ഗെലോട്ട് വഴങ്ങി; മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞേക്കും

gehlot-sachin-tharoor
അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്, ശശി തരൂർ.
SHARE

ന്യൂഡൽഹി ∙ ഇരട്ടപ്പദവി അനുവദിക്കില്ലെന്നു രാഹുൽ ഗാന്ധിയും ഹൈക്കമാൻഡും ഉറച്ച നിലപാടെടുത്തതോടെ, കോൺഗ്രസ് പ്രസിഡന്റ് സ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രി പദവും ഒന്നിച്ചു വഹിക്കാനുള്ള അശോക് ഗെലോട്ടിന്റെ നീക്കം പാളി. 

പ്രസിഡന്റ് സ്ഥാനത്തുള്ളയാൾ മുഖ്യമന്ത്രി പദവും വഹിച്ച ചരിത്രമില്ലെന്നും പ്രസിഡന്റായാൽ ആ പദവി വഹിക്കുമെന്നും രാഹുലുമായി കേരളത്തിൽ കൂടിക്കാഴ്ച നടത്തിയ ശേഷം ഗെലോട്ട് വ്യക്തമാക്കിയതോടെ, ഇക്കാര്യത്തിൽ കോൺഗ്രസിലുണ്ടായിരുന്ന അനിശ്ചിതത്വത്തിനു വിരാമമായി. 

രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിനായി ഇത്രയും നാൾ ക്ഷമയോടെ കാത്തിരുന്ന യുവ നേതാവ് സച്ചിൻ പൈലറ്റിന് ഇനി അവസരം നൽകാമെന്നും അതിനു തടസ്സം നിൽക്കരുതെന്നും രാഹുൽ ഗെലോട്ടിനെ അറിയിച്ചതായാണു സൂചന. ഇതിനോടു ഗെലോട്ട് പൂർണമായി യോജിച്ചിട്ടില്ല.

മുഖ്യമന്ത്രിപദം നിലനിർത്താനുള്ള അവസാന ശ്രമമെന്ന നിലയിൽ പ്രസിഡന്റാകാനില്ലെന്ന് ഗെലോട്ട് വരും ദിവസങ്ങളിൽ തീരുമാനിച്ചാൽ ശശി തരൂരിനെതിരെ ദിഗ്‍വിജയ് സിങ്ങിനെ മത്സരിപ്പിക്കുന്നതും തള്ളിക്കളയാനാവില്ലെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, താൻ മത്സരിക്കില്ലെന്നു ദിഗ്‍വിജയ് സിങ് ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു.

മുഖ്യമന്ത്രി പദത്തിലേക്ക് ‘ഒരാൾക്ക് ഒരു പദവി’ നയം ഉദയ്പുർ ചിന്തൻ ശിബിരത്തിൽ കോൺഗ്രസ് എടുത്ത പ്രതിജ്ഞയാണെന്നും അതു പാലിക്കപ്പെടുമെന്നാണു പ്രതീക്ഷയെന്നും ഉച്ചയ്ക്കു കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു. 

തിരഞ്ഞെടുക്കപ്പെട്ട പദവികളായതിനാൽ പ്രസിഡന്റ്, മുഖ്യമന്ത്രി പദങ്ങൾ ഒന്നിച്ചു വഹിക്കാമെന്ന് ആവർത്തിച്ച്്, രാജസ്ഥാൻ വിഷയത്തിൽ തീരുമാനമുണ്ടാക്കാൻ ഗെലോട്ട് കേരളത്തിലെത്തിയ ദിവസം തന്നെ രാഹുൽ നിലപാട് വ്യക്തമാക്കിയത് അദ്ദേഹത്തിനുള്ള വ്യക്തമായ സന്ദേശമായി. തുടർന്നു നടത്തിയ ചർച്ചയിലാണ് പ്രസിഡന്റാവുകയാണെങ്കിൽ മുഖ്യമന്ത്രി പദമൊഴിയാൻ ഗെലോട്ട് സമ്മതമറിയിച്ചത്.

താൻ മുഖ്യമന്ത്രിയാകുന്നതു തടയാൻ വിശ്വസ്തരിലൊരാളെ ആ പദവിയിൽ പ്രതിഷ്ഠിക്കാൻ ഗെലോട്ട് ശ്രമമാരംഭിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ സച്ചിൻ രാഹുലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗെലോട്ട് ഒഴിഞ്ഞാൽ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം രാഹുൽ നൽകിയതായാണു വിവരം. ഒരാൾക്കു 2 പദവി വഹിക്കാനാകില്ലെന്ന് സച്ചിനും അതു ശരിവച്ച് രാഹുലും പിന്നാലെ പരസ്യ പ്രതികരണം നടത്തിയതും ഇരട്ടപ്പദവിക്കായുള്ള ഗെലോട്ടിന്റെ നീക്കങ്ങൾക്കു തിരിച്ചടിയായി.

തിരഞ്ഞെടുപ്പ് വിജ്ഞാപനമായി

പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം കോൺഗ്രസ് ഇറക്കി. ഒൻപതിനായിരത്തിലധികമുള്ള പിസിസി പ്രതിനിധികൾ ഒക്ടോബർ 17ന് സ്വന്തം സംസ്ഥാനങ്ങളിലെ പിസിസി ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തും; 19ന് എഐസിസി ആസ്ഥാനത്തു വോട്ടെണ്ണും. 

നാളെ മുതൽ 30 വരെ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാം. 26നു ഗെലോട്ട് പത്രിക സമർപ്പിച്ചേക്കും. 

ഇതിനു മുൻപ് 2001 ലാണു പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുപ്പ് നടന്നത്. അന്ന് 7448 വോട്ടു നേടി സോണിയ ഗാന്ധി വിജയിച്ചു. എതിരാളിയായ ജിതേന്ദ്ര പ്രസാദയ്ക്ക് 94 വോട്ടാണു ലഭിച്ചത്.

English Summary: Ashok Gehlot ready to contest Congress president election

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}