മ്യാൻമറിൽ തടങ്കലിലുള്ളവരെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ശ്രമം

Representative image.
Representative image. Photo By: kittirat roekburi/shutterstock
SHARE

ചെന്നൈ ∙ സൈബർ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കാനായി 300 പേരെ മ്യാൻമറിലേക്കു തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കേന്ദ്രസർക്കാർ രക്ഷാനടപടി ആരംഭിച്ചതോടെ, ഇവരെ രഹസ്യകേന്ദ്രങ്ങളിലേക്കു മാറ്റാൻ നീക്കം തുടങ്ങിയെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച പുതിയ സ്ഥലത്തേക്കു  മാറണമെന്നു നിർദേശം ലഭിച്ചതായി തടവിലാക്കപ്പെട്ട സംഘത്തിലെ മലയാളികൾ വെളിപ്പെടുത്തി. 

അതിനിടെ, ഒരു ആലപ്പുഴ സ്വദേശി തിരികെ നാട്ടിലെത്തിയെന്നും തടങ്കലിൽനിന്നു രക്ഷപ്പെട്ട മലയാളികൾ അടക്കമുള്ള മറ്റു 4 പേരെ മതിയായ രേഖകളില്ലാത്തതിനാൽ തായ്‌ലൻഡിലെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നുമുള്ള വിവരവും പുറത്തു വന്നിട്ടുണ്ട്.  

തായ്‌ലൻഡിലും മലേഷ്യയിലും ഡേറ്റ എൻട്രി ജോലി നൽകാമെന്നു വിശ്വസിപ്പിച്ചാണു 30 മലയാളികൾ അടക്കം 300 ഇന്ത്യക്കാരെ മ്യാൻമറിലേക്കു കടത്തിയത്. തായ്‌ലൻഡിൽനിന്ന് സായുധ സംഘം തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് സൈബർ കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്ന വിവരം കഴിഞ്ഞദിവസമാണു പുറം ലോകമറിഞ്ഞത്. 

ഇന്ത്യൻ സർക്കാർ പ്രശ്നത്തിൽ ഇടപെട്ടതോടെ ഗുണ്ടകൾ നിയന്ത്രണം കടുപ്പിച്ചെന്നും ഫോൺ ഉപയോഗം പൂർണമായി വിലക്കുകയും മർദിക്കുകയും ചെയ്തെന്നും തടങ്കലിലുള്ളവർ പറയുന്നു. 

വീസയ്ക്കായി ഒന്നര ലക്ഷം മുതൽ 3 ലക്ഷം വരെ രൂപ വരെയാണു പലരും നൽകിയത്. ആലപ്പുഴയിൽ നിന്നുള്ള 3 പേർ ചെന്നൈ കുംഭകോണത്തെ ജിജെഎൻ എക്സ്‌പോർട്ട് ആൻഡ് ഇംപോർട് എന്ന സ്ഥാപനത്തിനു പണം കൈമാറിയതിന്റെ തെളിവുകൾ പുറത്തുവന്നു. 

എന്നാൽ തായ്‌ലൻഡിലെ ഏജന്റ് ചതിച്ചതാണെന്നും സ്വന്തം പണം മുടക്കി ഇവരെ തിരിച്ചുകൊണ്ടുവരാൻ തയാറാണെന്നും സ്ഥാപന ഉടമ മനോരമയോടു പറഞ്ഞു.

രക്ഷിച്ചത് 32 പേരെ; അൻപതോളം പേരുമായി ബന്ധപ്പെട്ടു

ന്യൂഡൽഹി ∙ മ്യാൻമറിലെ മ്യാവഡി എന്ന സ്ഥലത്തേക്കു തട്ടിക്കൊണ്ടുപോയ 32 പേരെ രക്ഷിച്ചെന്നും എത്രപേരാണ് അവിടെ കുടുങ്ങിയിരിക്കുന്നതെന്ന് ഇപ്പോൾ കൃത്യമായി പറയാൻ ആകില്ലെന്നും വിദേശകാര്യ വക്താവ് അരിന്ദം ഭാഗ്ചി അറിയിച്ചു. അൻപതോളം പേരുമായി ഇന്ത്യൻ എംബസി ബന്ധപ്പെട്ടിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ല. രക്ഷാശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ്. 

താ‌യ്‌ലൻഡിൽ ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ സൗകര്യം ഉണ്ട്. എന്നാൽ ഇതിൽ തൊഴിൽവീസകളുൾപ്പെടില്ലെന്നും ഇത്തരം വാഗ്ദാനങ്ങൾ വരുമ്പോൾ വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തായ്‌ലൻഡ്, മ്യാൻമർ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികൾ ഇക്കാര്യത്തിൽ നേരത്തേ മുന്നറിയിപ്പുകൾ നൽകിയിരുന്നു. 

ലണ്ടനിൽ ചിലയിടങ്ങളിൽ ഇന്ത്യക്കാർക്കു നേരെ നടന്ന അക്രമങ്ങളെക്കുറിച്ച് ബ്രിട്ടനെ അറിയിച്ചിട്ടുണ്ട്. വേണ്ട നടപടികളെടുക്കും. കാനഡയിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ ഹിതപരിശോധനയിലുള്ള പ്രതിഷേധം അറിയിക്കുകയും നടപടി തേടുകയും ചെയ്തിട്ടുണ്ടെന്നും ഭാഗ്ചി പറഞ്ഞു.

English Summary: Indians abducted in Myanmar updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}