ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടു വ്യാജ വിവരങ്ങൾ തയാറാക്കി നൽകി എന്ന കേസിൽ സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ്, മുൻ ഗുജറാത്ത് എഡിജിപിയും മലയാളിയുമായ ആർ.ബി.ശ്രീകുമാർ, മു‍ൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് എന്നിവർക്കെതിരെ പ്രത്യേക അന്വേഷണം സംഘം കുറ്റപത്രം സമർപ്പിച്ചു.

ഗുജറാത്ത് കലാപത്തിലെ ഗുൽബർഗ് കൂട്ടക്കൊലക്കേസിൽ നരേന്ദ്ര മോദി അടക്കം 64 പേർക്കു ക്ലീൻചിറ്റ് നൽകിയ പ്രത്യേക അന്വേഷണസംഘത്തിന് (എസ്ഐടി) എതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് ജൂൺ 26ന് ടീസ്റ്റയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. സഞ്ജീവ് ഭട്ട് മറ്റൊരു കേസിൽ ജയിലിലാണ്. വിഷയം സജീവമായി നിലനിർത്താൻ ടീസ്റ്റയും ശ്രീകുമാറും ശ്രമിച്ചുവെന്നു സുപ്രീം കോടതി വിധിയിൽ വിമർശനമുണ്ടായിരുന്നു. ടീസ്റ്റയ്ക്കു ഈ മാസം രണ്ടിന് ഇടക്കാല ജാമ്യം ലഭിച്ചു. ശ്രീകുമാർ ജയിലിലാണ്.

അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് എം.വി ചൗഹാനു സമർപ്പിച്ച കുറ്റപത്രം 6300 പേജുണ്ട്. മുൻ ഐപിഎസ് ഉദ്യോഗസ്ഥനും അഭിഭാഷകനുമായ രാഹുൽ ശർമ, കോൺഗ്രസ് രാജ്യസഭ എംപി ശക്തിസിങ് ഗോഹിൽ എന്നിവരടക്കം 90 സാക്ഷികളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ബി.വി സോളങ്കി അറിയിച്ചു.

അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചതോടെ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനുള്ള സാധ്യത ഇല്ലാതായി.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടു നിരപരാധികളെ കുടുക്കുക എന്ന ലക്ഷ്യത്തോടെ ചമച്ച വ്യാജ വിവരങ്ങൾ കോടതിയിലും അന്വേഷണ സംഘങ്ങൾക്കു മുൻപിലും നൽകിയെന്നാണു കേസ്.

 

 

English Summary: Gujarat Riots: SIT Files Chargesheet Against Teesta, Sreekumar, Ex-IPS Bhatt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com