ADVERTISEMENT

അഹമ്മദാബാദ് ∙ ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ​​എൻട്രിയായ ‘ചെല്ലോ ഷോ’യിലെ ബാലതാരം രാഹുൽ കോലി (17) സിനിമ റിലീസിനു ദിവസങ്ങൾക്കു മുൻപ് അന്തരിച്ചു. ‘അവസാന സിനിമാ പ്രദർശനം’ എന്നർഥമുള്ള ‘ചെല്ലോ ഷോ’, രാഹുലിന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രമായി. വലിയ സ്ക്രീനിൽ ചിത്രം കാണാനുള്ള ഭാഗ്യം രാഹുലിനു ലഭിച്ചില്ല. ചിത്രത്തിന്റെ ട്രെയിലർ കണ്ട് ആവേശത്തിലായിരുന്നു രാഹുൽ എന്ന് പിതാവ് രാമു കോലി പറഞ്ഞു. മികച്ച രാജ്യാന്തര ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിനാണ് ചെല്ലോ ഷോ മത്സരിക്കുന്നത്.

ഗുജറാത്തിൽ ജാംനഗർ ജില്ലയിലെ ഹാപ സ്വദേശിയായ രാഹുൽ അർബുദ ബാധയെ തുടർന്ന് 4 മാസമായി അഹമ്മദാബാദ് കാൻസർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഈ മാസം 2 നാണ് മരിച്ചത്.

വരുന്ന വെള്ളിയാഴ്ച രാജ്യവ്യാപകമായി റിലീസ് ചെയ്യാനിരിരുന്ന ചെല്ലോ ഷോ സംവിധായകൻ പാൻ നളിന്റെ ബാല്യകാല സ്മരണകളെ അടിസ്ഥാനമാക്കി ചിത്രീകരിച്ചതാണ്. സമയ് എന്ന 9 വയസ്സുകാരൻ സിനിമാ പ്രൊജക്ടർ ടെക്നീഷ്യനെ സ്വാധീനിച്ച് സിനിമകൾ കാണുന്നതും ഭാവിയിൽ സംവിധായകനാകാൻ മോഹിക്കുന്നതുമാണു സിനിമയുടെ പ്രമേയം. സമയിന്റെ സുഹൃത്തുക്കളായ 5 പേരിൽ ഒരാളായാണ് രാഹുൽ വേഷമിട്ടത്.

English Summary: Chhello Show star Rahul Kohli passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com