ADVERTISEMENT

ന്യൂഡൽഹി ∙ രാജസ്ഥാൻ മുഖ്യമന്ത്രി പദം സച്ചിൻ പൈലറ്റിനു കൈമാറാനാവില്ലെന്നു സോണിയ ഗാന്ധിയെ അറിയിച്ച അശോക് ഗെലോട്ട് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽനിന്ന് പുറത്ത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നു സോണിയയുമായി നടത്തിയ ഒന്നര മണിക്കൂർ കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കി. മത്സരരംഗത്തുള്ള മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങും ശശി തരൂർ എംപിയും ഇന്ന് എഐസിസി ആസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കും. പത്രികാ സമർപ്പണത്തിന്റെ അവസാനദിനമാണ് ഇന്ന്.

പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയിൽനിന്ന് ഇന്നലെ 10 പത്രികകൾ ദിഗ്‌വിജയ് കൈപ്പറ്റിയത്, കൂടുതൽ സ്ഥാനാർഥികൾ രംഗത്തുവന്നേക്കുമെന്ന സൂചന നൽകി. ഹൈക്കമാൻഡിന്റെ ആശീർവാദത്തോടെ ഒരു സ്ഥാനാർഥി കൂടി അവസാനനിമിഷം രംഗത്തിറങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മുകുൾ വാസ്നിക്, മല്ലികാർജുൻ ഖർഗെ, മീരാ കുമാർ, സുശീൽ കുമാർ ഷിൻഡെ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. ഇതിൽ ഖർഗെയ്ക്കാണ് സാധ്യത കൂടുതൽ. 

ആരെല്ലാം തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഇന്നു വൈകിട്ടോടെ വ്യക്തമാകുമെന്നു സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കി. പത്രിക വാങ്ങിയതിനു പിന്നാലെ എ.കെ.ആന്റണി, തരൂർ എന്നിവരെ ദിഗ്‌വിജയ് സന്ദർശിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി പദം നഷ്ടമായ സച്ചിനെ ദേശീയ നേതൃത്വത്തിലേക്കു കൊണ്ടുവന്നേക്കും. സച്ചിൻ ഇന്നലെ സോണിയയുമായി ചർച്ച നടത്തി. സച്ചിന്റെ ‘മുഖം രക്ഷിക്കുന്ന’ നടപടി ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

ഗെലോട്ടിന്റെ നിലപാടിൽ കടുത്ത അസന്തുഷ്ടി പ്രകടിപ്പിച്ച സോണിയ ഗാന്ധി ഉദയ്പുർ ചിന്തൻ ശിബിരത്തിൽ പ്രഖ്യാപിച്ച ‘ഒരാൾക്ക് ഒരു പദവി’ നയം കർശനമായും പാലിക്കപ്പെടണമെന്നു വ്യക്തമാക്കി. മുഖ്യമന്ത്രി പദം സച്ചിനു വിട്ടുകൊടുത്താൽ മാത്രമേ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കാനാവൂ എന്നും കൂട്ടിച്ചേർത്തു. കെ.സി.വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സംസ്ഥാനത്ത് ഏതാനും എംഎൽഎമാരുടെ മാത്രം പിന്തുണയുള്ള സച്ചിനെ മുഖ്യമന്ത്രിയാക്കിയാൽ സർക്കാർ വീഴുമെന്നു ഗെലോട്ട് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പദമൊഴിയാനില്ലെന്നു ഗെലോട്ട് വ്യക്തമാക്കിയതോടെ, സച്ചിനെ ആ പദവിയിൽ നിയമിക്കാനുള്ള ഗാന്ധി കുടുംബത്തിന്റെ ശ്രമം പരാജയപ്പെട്ടു. ഗാന്ധി കുടുംബത്തിന്റെ തീരുമാനം സംസ്ഥാന നേതാവ് അട്ടിമറിക്കുന്നുവെന്ന അപൂർവതയ്ക്കും ‘രാജസ്ഥാൻ അധ്യായം’ സാക്ഷിയായി.

English Summary: Ashok Gehlot to continue as rajasthan chief minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com