ADVERTISEMENT

ബാലി (ഇന്തൊനീഷ്യ) ∙ ഇന്ന് ആരംഭിക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാലിയിലെത്തി. 45 മണിക്കൂർ നീളുന്ന സന്ദർശനത്തിനിടെ 20 യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. ജി 20 സമ്മേളനത്തിന്റെ ഭാഗമായ 3 സെഷനുകൾക്കു പുറമേ വിവിധ നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തുന്നത് ഉൾപ്പെടെയാണിത്. ലോക സമ്പദ്‌വ്യവസ്ഥ, ഊർജം, പരിസ്ഥിതി, കൃഷി, ആരോഗ്യം തുടങ്ങിയവയെക്കുറിച്ചും ലോക രാഷ്ട്രീയ സ്ഥിതിഗതികളും ചർച്ചയാകും. ഇവിടത്തെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി ഇന്ന് സംവദിക്കും. 

സമ്മേളനത്തിൽ ഇന്തൊനീഷ്യ പ്രസിഡന്റ് ജോകോ വിഡോഡോ ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്കു കൈമാറും. ഡിസംബർ 1 മുതലാണ് ഇന്ത്യ അധ്യക്ഷത വഹിക്കുക. അടുത്തവർഷം ഇന്ത്യയിൽ നടക്കുന്ന ജി 20 സമ്മേളനത്തിന് നേതാക്കളെ ക്ഷണിക്കുന്നതും പ്രധാനമന്ത്രിയുടെ അജൻഡയിലുണ്ട്. വസുധൈവ കുടുംബകം എന്നതാണ് ഇന്ത്യയുടെ ജി 20 സമ്മേളനത്തിന്റെ മുഖ്യ ആശയം. 

ഇതേസമയം, ഉച്ചകോടിക്കെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റായ ശേഷം ബൈഡൻ ഇതാദ്യമാണ് ഷിയുമായി കൂടിക്കാഴ്ച നടത്തുന്നത്. സാമ്പത്തിക രംഗത്ത് ഇരുരാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്തണമെന്ന് ബൈഡൻ പറഞ്ഞു. ഉത്തര കൊറിയ ആണവ പരീക്ഷണം തുടരുന്നതു തടയാൻ ഇടപെടണമെന്നും ബൈഡൻ ഷിയോട് അഭ്യർഥിച്ചു. സഹകരിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം ഇരുനേതാക്കളും ആവർത്തിച്ചു.

യുഎസ് കോൺഗ്രസ് സ്പീക്കർ നാൻസി പെലോസിയുടെ തയ്‍വാൻ സന്ദർശനത്തെ തുടർന്ന് വഷളായ യുഎസ്–ചൈന ബന്ധം മെച്ചമാക്കാൻ ഇരുവരുടെയും കൂടിക്കാഴ്ച സഹായിച്ചേക്കും. ഈജിപ്തിൽ യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് ബൈഡൻ ബാലിയിലെത്തുന്നത്. കംബോഡിയയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ കൂടി പങ്കെടുത്തശേഷം മടങ്ങും.

‘രാജ്നാഥിന്റെ പരാമർശം തെറ്റിദ്ധരിപ്പിക്കുന്നത്’

ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി 20 യോഗത്തിന്റെ ലോഗോ സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തെറ്റിദ്ധരിപ്പിക്കുന്ന പരാമർശങ്ങളാണ് നടത്തിയതെന്ന് കോൺഗ്രസ് വിമർശിച്ചു. ലോഗോയിലെ താമര ഇന്ത്യയുടെ സാംസ്കാരിക ചിഹ്നമാണെന്ന രീതിയിൽ രാജ്നാഥ് സിങ് പ്രസംഗിച്ചിരുന്നു. താമരയെക്കാൾ ഇന്ത്യയുടെ സാംസ്കാരിക സ്വത്വവുമായി ബന്ധപ്പെട്ടതാണ് കൈപ്പത്തിയെന്നും എന്നാൽ അധികാരത്തിലിരുന്നപ്പോൾ അത് എവിടെയെങ്കിലും തിരുകിക്കയറ്റാൻ കോൺഗ്രസ് ശ്രമിച്ചില്ലെന്നും പാർട്ടി നേതാവ് ജയ്റാം രമേഷ് പറഞ്ഞു.

English Summary: Prime minister Narendra Modi in Bali for G20 summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com