‘അങ്കിത മുങ്ങിമരിച്ചത്, ശരീരത്തിൽ മുറിവ്; റിസോർട്ട് ഇടിച്ചുനിരത്തി തെളിവ് നശിപ്പിച്ചു’

ankita
SHARE

ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി (19) മുങ്ങിമരിച്ചതാണെന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. റിപ്പോർട്ടിൽ അസംതൃപ്തി രേഖപ്പെടുത്തിയ അങ്കിതയുടെ പിതാവും സഹോദരനും അന്തിമ റിപ്പോർട്ട് ലഭിക്കുന്നതുവരെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ചെങ്കിലും പിന്നീട് അധികൃതർ അവരെ അനുനയിപ്പിച്ചു. ഹരിദ്വാറിലെ മുതിർന്ന ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യയാണു കേസിലെ മുഖ്യപ്രതി.

ഋഷികേശ് എയിംസിലെ നാലംഗ സംഘമാണു പ്രാഥമിക പോസ്റ്റ്മോർട്ടം നടത്തിയത്. അങ്കിതയുടെ ശരീരത്തിൽ മരണത്തിനു മുൻപുള്ള മുറിവുകൾ കാണപ്പെട്ടതായി പോസ്റ്റ്മോർട്ടം കരടുറിപ്പോർട്ടിൽ പറയുന്നു. മരണത്തിനു മുൻപ് ബലപ്രയോഗം നടന്നതിന്റെ സൂചനയാണത്. കാണാതായ അങ്കിതയുടെ മൃതദേഹം ശനിയാഴ്ചയാണു ഋഷികേശിനു സമീപം ചീല കനാലിൽനിന്നു കണ്ടെടുത്തത്. ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ശ്രമത്തെ അങ്കിത എതിർത്തപ്പോൾ കൊലപ്പെടുത്തിയെന്നാണ് കേസ്. പുൾകിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് ഭോഗ്പുരിലെ റിസോർട്ട്. കേസിൽ പുൾകിതും 2 ജീവനക്കാരും അറസ്റ്റിലാണ്.

പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് അങ്കിതയുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും അധികൃതർ വിസമ്മതിച്ചു. മുദ്രവച്ച കവറിൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നു ജില്ലാ കലക്ടർ പറഞ്ഞു. എന്നാൽ റിപ്പോർട്ട് അധികൃതർ മനഃപൂർവം വൈകിപ്പിക്കുകയാണെന്നും റിസോർട്ട് ഇടിച്ചുനിരത്തിയതു തെളിവു നശിപ്പിക്കാൻവേണ്ടിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഇടിച്ചുനിരത്താൻ ഉത്തരവിട്ടത് ആരെന്നു വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

ഇതിനിടെ, പ്രതിഷേധക്കാർ ഇന്നലെ ഋഷികേശ്-ബദരീനാഥ് ദേശീയ പാത മണിക്കൂറുകളോളം ഉപരോധിച്ചു. മേഖലയിലെ കടകൾ ഇന്നലെ തുറന്നില്ല. പ്രതിഷേധം തണുപ്പിക്കാൻ അങ്കിതയുടെ പിതാവ് വീരേന്ദ്രസിങ് ഭണ്ഡാരിയെ സ്ഥലത്തെത്തിച്ചു സംസാരിപ്പിക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും ജനം വഴങ്ങിയില്ല. കുറ്റവാളികളെ തൂക്കിലേറ്റണമെന്നും ഭണ്ഡാരിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും നൽകുമെന്നു രേഖാമൂലം ഉറപ്പ് ലഭിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 

വിനോദ് ആര്യയെയും പുൾകിത് ആര്യയെയും ബിജെപി കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

English Summary: Uttarakhand receptionist murder case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}