ADVERTISEMENT

ന്യൂഡൽഹി ∙ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലെ നടപടികൾ 27 മുതൽ പൊതുജനങ്ങൾക്കു തത്സമയം കാണാം. വെബ്സൈറ്റിൽ ഇതിനായി പ്രത്യേക ലിങ്ക് സജ്ജമാകും. പൗരത്വ നിയമഭേദഗതി, കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞത് ഉൾപ്പെടെ പ്രധാന കേസുകൾ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കെയാണു സുപ്രധാന തീരുമാനം.

നിലവിൽ, അതതു കേസുമായി ബന്ധപ്പെട്ട അഭിഭാഷകർക്കും കക്ഷികൾക്കും മാധ്യമപ്രവർത്തകർക്കും വിഡിയോ കോൺഫറൻസ് ലിങ്ക് വഴിയാണ് കോടതി നടപടികൾ കാണാനാകുന്നത്. തുടക്കമെന്ന നിലയിൽ ഭരണഘടനാ ബെഞ്ചിലെ നടപടികൾ പൂർണമായി പൊതുജനങ്ങൾക്കു ലഭ്യമാക്കുകയാണ് ലക്ഷ്യം. പിന്നാലെ, കോടതി നടപടികൾ മുഴുവൻ ജനങ്ങൾക്ക് കാണാനാകുംവിധം സൗകര്യമൊരുങ്ങും. മുൻ ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ കോടതിയിലെ അവസാന പ്രവൃത്തിദിനം ലൈവ് സ്ട്രീമിങ് അനുവദിച്ചിരുന്നു.

വിധിന്യായങ്ങൾ വെബ്സൈറ്റിൽ

1950 മുതൽ ഇന്നോളം സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായങ്ങൾ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെ എളുപ്പത്തിൽ ലഭ്യമാകുംവിധം പരിഷ്കാരം വൈകാതെ വരും. കെട്ടിക്കിടക്കുന്ന കേസുകൾ, തീർപ്പായവ തുടങ്ങിയ സ്ഥിതിവിവര കണക്കുകൾ അടങ്ങിയ നാഷനൽ ജുഡീഷ്യൽ ഡേറ്റ ഗ്രിഡിലേക്കു വിധിന്യായങ്ങളും ലഭ്യമാക്കാൻ തീരുമാനമായി. നാഷനൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ നേതൃത്വത്തിൽ ഇതിനുള്ള പദ്ധതി പുരോഗമിക്കുകയാണ്.

 

English Summary: Livestreaming of Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com