120 കോടി രൂപയും 3000 അക്കൗണ്ടും; കൂടുതൽ അറസ്റ്റിനും റെയ്ഡിനും സാധ്യത

Popular Front Of India | (File Photo - FB/PopularFrontofIndiaOfficial)
ഫയൽ ചിത്രം (Photo - FB/PopularFrontofIndiaOfficial)
SHARE

ന്യൂഡൽഹി∙ പോപ്പുലർ ഫ്രണ്ടിലെ കൂടുതൽ നേതാക്കളെയും പ്രവർത്തകരെയും വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്തേക്കുമെന്നു സൂചന. കൂടുതൽ റെയ്ഡിനും സാധ്യതയുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടുകളിലേക്കു വിദേശത്തുനിന്ന് 120 കോടിയോളം രൂപ എത്തിയത് കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണെന്നതിനു തെളിവുകൾ ലഭിച്ചതായി എൻഐഎ അറിയിച്ചു. അജ്ഞാതരായ ആളുകൾ പണമായും ലക്ഷക്കണക്കിനു രൂപ കൈമാറി. സംഘടനയുമായി ബന്ധപ്പെട്ട മൂവായിരത്തിലധികം അക്കൗണ്ടുകളാണ് ഇഡി പരിശോധിക്കുന്നത്.

അക്കൗണ്ടിലേക്കു പണമയച്ചതായി രേഖപ്പെടുത്തിയിട്ടുള്ള പലരുടെയും സാമ്പത്തിക സ്രോതസ്സ് ഇഡി പരിശോധിക്കുന്നുണ്ട്. വിദേശത്തുനിന്ന് എൻആർഐ അക്കൗണ്ട് വഴി കടത്തിയ പണം നിയമവിധേയമാക്കാൻ അനുബന്ധ സംഘടനകളെ പോപ്പുലർ ഫ്രണ്ട് ഉപയോഗിച്ചു. സാമൂഹിക സേവനമടക്കമുള്ള പ്രവർത്തനങ്ങളിലേർപ്പെട്ട സംഘടനകൾ അതിന്റെ മറവിലാണു പണം വെളുപ്പിച്ചത്.

നിരോധനം മറികടക്കാൻ മറ്റു പേരുകളിൽ പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും ഭാവിയിൽ രംഗത്തുവരാനുള്ള സാധ്യത കേന്ദ്രം തള്ളിക്കളയുന്നില്ല. സംഘടനകളിലെ പ്രവർത്തകരുടെ ഭാവി നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കങ്ങൾ അതീവരഹസ്യമായാണു മന്ത്രാലയം നടത്തിയത്. സംഘടനയെ നിരോധിക്കാൻ ശുപാർശ ലഭിച്ചിട്ടുണ്ടോ എന്ന് കൊച്ചി സ്വദേശിയായ കെ.ഗോവിന്ദൻ നമ്പൂതിരി വിവരാവകാശപ്രകാരം കഴിഞ്ഞ ഡിസംബറിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയാതെ മന്ത്രാലയം മൗനം പാലിച്ചിരുന്നു.

ആർഎസ്എസ് നേതാക്കൾക്ക് സുരക്ഷ

ആലുവ∙ പോപ്പുലർ ഫ്രണ്ട് നിരോധനത്തിനു പിന്നാലെ ആലുവയിലെ ആർഎസ്എസ് കാര്യാലയത്തിനും നേതാക്കൾക്കും സുരക്ഷ ഒരുക്കാൻ കേന്ദ്രസേനയെ വിന്യസിച്ചു. ആലുവ പാലസിനു സമീപം ചിത്രാ ലൈനിലുള്ള ആർഎസ്എസ് കാര്യാലയമായ ‘കേശവസ്മൃതി’ക്കും 5 ആർഎസ്എസ് നേതാക്കൾക്കും അവരുടെ വീടിനുമാണു സുരക്ഷയും കാവലും.

റിട്ട. ജില്ലാ ജഡ്ജിയും ആർഎസ്എസ് ജില്ലാ സർസംഘചാലകും ആയ സുന്ദരം ഗോവിന്ദ്, പറവൂർ താലൂക്കിന്റെ ചുമതല വഹിക്കുന്ന എം. സുജിത്ത്, ക്രീഡാ ഭാരതി സംസ്ഥാന സെക്രട്ടറി പി.വി. സജീവ്, വിഭാഗ് ശാരീരിക് പ്രമുഖ് സുധി, ഗോ സംരക്ഷണ സമിതി നേതാവ് രാമചന്ദ്രൻ എന്നിവർക്കു വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. സിആർപിഎഫിലെ 35 ഉദ്യോഗസ്ഥർ രാവിലെ ആലുവയിലെത്തി കാര്യാലയത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്തു.

English Summary: More arrest and raid expected on the basis of Popular Front of India ban

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}