ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാൻ ഈ മാസം 8 വരെ സമയമുണ്ടെങ്കിലും പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് ശശി തരൂർ എംപി. തിരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം നിഷ്പക്ഷത പാലിക്കുമെന്നും അദ്ദേഹം പറയുന്നു.

നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് സോണിയ ഗാന്ധി പറഞ്ഞെങ്കിലും ഹൈക്കമാൻഡിന്റെ ഒൗദ്യോഗിക സ്ഥാനാർഥി എന്ന പരിവേഷമാണ് താങ്കളുടെ എതിരാളിയായ മല്ലികാർജുൻ ഖർഗെയ്ക്കുള്ളത്.

ഔദ്യോഗിക സ്ഥാനാർഥി ഉണ്ടാവില്ല, ആരെയും പിന്തുണയ്ക്കില്ല എന്ന് സോണിയ എന്നോടു പറഞ്ഞിട്ടുണ്ട്. അതു ഞാൻ വിശ്വസിക്കുന്നു. ഗാന്ധി കുടുംബം ഒന്നടങ്കം നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നും പറഞ്ഞു. ഇക്കാര്യം പാർട്ടിയുടെ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രിയും ആവർത്തിച്ചിട്ടുണ്ട്.

വലിയ വെല്ലുവിളിയാണു മുന്നിലുള്ളത്.

എന്നെ പിന്തുണച്ച് 12 സംസ്ഥാനങ്ങളിൽ നിന്നായി 60 പേരാണു നാമനിർദേശ പത്രികയിൽ ഒപ്പിട്ടത്. കോൺഗ്രസിനു വേണ്ടി ചെയ്യാൻ പോകുന്ന കാര്യങ്ങൾ ഞാൻ വോട്ടർമാർക്കു മുന്നിൽ അവതരിപ്പിക്കും. മാറ്റത്തിനു വേണ്ടി അവർ ഒപ്പം നിൽക്കുമെന്നാണു പ്രതീക്ഷ.

ഒത്തുതീർപ്പുണ്ടാക്കി താങ്കളുടെ സ്ഥാനാർഥിത്വം പിൻവലിപ്പിക്കാൻ നേതൃത്വം സമ്മർദം ചെലുത്തിയേക്കുമെന്ന സൂചനകൾ വരുന്നു.

ഞാൻ ഉറപ്പായും മത്സരിക്കും. എന്നെ വിശ്വസിച്ച് പിന്തുണച്ചവരെ ഞാൻ ചതിക്കില്ല.

സോണിയ ഇടപെട്ടാൽ? എന്തെങ്കിലും പദവി വാഗ്ദാനം ചെയ്താൽ?

പദവി വാഗ്ദാനം ചെയ്യേണ്ടിയിരുന്നതിന്റെ കാലമൊക്കെ കഴിഞ്ഞു. ഞാൻ എനിക്കു വേണ്ടിയല്ല മത്സരിക്കുന്നത്. ഉറക്കമിളച്ചും കഠിനാധ്വാനം ചെയ്തും പ്രചാരണം നടത്തിയ ശേഷം പിന്മാറാൻ സാധിക്കില്ലല്ലോ? തിരഞ്ഞെടുപ്പ് തമാശയല്ല. വളരെ ഗൗരവമേറിയ വിഷയമാണ്.

മനഃസാക്ഷി വോട്ട് ചെയ്യാമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മുൻപു പറഞ്ഞിരുന്നു. വോട്ടുകൾ കൂടുതൽ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടോ?

ഉറപ്പായിട്ടും. സ്വതന്ത്രമായി വോട്ട് ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. ഏതെങ്കിലുമൊരു സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കാൻ പിസിസികളെ അനുവദിക്കില്ലെന്ന് മധുസൂദൻ മിസ്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.

ഔദ്യോഗിക പക്ഷം ഖർഗെയ്ക്കൊപ്പമാണ്. വിമതൻ എന്ന് താങ്കൾ ഭാവിയിൽ മുദ്രകുത്തപ്പെടാൻ സാധ്യതയുണ്ട്.

ചിലരങ്ങനെ പറയുന്നുണ്ട്. കോൺഗ്രസ് പ്രസിഡന്റ് ഉൾപ്പെടെ ഗാന്ധി കുടുംബത്തിലെ 3 പേരെയും ഞാൻ കണ്ടിരുന്നു. മത്സരിച്ചോളൂ, ഒരു കുഴപ്പവുമില്ല എന്ന സന്ദേശമാണ് എനിക്കു ലഭിച്ചത്. തിരഞ്ഞെടുപ്പ് പാർട്ടിക്കു ഗുണം ചെയ്യുമെന്നാണ് അവർ പറഞ്ഞത്. തിരഞ്ഞെടുപ്പിനു ശേഷം മറ്റൊരു രീതിയിൽ കാര്യങ്ങൾ പോയാൽ നമുക്ക് അത് അപ്പോൾ നോക്കാം.

യുപി പോലുള്ള ചില സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിലുള്ളവർ ആരാണെന്നു പോലും അറിയില്ലെന്ന ആക്ഷേപമുയരുന്നു.

ശരിയാണ്. ചില സംസ്ഥാനങ്ങളിൽ പട്ടികയിൽ പേരു മാത്രമേയുള്ളൂ. ഫോൺ നമ്പർ പോലുമില്ല. വിലാസം രേഖപ്പെടുത്തിയിരിക്കുന്നതു പലതും അപൂർണമാണ്. ഈ അവസ്ഥയിൽ വോട്ടർമാർ ആരൊക്കെയാണെന്നു കണ്ടെത്തുക എളുപ്പമല്ല. സംഘടനാ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ ഞാൻ പൂർണ തൃപ്തനല്ല. ക്രിക്കറ്റ് കളിക്കാനിറങ്ങിയാൽ പിച്ച് മാറ്റാനാവില്ലല്ലോ. കിട്ടിയ പിച്ചിൽ കളിക്കുക. അതാണു ഞാൻ ചെയ്യാൻ പോകുന്നത്.

തിരുത്തൽവാദി സംഘം (ജി 23) താങ്കളെ കൈവിട്ട് ഖർഗെയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പു വേണമെന്ന് ആവശ്യപ്പെട്ടിരുന്ന ജി 23 ഇപ്പോൾ പറയുന്നു ഒത്തുതീർപ്പു മതിയെന്ന്.

തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മുൻപ് നേതൃത്വത്തിനു കത്തെഴുതിയ സംഘമാണത്. അതു യാഥാർഥ്യമാക്കാൻ തയാറായ വ്യക്തിയെ പിന്തുണയ്ക്കാതെ തൽസ്ഥിതി നിലനിർത്തുന്ന സ്ഥാനാർഥിക്കൊപ്പം ചേരുന്ന അവരെക്കുറിച്ച് ഞാൻ എന്തു പറയാൻ. ജി 23 എന്ന സംഘടനയൊന്നും ഇല്ല. 2020 ൽ വിവിധ ആവശ്യങ്ങളുന്നയിച്ച് നേതൃത്വത്തിനു കത്തെഴുതാൻ തീരുമാനിച്ച സംഘമാണത്. കോവിഡ് ആയിരുന്നതിനാൽ അതിൽ ഒപ്പിടാൻ അന്ന് 23 പേരെ മാത്രമേ ഡൽഹിയിൽ കിട്ടിയുള്ളൂ. അങ്ങനെയാണ് ജി 23 എന്ന പേരു രൂപമെടുത്തത്.

സംവാദത്തിന്  തയാറെന്ന് തരൂർ; ഇല്ലെന്ന് ഖർഗെ

സ്ഥാനാർഥികൾ തമ്മിലുള്ള സംവാദത്തിനു താൻ തയാറെന്ന് ശശി തരൂർ. ബ്രിട്ടിഷ് കൺസർവേറ്റീവ് പാർട്ടിയുടെ നേതാവിനെ തിരഞ്ഞെടുക്കാൻ നടക്കാറുള്ള പോരാട്ടം പോലെ ജനങ്ങൾക്കിടയിൽ കോൺഗ്രസിലുള്ള താൽപര്യം വർധിപ്പിക്കാൻ ഇതു വഴിയൊരുക്കുമെന്നും തരൂർ കൂട്ടിച്ചേർത്തു. സംവാദത്തിനില്ലെന്നും പ്രവൃത്തിയിലാണു താൻ വിശ്വസിക്കുന്നതെന്നും ഖർഗെ പ്രതികരിച്ചു.

English Summary: Interview with Shashi Tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com