ADVERTISEMENT

ന്യൂഡൽഹി ∙ ലഫ്. ജനറൽ (റിട്ട) അനിൽ ചൗഹാനെ (61) സംയുക്ത സേനാ മേധാവിയായി (സിഡിഎസ്) കേന്ദ്ര സർക്കാർ നിയമിച്ചു. കഴിഞ്ഞ ഡിസംബറിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട പ്രഥമ സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായാണു നിയമനം. മിലിറ്ററികാര്യ വകുപ്പ് സെക്രട്ടറിയായും സേവനമനുഷ്ഠിക്കും. നിലവിൽ ദേശീയ സുരക്ഷാ സമിതിയുടെ സൈനിക ഉപദേഷ്ടാവാണ്. 

ചൗഹാൻ കഴിഞ്ഞ വർഷം മേയിലാണു വിരമിച്ചത്. കര, നാവിക, വ്യോമ സേനകളിൽനിന്നു വിരമിച്ചവരെയും സിഡിഎസ് നിയമനത്തിനു പരിഗണിക്കാൻ വ്യവസ്ഥ ചെയ്ത് ജൂണിൽ കേന്ദ്രം സേനാ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നു. 65 വയസ്സു വരെയാണു സിഡിഎസിന്റെ സേവനകാലാവധി. 

1981ൽ 11 ഗൂർഖ റൈഫിൾസിന്റെ ഭാഗമായി കരസേനയിൽ ചേർന്ന അനിൽ ചൗഹാൻ കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സേനയുടെ ഭീകരവിരുദ്ധ നടപടികൾക്കു നേതൃത്വം നൽകിയിട്ടുണ്ട്. നിയന്ത്രണരേഖ അടക്കമുള്ള അതിർത്തി മേഖലകളിലെ സൈനിക നടപടികളുടെ ചുമതലയുള്ള ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് (ഡിജിഎംഒ), കൊൽക്കത്ത ആസ്ഥാനമായുള്ള കിഴക്കൻ സേനാ കമാൻഡ് മേധാവി തുടങ്ങിയ പദവികൾ വഹിച്ചു. പരമവിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്. 

English Summary: Centre appoints Lt Gen Anil Chauhan as new CDS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com