പാർട്ടി പൊട്ടിയാലെന്ത്? പദവി തന്നെ മുഖ്യം; അമർഷത്തിൽ ഹൈക്കമാൻഡ്, നിരാശനായി സച്ചിൻ

ashok-gehlot-and-sachin-pilot
അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്
SHARE

ന്യൂഡൽഹി ∙ സച്ചിൻ പൈലറ്റിനെ ഉന്നമിട്ടുള്ള രാഷ്ട്രീയപ്പോരിൽ കോൺഗ്രസ് ഹൈക്കമാൻഡിനെയും ഗാന്ധി കുടുംബത്തെയും വരെ വെല്ലുവിളിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പാർട്ടിയിൽ ഗാന്ധി കുടുംബത്തിനുള്ള അപ്രമാദിത്വത്തെ തകിടംമറിക്കും വിധം ഗെലോട്ട് നടത്തിയ അണിയറ നീക്കങ്ങൾ ഹൈക്കമാൻഡിനെ ഞെട്ടിച്ചു. പുതിയ പ്രസിഡന്റിനായുള്ള സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീകരിച്ച നടപടികൾ രാജസ്ഥാനിൽ ഭരണപ്രതിസന്ധിയും വിഭാഗീയതയും രൂക്ഷമാക്കുന്ന നിലയിലേക്കു വളർന്നത് ദേശീയ നേതൃത്വത്തിന്റെ പിടിപ്പുകേടിനു തെളിവായി. ‘യുദ്ധം നയിക്കാൻ നിയോഗിക്കപ്പെട്ടയാൾ സ്വന്തം സേനയ്ക്കു നേരെ വെടിയുതിർത്തു’ എന്നാണ് ഗെലോട്ടിന്റെ നീക്കത്തെ നേതാക്കളിലൊരാൾ വിശേഷിപ്പിച്ചത്.

രാജസ്ഥാനിലെ നാടകീയ നീക്കങ്ങളിലേക്കു നയിച്ച കാരണങ്ങൾ, അതിൽ ഓരോരുത്തരും വഹിച്ച പങ്ക്, ഇനിയെന്ത് എന്നിവ:

അശോക് ഗെലോട്ട്: പ്രസിഡന്റാകാൻ തയാറാണെന്ന് ഗാന്ധി കുടുംബത്തെ അറിയിച്ചിരുന്നെങ്കിലും തന്റെ പിൻഗാമിയായി സച്ചിനെ ഒരുകാരണവശാലും അംഗീകരിക്കില്ലെന്നു നിലപാടെടുത്തു. എന്നാൽ, രാജസ്ഥാനിലെ കാര്യങ്ങൾ തനിക്കു വിട്ടേക്കൂവെന്നു സോണിയ ഗാന്ധി അറിയിച്ചു. മുഖ്യമന്ത്രിയായി തങ്ങളുടെ പിന്തുണ സച്ചിനാണെന്നു രാഹുലും പ്രിയങ്കയും വ്യക്തമാക്കി. സോണിയയും യോജിച്ചു. 

പ്രസിഡന്റായാലും വകുപ്പില്ലാത്ത മുഖ്യമന്ത്രിയായി തുടരാൻ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ‘ഒരാൾക്ക് ഒരു പദവി’ നയം ചൂണ്ടിക്കാട്ടി നേതൃത്വം അതു വെട്ടി. രാജസ്ഥാൻ വിഷയത്തിൽ തന്നെ പൂർണമായി ഒഴിവാക്കിയുള്ള തീരുമാനത്തിലേക്കു ഗാന്ധി കുടുംബം നീങ്ങുന്നുവെന്നു മനസ്സിലാക്കിയ ഗെലോട്ട് അതിനെ പരസ്യമായി ചോദ്യം ചെയ്യാതെ അണിയറയിൽ നീക്കം നടത്തി. സച്ചിനെ അംഗീകരിക്കില്ലെന്നു വ്യക്തമാക്കി 92 എംഎൽഎമാരെ അണിനിരത്തി. 

പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന ആഭ്യന്തര കലാപമായി മാറ്റാനുള്ള മൗനാനുവാദവും നൽകി. കോൺഗ്രസിനുള്ള 101 അംഗങ്ങളിൽ വെറും 9 പേർ മാത്രമാണു സച്ചിനൊപ്പമുള്ളതെന്ന് ഇതിലൂടെ തെളിയിച്ചു. എംഎൽഎമാരുടെ പ്രതിഷേധം അവർ സ്വയം തീരുമാനിച്ചതാണെന്നും തനിക്കു നിയന്ത്രിക്കാവുന്നതിലും അപ്പുറത്താണ് സച്ചിനെതിരായ വികാരമെന്നും വ്യക്തമാക്കി, താൻ വിമത നീക്കം നടത്തിയില്ലെന്നും വാദിച്ചു. ഹൈക്കമാൻഡ് തീരുമാനം അട്ടിമറിച്ച ഗെലോട്ടിനെ കോൺഗ്രസ് പ്രസിഡന്റാക്കരുതെന്ന വികാരം ഇപ്പോൾ പാർട്ടിയിൽ ശക്തം.

സച്ചിനെ ഗെലോട്ട് എതിർക്കാനുള്ള കാരണം: യുവ നേതാവായ സച്ചിൻ മുഖ്യമന്ത്രിയായാൽ സംസ്ഥാന രാഷ്ട്രീയത്തിൽ താൻ ഒതുക്കപ്പെടുമെന്ന ആശങ്ക. അടുത്ത വർഷം ഭരണം നഷ്ടപ്പെട്ടാലും 2028 ൽ കോൺഗ്രസ് വീണ്ടും അധികാരത്തിലേറുമെന്ന് കണക്കുകൂട്ടൽ. സച്ചിൻ ഇപ്പോൾ മുഖ്യമന്ത്രിയായാൽ 2028 ലും അദ്ദേഹത്തിനു നറുക്കുവീഴും. സച്ചിൻ മുഖ്യമന്ത്രി കസേരയിലുള്ളപ്പോൾ തന്റെ മകനും യുവ എംഎൽഎയുമായ വൈഭവ് ഗെലോട്ടിന്റെ രാഷ്ട്രീയ ഭാവി ശോഭിക്കില്ലെന്നു വിലയിരുത്തൽ.

ഗാന്ധി കുടുംബം: സച്ചിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിനെതിരെ ഗെലോട്ട് ക്യാംപ് പ്രതിഷേധിക്കുമെന്ന് അറിയാമായിരുന്നെങ്കിലും സർക്കാരിന്റെ നിലനിൽപ് തന്നെ അവതാളത്തിലാക്കും വിധമുള്ള രീതിയിലേക്കു കാര്യങ്ങളെത്തുമെന്ന് പ്രതീക്ഷിച്ചില്ല. 

ഏറ്റവും അടുത്ത അനുയായിയായ ഗെലോട്ടിലുള്ള വിശ്വാസം സോണിയയ്ക്ക് നഷ്ടമായെന്നു പാർട്ടി വൃത്തങ്ങൾ പറയുന്നു. ഗെലോട്ടിനെ ഇന്നലെ സോണിയ ചർച്ചയ്ക്കു വിളിക്കാത്തതിൽ അനിഷ്ടം വ്യക്തം. നിലവിലെ പ്രതിസന്ധി പരിഹരിക്കുക എന്ന വലിയ വെല്ലുവിളി സോണിയയ്ക്കു മുന്നിൽ.

സച്ചിൻ പൈലറ്റ്: ഗാന്ധി കുടുംബത്തിന്റെ പൂർണ പിന്തുണ ലഭിച്ചതോടെ മുഖ്യമന്ത്രി പദം ഉറപ്പിച്ചിരുന്നു. ഗെലോട്ട് പക്ഷം നടത്തിയ അപ്രതീക്ഷിത നീക്കത്തിനു മുന്നിൽ പതറി. ഇത്രയുമധികം എംഎൽഎമാർ പരസ്യമായി എതിർപ്പറിയിച്ചതോടെ, അതിനെ മറികടന്ന് മുഖ്യമന്ത്രിയാകാനുള്ള അണിയറ നീക്കങ്ങൾക്കു കെൽപില്ല. ആശ്രയം ഗാന്ധി കുടുംബത്തിൽ മാത്രം. ഇനിയും അവഗണിക്കപ്പെട്ടാൽ പാർട്ടിയിൽ നിന്ന് രാജിവയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കോൺഗ്രസിലെ പഴയ കൂട്ടാളികളായ ജ്യോതിരാദിത്യ സിന്ധ്യയും ജിതിൻ പ്രസാദയും ബിജെപിയിലേക്കു ക്ഷണിക്കുന്നു. മുഖ്യമന്ത്രി പദം നൽകാനായില്ലെങ്കിൽ ദേശീയനേതൃത്വത്തിൽ പദവി നൽകി അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കും.

പിഴച്ച ചുവടുകൾ

∙ അശോക് ഗെലോട്ട്: രാജസ്ഥാനപ്പുറത്തേക്ക് ഇപ്പോഴും ചിന്തിക്കുന്നില്ല. കോൺഗ്രസ് പ്രസിഡന്റെന്ന നിലയിൽ ദേശീയ രാഷ്ട്രീയത്തിൽ വഹിക്കാവുന്ന പങ്കിനെക്കുറിച്ച് ചിന്തിക്കാതെ സംസ്ഥാനത്തെ പിടി നഷ്ടമാകാതിരിക്കാൻ അണിയറക്കളികൾ തുടരുന്നു.

∙ സച്ചിൻ പൈലറ്റ്: സംസ്ഥാനത്ത് എംഎൽഎമാരെ ഒപ്പം നിർത്തുന്നതിൽ ഇനിയും വിജയിച്ചിട്ടില്ല. 2020 ൽ പാർട്ടിക്കെതിരെ നടത്തിയ അട്ടിമറി നീക്കം ഇപ്പോഴും വേട്ടയാടുന്നു. ഉപമുഖ്യമന്ത്രി, പിസിസി പ്രസിഡന്റ് പദങ്ങളിൽ തുടർന്നിരുന്നെങ്കിൽ ഇപ്പോൾ സ്വാഭാവിക പിൻഗാമിയായി തിരഞ്ഞെടുക്കപ്പെടുമായിരുന്നു.

∙ ഗാന്ധി കുടുംബം: നിയമസഭാ കക്ഷി യോഗം തിടുക്കത്തിൽ വിളിച്ചു. എംഎൽഎമാരെ വിശ്വാസത്തിലെടുത്തും തങ്ങളുടെ തീരുമാനം മുൻകൂട്ടി അറിയിച്ചും അതിന് രഹസ്യമായി അംഗീകാരം നേടിയതിനും ശേഷമാണ് മുൻപ് യോഗങ്ങൾ വിളിച്ചിരുന്നത്. രാജസ്ഥാനിൽ അങ്ങനെ ചെയ്തില്ല.

തനിയാവർത്തനം: മഹാരാഷ്ട്ര 2004 ?

നിയമസഭാ കക്ഷി യോഗത്തിൽ സമാനമായ അട്ടിമറി ഇതിനു മുൻപ് നടന്നത് 2004 ൽ മഹാരാഷ്ട്രയിൽ. അന്ന് മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത് സുശീൽ കുമാർ ഷിൻഡെയെ. പക്ഷേ, അണിയറ നീക്കത്തിലൂടെ നിയമസഭാ കക്ഷി യോഗത്തിൽ ഭൂരിപക്ഷമുറപ്പാക്കി വിലാസ് റാവു ദേശ്മുഖ് മുഖ്യമന്ത്രിയായി. അതിന്റെ മൂന്നാം ദിവസം ആന്ധ്ര ഗവർണറാക്കി ഷിൻഡെയെ ഹൈക്കമാൻഡ് അനുനയിപ്പിച്ചു.

ഗെലോട്ട് പക്ഷ എംഎൽഎമാർ മുന്നോട്ടുവച്ച 3 ഉപാധികളും ഹൈക്കമാൻഡിന്റെ നിലപാടും

∙ ഗെലോട്ട് പക്ഷം: അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തുന്ന പ്രമേയം ഒക്ടോബർ 19നു ശേഷം (പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്ത ശേഷം) നടപ്പാക്കിയാൽ മതി.

∙ ഹൈക്കമാൻഡ്: ഗെലോട്ട് കോൺഗ്രസ് പ്രസിഡന്റായാൽ, രാജസ്ഥാന്റെ കാര്യത്തിൽ അദ്ദേഹം തന്നെ തീരുമാനമെടുക്കുന്ന സ്ഥിതി വരും. 

∙ ഗെലോട്ട് പക്ഷം: ഹൈക്കമാൻഡ് പ്രതിനിധികൾ എംഎൽഎമാരെ കൂട്ടമായി കണ്ട് നിലപാട് ആരായുക. 

∙ ഹൈക്കമാൻഡ്: ഒറ്റയ്ക്കൊറ്റയ്ക്ക് കാണണമെന്നാണു സോണിയയുടെ നിർദേശം. എങ്കിൽ മാത്രമേ എംഎൽഎമാർ മനസ്സു തുറക്കൂ. 

∙ ഗെലോട്ട് പക്ഷം: 2020 ൽ സച്ചിൻ വിമത നീക്കം നടത്തിയപ്പോൾ ഗെലോട്ടിനൊപ്പം നിന്ന 102 എംഎൽഎമാരിൽ നിന്നു മാത്രമേ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാവൂ.

∙ ഹൈക്കമാൻഡ്: ഇക്കാര്യം തീരുമാനിക്കേണ്ടത് പാർട്ടി പ്രസിഡന്റാണ്. ഇത്തരം നിബന്ധനകൾ അംഗീകരിക്കില്ല.

ഗെലോട്ടിന്റെ ഭാവി? സച്ചിന്റെയും...

പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽനിന്ന് ഒഴിവാക്കിയാൽ, രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിൽ തുടരാൻ ഗെലോട്ടിനു വഴിയൊരുങ്ങും. സച്ചിനെ മുഖ്യമന്ത്രിയാക്കാനാണു ഗാന്ധി കുടുംബത്തിനു താൽപര്യമെങ്കിലും ഗെലോട്ടിന്റെയും ഭൂരിപക്ഷം എംഎൽഎമാരുടെയും എതിർപ്പ് അവഗണിച്ച് അതു നടപ്പാക്കുക വെല്ലുവിളിയാണ്. 

പാർട്ടിയിൽ പിളർപ്പുണ്ടാക്കാൻ പോലും അതു വഴിവച്ചേക്കുമെന്ന ആശങ്ക ഹൈക്കമാൻഡിനുണ്ട്. അതുകൊണ്ടു ദേശീയ നേതൃത്വത്തിൽ പദവി നൽകി സച്ചിനെ അനുനയിപ്പിക്കാൻ ശ്രമിച്ചേക്കും. സച്ചിനെ ഒരുകാരണവശാലും മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയ ഗെലോട്ട് പക്ഷ എംഎൽഎമാർ മുന്നോട്ടുവച്ച 3 ഉപാധികൾ ഹൈക്കമാൻഡ് തള്ളി. 

നിയമസഭാ കക്ഷി യോഗം ബഹിഷ്കരിച്ച എംഎൽഎമാരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് ചർച്ച നടത്താൻ സോണിയയുടെ നിർദേശപ്രകാരം ഖർഗെയും മാക്കനും ജയ്പുരിൽ ഞായറാഴ്ച രാത്രി വൈകുവോളം കാത്തിരുന്നെങ്കിലും 3 പേർ മാത്രമാണു പങ്കെടുത്തത്. 

English Summary: Rajasthan political crisis analysis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}