ADVERTISEMENT

ന്യൂഡൽഹി ∙ രാജസ്ഥാനിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ അണിയറ നീക്കങ്ങൾക്കു ചരടുവലിച്ച മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽനിന്ന് ഒഴിവാക്കുന്നതു ഹൈക്കമാൻഡിന്റെ പരിഗണനയിൽ. തന്റെ മുഖ്യമന്ത്രി സാധ്യത അട്ടിമറിച്ച ഗെലോട്ട് പ്രസിഡന്റ് സ്ഥാനാർഥിയായാൽ അദ്ദേഹത്തിനെതിരെ മത്സരിക്കുമെന്ന് സച്ചിൻ പൈലറ്റ് അനുയായികളെ അറിയിച്ചു. ഗെലോട്ടിന്റെ കാര്യത്തിൽ സോണിയ ഗാന്ധി അന്തിമ തീരുമാനമെടുക്കുമെന്നും പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 

ഗെലോട്ടിനെ ഒഴിവാക്കുക എന്ന കടുത്ത നടപടിയിലേക്കു സോണിയ നീങ്ങിയാൽ, മല്ലികാർജുൻ ഖർഗെ, ദിഗ്‌വിജയ് സിങ്, മുകുൾ വാസ്നിക്, കമൽനാഥ്, സുശീൽ കുമാർ ഷിൻഡെ, പവൻകുമാർ ബൻസൽ എന്നിവരെ പരിഗണിച്ചേക്കും. ബൻസൽ ഇന്നലെ 2 സെറ്റ് നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് സമിതിയിൽനിന്നു കൈപ്പറ്റി. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ച ആണ്. 

ജയ്പുരിലെ നിയമസഭാ കക്ഷി യോഗം ബഹിഷ്കരിച്ച് ഞായറാഴ്ച രാത്രി സമാന്തര യോഗം ചേർന്ന 92 എംഎൽഎമാരുടെ നടപടിയിൽ തനിക്കു പങ്കില്ലെന്ന ഗെലോട്ടിന്റെ വാദം ഹൈക്കമാൻഡ് വിശ്വസിച്ചിട്ടില്ല. നിയമസഭാ കക്ഷി യോഗത്തിന്റെ സമയവും സ്ഥലവും നിശ്ചയിച്ചത് ഗെലോട്ട് ആണെന്നും അതിൽ എംഎൽഎമാർ പങ്കെടുക്കാത്തതിൽ നിരപരാധിയാണെന്നുമുള്ള വാദം അംഗീകരിക്കുക ബുദ്ധിമുട്ടാണെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

എംഎൽഎമാരുടേത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അജയ് മാക്കൻ വ്യക്തമാക്കി. രാജസ്ഥാനിലെ രാഷ്ട്രീയ സ്ഥിതി സംബന്ധിച്ച വിശദ റിപ്പോർട്ട് മല്ലികാർജുൻ ഖർഗെയും മാക്കനും സോണിയയ്ക്കു കൈമാറി. പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ, കമൽനാഥ് എന്നിവരുമായും സോണിയ കൂടിക്കാഴ്ച നടത്തി.

English Summary: Ashok Gehlot may not be made candidate for congress president post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com