ADVERTISEMENT

ന്യൂഡൽഹി /കൊച്ചി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ വെളിപ്പെടുത്തി. കേരളത്തിൽനിന്നു കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷെഫീഖ് പായത്തിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ലക്നൗ കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്. ഷെഫീഖിനെ ഒക്ടോബർ 3 വരെ കോടതി ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു.

കഴിഞ്ഞ ജൂലൈ 12നു ബിഹാറിലെ പട്നയിൽ മോദി നടത്തിയ സന്ദർശനത്തിനിടെയാണ് ആക്രമിക്കാൻ ലക്ഷ്യമിട്ടതെന്നു ഷെഫീഖ് സമ്മതിച്ചതായി ഇഡി വ്യക്തമാക്കി. ഇതിനായി സംഘടിപ്പിച്ച ആയുധപരിശീലന ക്യാംപിൽ ഷെഫീഖ് പങ്കെടുത്തു. യുപിയിലെ പ്രധാന നേതാക്കളെയും ആക്രമിക്കാൻ പദ്ധതിയിട്ടു.

മുൻപു ഖത്തറിൽ താമസിച്ചിരുന്ന ഷെഫീഖ് തന്റെ എൻആർഐ അക്കൗണ്ട് വഴി ഇന്ത്യയിലേക്ക് അയച്ച പണം പിന്നീട് പോപ്പുലർ ഫ്രണ്ടിന് എത്തിച്ചു. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നും ശേഖരിച്ച 120 കോടിയോളം രൂപ ഇത്തരത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ വിവിധ അക്കൗണ്ടുകളിലേക്കു മാറ്റി. അജ്ഞാതരായ ആളുകൾ ലക്ഷക്കണക്കിനു രൂപ കൈമാറി. സംഘടനയുമായി ബന്ധപ്പെട്ട മൂവായിരത്തിലധികം അക്കൗണ്ടുകളാണ് ഇഡി പരിശോധിക്കുന്നത്. പണം നൽകിയവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

ഷെഫീഖിന്റെ വസതിയിൽ ഇഡി കഴിഞ്ഞ വർഷം റെയ്ഡ് നടത്തിയിരുന്നു. രാജ്യത്തു തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനും കലാപമുണ്ടാക്കാനും ലക്ഷ്യമിട്ടാണു പണം ശേഖരിച്ചതെന്ന് ഇഡി ബോധിപ്പിച്ചു.

2020 ലെ ഡൽഹി കലാപം, യുപി ഹത്രസിൽ പീഡനത്തിനിരയായ ദലിത് പെൺകുട്ടിയുടെ വീട്ടിലേക്കു നടത്തിയ സന്ദർശനം, ആയുധ ശേഖരണം, തീവ്രവാദ സംഘങ്ങളുടെ രൂപീകരണം എന്നിവ അടക്കം സംഘർഷാന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ സംഘടന നടത്തിയെന്നും ഇഡി കോടതിയിൽ ആരോപിച്ചു. ഷെഫീഖ് ഉൾപ്പെടെ 4 പേരെയാണു കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്തത്. ഡൽഹിയിൽനിന്ന് അറസ്റ്റിലായ മറ്റു 3 പേരെ ഡൽഹി കോടതി 7 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

അതേസമയം, കഴിഞ്ഞ ദിവസം കേരളത്തിൽ റിമാൻഡിലായ 11 പോപ്പുലർ ഫ്രണ്ട് നേതാക്കളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കൊച്ചി പ്രത്യേക കോടതി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യുടെ കസ്റ്റഡിയിൽ വിട്ടു. ഹാജരാക്കിയപ്പോൾ മുദ്രാവാക്യം വിളിച്ചതിനു കോടതി പ്രതികളെ താക്കീതു ചെയ്തു. 30നു രാവിലെ 11 വരെയാണു ഇവരെ കസ്റ്റഡിയിൽ വിട്ടത്.

 

ഹർത്താൽ അക്രമം: 829 പേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം ∙ പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താൽ അക്രമത്തോടനുബന്ധിച്ച് 829 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കഴി‍ഞ്ഞ ദിവസം 238 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 1067  ആയി. 

 

English Summary: PFI was planning to target PM Modi ED

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com