ADVERTISEMENT

ന്യൂഡൽഹി ∙ സ്തനാർബുദ ചികിത്സയിൽ സുപ്രധാനമായതും ചെലവേറിയതുമായ ‘റൈബോസൈക്ലിബ്’ (Ribociclib) മരുന്നിന്റെ വില കുറയ്ക്കാൻ സർക്കാർ തലത്തിൽ നടപടിയുണ്ടാകില്ലെന്നു സ്ഥിരീകരിച്ചു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ സത്യവാങ്മൂലം. സ്തനാർബുദം ബാധിച്ച റിട്ട. ബാങ്ക് ജീവനക്കാരി ചികിത്സച്ചെലവിന്റെ ഭാരം ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിക്കുള്ള മറുപടിയിലാണ് സർക്കാർ നിലപാടു വ്യക്തമാക്കിയത്. കേസ് തുടരുന്നതിനിടെ ഹർജിക്കാരി മരിച്ചെങ്കിലും സ്വമേധയാ കേസെടുത്ത ഹൈക്കോടതി ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണം തേടിയിരുന്നു.

റൈബോസൈക്ലിബിന്റെ ഫലപ്രാപ്തി ഹരിയാന ജജ്ജറിലെ ദേശീയ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനെ ഉദ്ധരിച്ച് ആരോഗ്യമന്ത്രാലയം സത്യവാങ്മൂലത്തിൽ സ്ഥിരീകരിക്കുന്നു. ഉയർന്ന വില പ്രതിസന്ധിയാണെന്നതും സത്യവാങ്മൂലത്തിലുണ്ട്. 200 മില്ലിഗ്രാം വീതം പ്രതിദിനം 3 എണ്ണം 21 ദിവസത്തേക്കാണ് സാധാരണ ഡോസേജ്. ഇതിനു മാത്രം 58,140 രൂപയാണു ചെലവ്. നൊവാരിറ്റസിന്റെ മരുന്ന് ഇന്ത്യയിൽ സാൻഡോസ് എന്ന കമ്പനി ലഭ്യമാക്കുന്നു. മറ്റു 2 കമ്പനികൾക്കു കൂടി ഉൽപാദന അനുമതിയുണ്ടെങ്കിലും പകർപ്പവകാശ നിയമപ്രശ്നങ്ങളിൽ കുടുങ്ങിയതിനാൽ ഉൽപാദനം നടക്കുന്നില്ല; ഫലം ഉയർന്ന വില.

പേറ്റന്റ് നിയന്ത്രണമില്ലാതെ ഇന്ത്യയിൽ മരുന്ന് ഉൽപാദിപ്പിക്കാൻ പേറ്റന്റ് നിയമത്തിൽ വ്യവസ്ഥയുണ്ട്. അടിയന്തര സാഹചര്യത്തിൽ നിർബന്ധിത ലൈസൻസ് നൽകുന്ന 92–ാം വകുപ്പ്, സർക്കാർ ആവശ്യങ്ങൾക്കായി പകർപ്പവകാശം ഉപയോഗപ്പെടുത്താവുന്ന 100–ാം വകുപ്പ് എന്നിവ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും നിലവിൽ ഈ സാഹചര്യമില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വാദം.

English Summary: High price for Breast Cancer medicine 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com