‘കോൺഗ്രസും ഇടതുമില്ലാതെ പ്രതിപക്ഷമുന്നണി വിഭാവനം ചെയ്യാനാവില്ല; മൂന്നാം മുന്നണിയില്ല’

PTI09_25_2022_000204A
ഹരിയാനയിലെ ഫത്തേഹബാദിൽ ഇന്ത്യൻ നാഷനൽ ലോക്ദൾ (ഐഎൻഎൽഡി) നടത്തിയ റാലിയിൽ അണിനിരന്ന പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളായ, സുഖ്ബീർ സിങ് ബാദൽ (ശിരോമണി അകാലിദൾ), സീതാറാം യച്ചൂരി (സിപിഎം), ശരദ് പവാർ (എൻസിപി), ഓം പ്രകാശ് ചൗട്ടാല (ഐഎൻഎൽഡി‌), ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ (ജെഡിയു), ഉപമുഖ്യമന്ത്രി തേജസ്വി യാദവ് (ആർജെഡി) തുടങ്ങിയവർ. ചിത്രം:പിടിഐ
SHARE

ഫത്തേഹബാദ് (ഹരിയാന) ∙ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടുന്ന സംയുക്ത പ്രതിപക്ഷമുന്നണി വേണമെന്നു ബിഹാർ മുഖ്യമന്ത്രിയും ജെഡി(യു) നേതാവുമായി നിതീഷ് കുമാർ ആഹ്വാനം ചെയ്തു. കോൺഗ്രസും ഇടതുപക്ഷവുമില്ലാതെ ഒരു പ്രതിപക്ഷ മുന്നണി വിഭാവനം ചെയ്യാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ നാഷനൽ ലോക്ദളിന്റെ (ഐഎൻഎൽഡി) നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ ആയിരുന്നു നിതീഷിന്റെ ആഹ്വാനം. ഹരിയാനയിൽ തങ്ങളുടെ രാഷ്ട്രീയ എതിരാളിയായ കോൺഗ്രസിനെ ഐഎൻഎൽഡി ക്ഷണിച്ചിരുന്നില്ല. 

കോൺഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപീകരിക്കാനായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ശ്രമം നടത്തുന്നതിനിടെയാണ് നിതീഷ് തന്റെ വിയോജിപ്പ് റാലിയിൽ രേഖപ്പെടുത്തിയതെന്നതും ശ്രദ്ധേയം. മഹാസഖ്യ സർക്കാരുണ്ടാക്കാൻ ബിഹാറിൽ രൂപീകരിച്ച ഐക്യം ദേശീയതലത്തിൽ വ്യാപിപ്പിക്കുകയാണു നിതീഷിന്റെ ലക്ഷ്യം.

മൂന്നാം മുന്നണിയെന്ന വിഷയമേ ഉദിക്കുന്നില്ലെന്നും നിതീഷ് പറഞ്ഞു. കോൺഗ്രസ് അടക്കമുള്ള ഒറ്റ പ്രതിപക്ഷ മുന്നണിയുണ്ടെങ്കിൽ 2024ൽ ബിജെപിയെ ജയിക്കാം. താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നയാളല്ലെന്നും നിതീഷ് പറഞ്ഞു.

രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒന്നിക്കണമെന്നും, മോദി സർക്കാരിനെ താഴെ ഇറക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. രാജ്യത്തിന്റെ അമൃത് മോഷ്ടിച്ച അസുരന്മാരാണ് ബിജെപിയെന്നാണ് യച്ചൂരി വിമർശിച്ചത്. 2024ൽ ഭരണമാറ്റം ഉറപ്പാക്കാൻ എല്ലാവരും പ്രവർത്തിക്കേണ്ട സമയമാണിതെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ ആഹ്വാനം ചെയ്തു.

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണ് ജെഡി(യു) , ശിരോമണി അകാലിദൾ , ശിവസേന എന്നിവ എൻഡിഎ വിട്ടതെന്നു ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് (ആർജെഡി) ചൂണ്ടിക്കാട്ടി. ഐഎൻഎൽഡി നേതാവ് ഓംപ്രകാശ് ചൗട്ടാല, ശിവസേനയുടെ അരവിന്ദ് സാവന്ത് എന്നിവരും റാലിയിൽ പങ്കെടുത്തു.

സോണിയയെ സന്ദർശിച്ച് നിതീഷ്, ലാലു

ന്യൂഡൽഹി∙ പ്രതിപക്ഷ ഐക്യനീക്കങ്ങൾക്കു മുൻകയ്യെടുക്കണമെന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഹരിയാനയിലെ പ്രതിപക്ഷ റാലിക്കുശേഷമാണ് സന്ദർശനം. ബിജെപി കൂട്ടുകെട്ട് അവസാനിപ്പിച്ചശേഷം ആദ്യമായാണു നിതീഷ് സോണിയയെ സന്ദർശിക്കുന്നത്.

English Summary: INLD opposition party rally

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}