു ഏജന്റുമാരുടെ സംഘം പലരെയും സമീപിച്ചത്. 

പിന്നീട് മികച്ച ശമ്പളവും സൗജന്യ താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമായി മ്യാൻമറിലേക്കു വീസ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. തായ്‌ലൻഡ് വഴി മ്യാൻമറിലെത്തിയപ്പോൾ കയ്യും കണ്ണും കെട്ടി പ്രത്യേക വാഹനത്തിൽ കാടും മലകളും കടന്ന് അതിർത്തി പ്രദേശമായ മ്യാവാഡിയിൽ എത്തിച്ചെന്ന് സംഘത്തിലെ കൊല്ലം സ്വദേശി ബന്ധുക്കൾക്ക് അയച്ച ശബ്ദസന്ദേശത്തിൽ പറഞ്ഞു. നാട്ടിൽ വിവരമറിയിക്കും എന്നു സംശയിച്ചവരുടെ ഫോണുകൾ ഗുണ്ടാസംഘം പിടിച്ചുവാങ്ങിയിരിക്കുകയാണ്.  5 ലക്ഷം രൂപ വീതം കൊടുത്തില്ലെങ്കിൽ വിട്ടയയ്ക്കില്ലെന്നാണു ഭീഷണി.  

ഇന്ത്യക്കാരെ തടങ്കലിൽ പാർപ്പിച്ചു സൈബർ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നെന്ന മനോരമ വാർത്തയ്ക്കു പിന്നാലെയാണു വിദേശകാര്യമന്ത്രാലയം നടപടികൾ തുടങ്ങിയത്.

 

English Summary: Indians in Myanmar cyber crime gang government take action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com