ADVERTISEMENT

ബാലി (ഇന്തൊനീഷ്യ) ∙ റഷ്യയിൽനിന്ന് ഇന്ത്യ ക്രൂഡോയിൽ വാങ്ങുന്നതിൽ യുഎസിനും യൂറോപ്യൻ രാജ്യങ്ങൾക്കുമുള്ള ഇഷ്ടക്കേടിനാണ് ജി20 സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരോക്ഷമായി മറുപടി നൽകിയത്. ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന നിലയിൽ ഇന്ത്യയുടെ ഊർജ സുരക്ഷിതത്വം സുപ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഊർജ വിപണിയിൽ ഉപരോധമേർപ്പെടുത്തേണ്ട സമയമല്ലിത്. ഇത്തരം കാര്യങ്ങളിൽ സമവായമുണ്ടാക്കാൻ ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം വഹിക്കുമ്പോൾ നടപടിയെടുക്കുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുടെ സാന്നിധ്യത്തിൽ മോദി പറഞ്ഞു. 

ജി20 സമ്മേളനത്തിന്റെ പ്രഖ്യാപനത്തിൽ റഷ്യയ്ക്കെതിരെ കടുത്ത നിലപാടെടുക്കാൻ യുഎസും യൂറോപ്യൻ യൂണിയനും സമ്മർദം ചെലുത്തുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.  ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ കടുത്ത നടപടി പാടില്ലെന്ന അഭിപ്രായക്കാരാണ്. ഈ സമ്മേളനത്തിൽ റഷ്യൻ പ്രസിഡന്റ് പുട്ടിൻ പങ്കെടുക്കുന്നില്ല. വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവാണ് റഷ്യയെ പ്രതിനിധീകരിക്കുന്നത്. റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തെ അപലപിക്കുന്ന ഒരു വരി കൂടി ജി20 പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പാശ്ചാത്യ രാജ്യങ്ങൾ ഉച്ചകോടിയെ ‘രാഷ്ട്രീയവൽക്കരിക്കാൻ’ ശ്രമം നടത്തിയതായി ലാവ്​റോവ് ആരോപിച്ചു. 

ഡിസംബർ 1 മുതൽ ജി20യുടെ തുടർന്നുള്ള അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്കാണ്. ഇന്ത്യ അധ്യക്ഷപദവി ഏറ്റെടുക്കുന്ന കാര്യത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് മോദി പറഞ്ഞു. ‘ബുദ്ധന്റെയും ഗാന്ധിയുടെയും മണ്ണിൽ ഒത്തുചേരുമ്പോൾ ലോകസമാധാനത്തെപ്പറ്റി ശക്തമായ സന്ദേശം നൽകാൻ നമുക്ക് കഴിയും’– അദ്ദേഹം പറഞ്ഞു.

സഹകരണം വർധിപ്പിക്കാൻ മോദി – ബൈഡൻ ചർച്ച

ജി20 സമ്മേളനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഉഭയകക്ഷി ചർച്ച നടത്തി. ബന്ധം കൂടുതൽ സുദൃഢവും ഊഷ്മളവുമാക്കുന്നതിന് തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഇരു നേതാക്കളും പറഞ്ഞു. അടുത്തകാലത്ത് ഉഭയകക്ഷി ബന്ധങ്ങളിലുണ്ടായ ഊർജസ്വലതയിൽ ഇരു നേതാക്കളും തൃപ്തി പ്രകടിപ്പിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകുമായും മോദി അനൗപചാരിക ചർച്ചകൾ നടത്തി.

English Summary: Prime Minister Narendra Modi speech in G20 summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com