കശ്മീർ പ്രശ്നം: പാക്കിസ്ഥാനുമായി ചർച്ചയില്ലെന്ന് അമിത് ഷാ

HIGHLIGHTS
  • 3 ദിവസത്തെ സന്ദർശനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി കശ്മീരിൽ
amit-shah-5
SHARE

ബാരാമുള്ള ∙ കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനുമായി ഏതെങ്കിലും തരത്തിലുള്ള ചർച്ച നടത്തില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കി. കശ്മീരിൽ ഭീകരവാദം വളർത്തുന്നത് പാക്കിസ്ഥാനാണ്, അവരോട് എന്തു ചർച്ചയാണ് നടത്തേണ്ടത്? 70 വർഷം കശ്മീർ ഭരിച്ചവരാണ് പാക്കിസ്ഥാനുമായി ചർച്ച നടത്താൻ തന്നെ ഉപദേശിക്കുന്നതെന്ന് പൊതുസമ്മേളനത്തിൽ അമിത്ഷാ പറഞ്ഞു. 

തീവ്രവാദം തുടച്ചുനീക്കി കശ്മീരിനെ രാജ്യത്തെ ഏറ്റവും സമാധാനമുള്ള സ്ഥലമാക്കി മാറ്റും. ഒരു വർഷം 1200 പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നത് 136 ആയി കുറയ്ക്കാൻ കഴിഞ്ഞെന്ന് ഷാ പറഞ്ഞു. വോട്ടർപട്ടിക പുതുക്കൽ നവംബർ 25ന് പൂർത്തിയായ ശേഷം വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തും. 

കശ്മീരിന്റെ വികസനമില്ലായ്മയ്ക്ക് മുഫ്തി, അബ്ദുല്ല കുടുംബങ്ങളും കോൺഗ്രസുമാണ് ഉത്തരവാദികളെന്ന് രജൗറിയിൽ നടന്ന സമ്മേളനത്തിൽ അമിത്ഷാ ആരോപിച്ചു. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 56,000 കോടി രൂപയുടെ നിക്ഷേപം നടത്താനും 5 ലക്ഷം പേർക്ക് തൊഴിൽ നൽകാനും കഴിഞ്ഞു. അതേസമയം, സ്വാതന്ത്ര്യത്തിനു ശേഷം ആകെ 17,000 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് കശ്മീരിലേക്ക് വന്നത്. പ്രത്യേക പദവി നൽകിയിരുന്ന 370–ാം വകുപ്പ് എടുത്തുമാറ്റിയതോടെ പട്ടിക വിഭാഗങ്ങൾക്കു സംവരണം നൽകാൻ കഴിഞ്ഞു. 

സംസ്ഥാനത്ത് 3 ദിവസത്തെ സന്ദർശനത്തിനെത്തിയ മന്ത്രിയെ രാഷ്ട്രീയ, വ്യവസായ സംഘടനകളുടെ പ്രതിനിധികൾ സന്ദർശിച്ച് ചർച്ച നടത്തി. അതേസമയം, തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. 

പട്ടികവർഗ പദവി പഹാഡികൾക്കും

രജൗറി ∙ ജസ്റ്റിസ് ശർമ കമ്മിഷന്റെ ശുപാർശ പ്രകാരം ഗുജ്ജർ, ബക്കർവാൽ സമുദായങ്ങൾക്ക് പുറമേ പഹാഡി വിഭാഗത്തിനു കൂടി പട്ടികവർഗ പദവി നൽകുമെന്ന് അമിത്ഷാ പ്രഖ്യാപിച്ചു. ഇതുമൂലം മറ്റു വിഭാഗങ്ങളുടെ വിഹിതം കുറയില്ലെന്നും അദ്ദേഹം പറഞ്ഞു. 

പൂഞ്ച് – രജൗറി മേഖലയിലെയും മിർപുറിലെയും കശ്മീർ താഴ്‌വരയിലെയും ഗിരിവർഗക്കാരാണ് പഹാഡികൾ. ജമ്മു കശ്മീരിലെ ആകെ ജനസംഖ്യയിൽ 20% വരുന്ന ഇവരിൽ 55% ഹിന്ദുക്കളും ബാക്കി മുസ്‌ലിംകളുമാണ്. 

വാങ്കുവിളി കേട്ട് പ്രസംഗം നിർത്തി, കരഘോഷം 

ബാരാമുള്ള ∙ പൊതുസമ്മേളനത്തിനിടെ സമീപത്തെ മുസ്​ലിം പള്ളിയിൽ നിന്ന് വാങ്കുവിളി മുഴങ്ങിയപ്പോൾ മന്ത്രി അമിത്ഷാ 5 മിനിറ്റ് പ്രസംഗം നിർത്തിവച്ചു. ഇതോടെ ജനക്കൂട്ടം കരഘോഷം മുഴക്കി. ബന്ദിപ്പോർ ജില്ലയിലെ തർകപോർ സ്വദേശിയും കിക്ക്ബോക്സിങ് ലോകചാംപ്യനുമായ താജമുൽ ഇസ്​ലാം (14) അമിത്ഷായെ സന്ദർശിച്ചു. താജമുലിന്റെ നേട്ടം എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണെന്ന് ഷാ ട്വിറ്ററിൽ കുറിച്ചു. 

English Summary: No talks with Pakisthan, Election in Kashmir after electoral rolls are published says Amit Shah

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}