വിവാഹബന്ധത്തിലും ‘അതിജീവിതമാർ’, വ്യാഖ്യാനവുമായി സുപ്രീം കോടതി

HIGHLIGHTS
  • ആവശ്യമില്ലാത്ത ഗർഭം ചുമക്കാൻ സ്ത്രീയെ നിർബന്ധിക്കാനാകില്ല
supreme-court
സുപ്രീം കോടതി
SHARE

ന്യൂഡൽഹി ∙ ചില സാഹചര്യങ്ങളിൽ വിവാഹബന്ധത്തിലുള്ള സ്ത്രീകളും ലൈംഗികാതിക്രമ, പീഡന കേസുകളിലെ അതിജീവിതമാരായി മാറുമെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. ഒരാളുടെ ആഗ്രഹത്തിന് എതിരായോ ബലപ്രയോഗത്തിലൂടെയോ ഉള്ള ലൈംഗിക ബന്ധമെന്നാണു പീഡനത്തിന്റെ സാമാന്യ അർഥം. വിവാഹിതരും ഇതിന് ഇരകളാകാം. ഇതല്ലാതെയുള്ള വ്യാഖ്യാനം പീഡനം ഏൽപ്പിക്കുന്ന ആളിൽ നിന്നു കുട്ടിക്കു ജന്മം നൽകാനും വളർത്താനും സ്ത്രീയെ നിർബന്ധിക്കുന്നതിനു തുല്യമാകും.

വിവാഹിതർ മാത്രമല്ല ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്. പ്രത്യുത്പാദനത്തിനുള്ള സ്വയം നിർണയാധികാരം വിവാഹിതയ്ക്കെന്ന പോലെ അവിവാഹിതയ്ക്കുമുണ്ട്. ‌‍‌അതല്ലാതെയുള്ള വേർതിരിവ്, സമത്വത്തിനുള്ള അവകാശത്തിന് എതിരാണ്. അവശ്യമില്ലാത്ത ഗർഭം ചുമക്കാൻ സർക്കാരും സംവിധാനവും ഒരു സ്ത്രീയെ നിർബന്ധിക്കുന്നതു അവരുടെ അന്തസ്സിനെ അപമാനിക്കുന്നതിനു തുല്യമാണ്. 1971ൽ ഗർഭഛിദ്ര നിയമം കൊണ്ടുവരുമ്പോൾ അതു കൂടുതലും വിവാഹിതരുമായി ബന്ധപ്പെട്ട പ്രശ്നമായിരുന്നു. എന്നാൽ, സമൂഹവും കാഴ്ചപ്പാടും മാറി. നിയമത്തിലെ വ്യവസ്ഥകളെ വ്യാഖ്യാനിക്കുമ്പോൾ ഈ മാറ്റവും മനസ്സിലുണ്ടാകണം.– കോടതി വ്യക്തമാക്കി.

കാമുകൻ വിവാഹവാഗ്ദാനം ലംഘിച്ചതുൾപ്പെടെ കാരണങ്ങൾ ചൂണ്ടിക്കാട്ടി 23 ആഴ്ചയും 5 ദിവസവും പ്രായമായ ഗർഭം ഒഴിവാക്കാൻ ഇരുപത്തിയഞ്ചുകാരി സമീപിച്ചതാണ് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എംടിപി) നിയമം വ്യാഖ്യാനിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയിലേക്കു നയിച്ചത്.

വിവാഹിതയല്ലെന്ന കാരണത്താൽ ഡൽഹി ഹൈക്കോടതി ഇവർക്കു ഗർഭഛിദ്രത്തിന് അനുമതി നിഷേധിച്ചു. എന്നാൽ, ഇടക്കാല വിധിയിലൂടെ സുപ്രീം കോടതി ഗർഭഛിദ്രത്തിന് അനുവദിച്ചു. എംടിപി നിമയത്തിനു കൂടുതൽ വ്യക്തത ആവശ്യമുണ്ടെന്നു വിലയിരുത്തിയ കോടതി, ഇന്നലെ അന്തിമവിധിയിലാണു നിയമത്തെ വ്യാഖ്യാനിച്ചത്. ഭർത്താവ് എന്ന വാക്കിനെ പങ്കാളിയെന്നു എംടിപി നിയമത്തിൽ മാറ്റിയതടക്കം കോടതി പരിഗണിച്ചു.

സ്ത്രീ തെളിയിക്കേണ്ടതില്ല

ഗർഭഛിദ്ര ആവശ്യത്തിനു നിയമപ്രകാരം, പീഡനമോ ലൈംഗികാതിക്രമമോ ഉണ്ടായതായി സ്ത്രീ തെളിയിക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. പീഡനമുണ്ടായെന്നതിനു കേസ് റജിസ്റ്റർ ചെയ്തിരിക്കണം, പ്രതി ശിക്ഷിക്കപ്പെടണം തുടങ്ങിയ നിബന്ധനകളും എംടിപി നിയമത്തിന്റെ പരിധിയിൽ ഇല്ലെന്നും കോടതി വ്യക്തമാക്കി.

കോടതി അടിവരയിട്ടത് സ്ത്രീയുടെ പ്രാധാന്യം

24 ആഴ്ച വരെ പ്രായമുള്ള ഗർഭം ഒഴിവാക്കാൻ അനുമതി ആർക്കെല്ലാം എന്നു വ്യക്തമാക്കുന്നതാണു എംടിപി നിയമത്തിലെ 3ബി വകുപ്പ്. ഇതിൽ, ലൈംഗികാതിക്രം, പീഡനം എന്നിവ നേരിട്ട അതിജീവിതമാരുണ്ടെങ്കിലും വിവാഹബന്ധത്തിലെ ബലമായ ലൈംഗിക വേഴ്ചയെ ഈ കൂട്ടത്തിൽ പരിഗണിച്ചിരുന്നില്ല. ഇതിൽ വ്യക്തത വരുത്തുന്ന ഉത്തരവിലൂടെ ഗർഭഛിദ്ര തീരുമാനത്തിൽ സ്ത്രീക്കുള്ള പ്രധാന്യം അടിവരയിടുന്നു.

പേരും വിവരവും പൊലീസിന് നൽകുന്നതിൽ നിയന്ത്രണം

പ്രായപൂർത്തിയാകാത്തവർ ഗർഭഛിദ്രത്തിന് സമീപിച്ചാൽ, അവരുടെ പേരും വിവരവും പൊലീസിനു കൈമാറണമെന്ന വ്യവസ്ഥയിൽ ഡോക്ടർമാർക്ക് ഇളവുണ്ടാകുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഗർഭഛിദ്ര ആവശ്യത്തിന് എത്തുമ്പോൾ കുട്ടികളെ തിരിച്ചറിയാനുതകുന്ന വിവരം പൊലീസിനു നൽകണമെന്ന രീതി അവസാനിപ്പിക്കുന്നതാണ് സുപ്രീം കോടതിയുടെ നടപടി.

പോക്സോ നിയമപ്രകാരം കുട്ടികൾക്കെതിരെ അതിക്രമം നടക്കുന്നതായി തോന്നിയാലോ നടന്നതായി വ്യക്തമായാലോ ഈ വിവരം പൊലീസിനെയും ജുവനൈൽ യൂണിറ്റിനെയും അറിയിക്കണമെന്നുണ്ട്. ഇതുമൂലം ഗർഭഛിദ്ര ആവശ്യങ്ങളിൽ അംഗീകൃത ഡോക്ടറെ സമീപിക്കാതെ കുറുക്കുവഴികൾ സ്വീകരിക്കുന്ന പ്രശ്നമുണ്ടെന്നും ഇതൊഴിവാക്കാനാണ് നടപടിയെന്നും വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കി.

English Summary: Supreme Court about abortion

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}