ഇന്ത്യ @ 5ജി; ഇന്ത്യൻ മൊബൈൽ കോൺഗ്രസ് വേദിയിൽ ഔദ്യോഗിക തുടക്കം
Mail This Article
ന്യൂഡൽഹി ∙ സ്വീഡനിലുള്ള കാർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലിരുന്ന് വെർച്വലായി ഓടിച്ചു. കണക്ടിവിറ്റിയിൽ 5ജി കൊണ്ടുവരുന്ന മാറ്റത്തിന്റെ മനോഹര ഉദാഹരണം. ഡൽഹിയിലെ ഇന്ത്യൻ മൊബൈൽ കോൺഗ്രസ് വേദിയിൽ പ്രധാനമന്ത്രി ഇന്ത്യയിലെ 5ജി സേവനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, വാരാണസി, സിലിഗുരി എന്നീ നഗരങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ എയർടെൽ ഇന്നലെത്തന്നെ 5ജി ലഭ്യമാക്കി. റിലയൻസ് ജിയോ ദീപാവലിക്ക് ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ 5ജി ലഭ്യമാക്കും.
മൊബൈൽ കോൺഗ്രസ് പ്രദർശനത്തിൽ എറിക്സൺ കമ്പനി സ്റ്റാളിൽ സജ്ജീകരിച്ച സ്റ്റിയറിങ് വീൽ ഉപയോഗിച്ചാണ് മോദി വെർച്വലായി കാർ ഓടിച്ചത്. റിലയൻസ് ജിയോ 5ജി ഉപയോഗിച്ച് അദ്ദേഹം മുംബൈയിലെ സ്കൂൾ വിദ്യാർഥികളുമായും ആശയവിനിമയം നടത്തി. ഡൽഹി മെട്രോയുടെ തുരങ്കനിർമാണത്തിൽ ഏർപ്പെട്ട തൊഴിലാളികളുടെ സുരക്ഷയ്ക്കു വേണ്ടി വോഡഫോൺ–ഐഡിയ (വിഐ) 5ജി അധിഷ്ഠിത സംവിധാനം പ്രദർശിപ്പിച്ചു.
4ജിയുടെ 10 മടങ്ങ് ഇന്റർനെറ്റ് വേഗം 5ജിയിൽ പ്രതീക്ഷിക്കാം. 5ജി സൗകര്യമുള്ള ഫോൺ വേണം. രാജ്യമാകെ ലഭ്യമാകാൻ 2 വർഷമോ അതിലധികമോ എടുത്തേക്കും. ആദ്യഘട്ടത്തിൽ കേരളമില്ല. നിരക്ക് വ്യക്തമായിട്ടില്ലെങ്കിലും 4ജിയേക്കാൾ 10– 20% വർധന പ്രതീക്ഷിക്കാം. 4ജി നിരക്കിന്റെ തോത് അനുസരിച്ചാണെങ്കിൽ 5ജിക്കും ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഇന്ത്യയിൽ പ്രതീക്ഷിക്കാം.
ബിഎസ്എൻഎൽ 4ജി 2023 ജൂണിൽ !
പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൽഎലിന്റെ 4ജി സേവനം ഇനിയുമകലെ. അടുത്ത വർഷം ജൂണിൽ മാത്രമേ 4ജി നടപ്പാക്കുന്നത് പൂർത്തിയാകൂ എന്നാണ് ബിഎസ്എൻഎൽ കഴിഞ്ഞദിവസം അറിയിച്ചത്. ട്വിറ്ററിൽ ഒരു ഉപയോക്താവിന്റെ ചോദ്യത്തിനു മറുപടിയാണ് സ്ഥാപനത്തിന്റെ ഔദ്യോഗിക ട്വിറ്റർ ഐഡി ഇക്കാര്യം വ്യക്തമാക്കിയത്. തുടർന്ന് രാജ്യമാകെയെത്താൻ ഒന്നര മുതൽ 2 വരെ വർഷം വേണ്ടിവന്നേക്കും.
∙ ‘2014 ൽ ഒരു ജിബി ഡേറ്റയ്ക്ക് 300 രൂപയായിരുന്നെങ്കിൽ ഇന്നു 10 രൂപ മാത്രമാണ്. രാജ്യത്ത് വ്യക്തിയുടെ ശരാശരി ഇന്റർനെറ്റ് ഉപയോഗം മാസം 14 ജിബിയാണ്. അങ്ങനെ നോക്കുമ്പോൾ ചെലവ് 4200 രൂപയായിരുന്നത് 125–150 രൂപയായി കുറഞ്ഞു.’ - പ്രധാനമന്ത്രി നരേന്ദ്ര മോദി
English Summary: Prime Minister launches 5G in India