ADVERTISEMENT

സിപിഐ ജനറൽ സെക്രട്ടറിയായി ഡി.രാജയെ പാർട്ടി കോൺഗ്രസ് വീണ്ടും തിരഞ്ഞെടുത്തു. കേരളത്തിൽനിന്ന് കെ.പ്രകാശ് ബാബുവും പി.സന്തോഷ് കുമാർ എംപിയും 30 അംഗം ദേശീയ നിർവാഹക സമിതിയിലേക്കു പുതുതായി കടന്നു വന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ബിനോയ് വിശ്വം എംപിയും 11 അംഗ കേന്ദ്ര സെക്രട്ടേറിയറ്റിൽ തുടരും. ദേശീയ നിർവാഹകസമിതി അംഗം കെ.ഇ.ഇസ്മായിലിന്റെയും കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രന്റെയും വിടവാങ്ങൽ സമ്മേളനമായി പാർട്ടി കോൺഗ്രസ് മാറി. പാർട്ടി കമ്മിറ്റികളിലെ പ്രായപരിധിയായ 75 പിന്നിട്ട സാഹചര്യത്തിലാണ് ഇരുവരെയും ഒഴിവാക്കിയത്. 

തിരഞ്ഞെടുപ്പുകൾ എല്ലാം തന്നെ ഏകകണ്ഠമായിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തനിക്ക് അർഹത ഉണ്ടെന്ന വാദം ആദ്യ ദിവസങ്ങളിൽ നേതാക്കളെ കണ്ട് ഉന്നയിച്ച എഐടിയുസി ജനറൽ സെക്രട്ടറിയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ അമർജിത് കൗറിനെ ഉന്നത നേതാക്കൾ ഇടപെട്ടു പിന്തിരിപ്പിച്ചു. 

പുതിയ ദേശീയ കൗൺസിൽ യോഗത്തിൽ കെ.നാരായണ ആണ് രാജയുടെ പേര് നിർദേശിച്ചത്. കൂട്ടത്തോടെ കൈ പൊക്കി അത് അംഗീകരിച്ചു. 125 അംഗങ്ങൾ ഉള്ള പുതിയ ദേശീയ കൗൺസിലിൽ 4 മന്ത്രിമാർ അടക്കം കേരളത്തിൽനിന്ന് 16 പേരുണ്ട്. 

ദേശീയ കൗൺസിലിലേക്കുള്ള പ്രതിനിധികളെ നിശ്ചയിക്കാനായി ചേർന്ന കേരള സംഘത്തിന്റെ യോഗത്തിൽ നേതൃത്വം പാനൽ വച്ചപ്പോൾ മുൻ മന്ത്രി വി.എസ്.സുനിൽകുമാറിനെ കൂടി ഉൾപ്പെടുത്തണമെന്ന് സംസ്ഥാന കൗൺസിൽ അംഗമായ ടി.ആർ.രമേഷ് ആവശ്യപ്പെട്ടു. എന്നാൽ, നേതൃത്വം ആ നിർദേശം തള്ളി. പാനൽ അംഗീകരിക്കുന്നതായും മത്സരിക്കാനില്ലെന്നും സുനിൽ യോഗത്തെ അറിയിച്ചു. 

കെ.ഇ.ഇസ്മായിലിന്റെ ഒഴിവിലാണ് സംസ്ഥാന അസി. സെക്രട്ടറി കൂടിയായ കെ.പ്രകാശ് ബാബു നിർവാഹകസമിതിയിൽ എത്തിയത്. നിലവിൽ സംസ്ഥാന കൗൺസിൽ അംഗമായ സന്തോഷ് കുമാർ ഒറ്റയടിക്ക് ദേശീയ കൗൺസിലിലും ദേശീയ നിർവാഹകസമിതിയിലും ഇടം പിടിച്ചു. ദേശീയ നിർവാഹക സമിതി അംഗമായ മലയാളി ആനി രാജ കേന്ദ്ര ക്വോട്ടയിൽ ആ ഘടകത്തിൽ തുടരും. 

മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, ജി.ആർ.അനിൽ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, രാജാജി മാത്യു തോമസ്, പി.പി.സുനീർ, ടി.ടി.ജിസ്മോൻ (കാൻഡിഡേറ്റ് അംഗം) എന്നിവരാണ് ദേശീയ കൗൺസിലിൽ പുതുതായി ഇടം കിട്ടിയ കേരള നേതാക്കൾ. കെ.പി.രാജേന്ദ്രൻ, ഇ.ചന്ദ്രശേഖരൻ, പി.വസന്തം, ജെ.ചിഞ്ചുറാണി എന്നിവർ തുടരും. കേന്ദ്ര കൺട്രോൾ കമ്മിഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട സത്യൻ മൊകേരി ദേശീയ കൗ‍ൺസിലിൽ എക്സ് ഒഫീഷ്യോ അംഗമായിരിക്കും. പുതുതായി പാർട്ടി സമിതികളിൽ എത്തിയ എല്ലാവരും തന്നെ ഉറച്ച കാനം പക്ഷക്കാരാണ്. 

Content Highlight: CPI Party Congress 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com