ADVERTISEMENT

ന്യൂഡൽഹി∙ അഭിപ്രായ ഐക്യത്തിലൂടെ കോൺഗ്രസ് പ്രസിഡന്റിനെ നിശ്ചയിക്കുന്നതിനു സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറണമെന്നു ശശി തരൂരിനോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വഴങ്ങിയില്ലെന്നും മല്ലികാർജുൻ ഖർഗെ. നാമനിർദേശ പത്രിക സമർപ്പിച്ചതിനുശേഷമാണ് താൻ ഇക്കാര്യമാവശ്യപ്പെട്ട് തരൂരിനെ ഫോണിൽ വിളിച്ചത്. എന്നാൽ, പാർട്ടിയിൽ ജനാധിപത്യമുറപ്പാക്കാൻ തിരഞ്ഞെടുപ്പ് അനിവാര്യമാണെന്ന് അദ്ദേഹം നിലപാടെടുത്തു. തരൂർ തന്റെ ഇളയ സഹോദരനെ പ്പോലെയാണെന്നും അദ്ദേഹത്തെ പിന്നീട് നിർബന്ധിച്ചില്ലെന്നും ഖർഗെ വ്യക്തമാക്കി. 

എന്തുകൊണ്ട് സ്ഥാനാർഥിയായി?

പ്രസിഡന്റാകാനില്ലെന്ന് ഗാന്ധി കുടുംബം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പദവി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയിലെ നേതാക്കൾ ഒറ്റക്കെട്ടായി സമീപിച്ചു. എന്നെ പിന്തുണയ്ക്കാമെന്ന് എല്ലാവരും അറിയിച്ചു. അവർ പകർന്നുതന്ന കരുത്തിലാണു ഞാൻ മത്സരത്തിനിറങ്ങിയത്. 

ഖർഗെ പ്രസിഡന്റായാൽ തൽസ്ഥിതി തുടരും, താനാണെങ്കിൽ പാർട്ടിയുടെ പ്രവർത്തനത്തിൽ മാറ്റം വരുമെന്നുമുള്ള തരൂരിന്റെ പരാമർശത്തെക്കുറിച്ച്?

തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്ന ഒൻപതിനായിരത്തിലധികം പേരല്ലേ അതു തീരുമാനിക്കേണ്ടത്. ഞാൻ ജയിച്ചാലും പാർട്ടിയിൽ മാറ്റങ്ങളുണ്ടാവും. അത് എങ്ങനെ വേണമെന്നതു സംബന്ധിച്ച് ശുപാർശകൾ നൽകാൻ സമിതിക്കു രൂപം നൽകും. 

ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാർഥി എന്ന പരിവേഷം?

അങ്ങനെയൊരു ധാരണ ശരിയല്ല. തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളിലൊരാൾ മാത്രമാണു ഞാൻ. ഒട്ടേറെ നേതാക്കളുടെ പിന്തുണ ലഭിക്കുന്നുണ്ട്. 

ജി 23 സംഘത്തിന്റെ പിന്തുണ എങ്ങനെ ഉറപ്പാക്കി?

ജി 23 എന്നൊരു സംഘം നിലവിൽ കോൺഗ്രസിൽ ഇല്ല. പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ഏക ലക്ഷ്യത്തോടെയാണ് എല്ലാവരും പ്രവർത്തിക്കുന്നത്. 

ഖർഗെ പ്രസിഡന്റായാലും പാർട്ടിയുടെ റിമോട്ട് കൺട്രോൾ ഗാന്ധി കുടുംബത്തിന്റെ കയ്യിലായിരിക്കുമെന്ന ആക്ഷേപത്തെക്കുറിച്ച്?

ആർക്കും എന്തു വേണമെങ്കിലും പറയാം. സുതാര്യവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പാണിത്. കോൺഗ്രസിനും രാജ്യത്തിനും വേണ്ടി ഒട്ടേറെ ത്യാഗങ്ങൾ ചെയ്തവരാണു ഗാന്ധി കുടുംബാംഗങ്ങൾ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ അവരുടേതടക്കം എല്ലാ നേതാക്കളുടെയും മാർഗനിർദേശങ്ങൾ ഞാൻ തേടും. 

English Summary: Interview with Mallikarjun Kharge

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com