ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ശശി തരൂരും മല്ലികാർജുൻ ഖർഗെയും തമ്മിൽ നേരിട്ടു മത്സരിക്കും. ജാർഖണ്ഡ് മുൻമന്ത്രി കെ.എൻ.ത്രിപാഠിയുടെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളി. നാമനിർദേശം ചെയ്തവരുടെ ഒപ്പുകൾ ആവർത്തിച്ചതും വ്യത്യസ്തമായതുമാണ് കാരണം.

ഖർഗെയുടെ 2 സെറ്റ് പത്രികയും തരൂരിന്റെ ഒരു സെറ്റ് പത്രികയും സാങ്കേതിക കാരണങ്ങളാൽ തള്ളിയതായി കേന്ദ്ര തിരഞ്ഞെടുപ്പു സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി അറിയിച്ചു. ഇരുവരും കൂടുതൽ പത്രികകൾ നൽകിയിരുന്നതിനാൽ പ്രശ്നമില്ല.

പത്രിക കൊടുത്ത് മണിക്കൂറുകൾക്കകം ഖർഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചു. ഒരാൾക്ക് ഒരു പദവി എന്ന പാർട്ടി തീരുമാനപ്രകാരമാണിത്. മത്സരരംഗത്തുനിന്നു പിന്മാറില്ലെന്നു തരൂർ വ്യക്തമാക്കി. പത്രിക പിൻവലിക്കാൻ ഈ മാസം 8 വരെ സമയമുണ്ട്.

തരൂരിനായി ഒപ്പിട്ടത് കേരളത്തിൽനിന്ന് 13 പേർ

ന്യൂഡൽഹി ∙ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് നാമനിർദേശ പത്രികയിൽ ഒപ്പിട്ടത് കേരളത്തിൽനിന്ന് 13 പേർ. എം.കെ.രാഘവൻ എംപി, തമ്പാനൂർ രവി, കെ.സി.അബു, കെ.എസ്.ശബരീനാഥൻ, പി.മോഹൻരാജ്, കൊല്ലിയൂർ ദിവാകരൻ, യു.ഷാജി കാളിയത്ത്, എ.അരവിന്ദാക്ഷൻ, കെ.ബാലകൃഷ്ണ കിടാവ്, രത്നവല്ലി, മഠത്തിൽ നാണു, കെ.എം.ഉമ്മർ, എൻ.കെ.അബ്ദുൽ റഹ്മാൻ എന്നിവരാണ് ഒപ്പിട്ടത്.

12 സംസ്ഥാനങ്ങളിൽ നിന്നായി ആകെ 60 പേർ തരൂരിനെ പിന്തുണച്ചു. കാർത്തി ചിദംബരം എംപി, പ്രദ്യുത് ബൊർദോലോയ് എംപി, സന്ദീപ് ദീക്ഷിത്, സെയ്ഫുദ്ദീൻ സോസ് എന്നിവരും ഒപ്പിട്ടിട്ടുണ്ട്. ഗാന്ധി കുടുംബവുമായി അടുപ്പം സൂക്ഷിക്കുന്ന മൊഹ്‌സീന കിദ്വായിയും പിന്തുണച്ചു.

ഒരു നിർദേശവുമില്ലെന്ന് സുധാകരൻ; ഖർഗെയ്ക്കൊപ്പമെന്ന് സതീശൻ

∙ ‘വോട്ട് ചെയ്യുന്നവർക്ക് എന്തെങ്കിലും നിർദേശം കൊടുക്കാൻ കെപിസിസി തീരുമാനമെടുക്കുകയോ ആലോചന നടത്തുകയോ ചെയ്തിട്ടില്ല. ഇന്നയാൾക്കു വോട്ട് ചെയ്യണമെന്നു പറയില്ല.’ – കെ. സുധാകരൻ

∙ ‘ദലിത് വിഭാഗത്തിൽപ്പെട്ട ഒരാൾ കോൺഗ്രസ് അധ്യക്ഷനാകുന്ന അഭിമാന മുഹൂർത്തത്തിനു കാത്തിരിക്കുകയാണ്. കേരളത്തിൽ ചിലർ തരൂരിനെ പിന്തുണയ്ക്കുന്നത് ചേരിതിരിവ് ഉണ്ടാക്കില്ല.’ – വി.ഡി. സതീശൻ

English Summary: Congress presidential poll: nomination of Former Jharkhand minister K N Tripathi rejected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com