മംഗളൂരു സ്ഫോടനം : കോയമ്പത്തൂർ കാർ സ്ഫോടനക്കേസ് പ്രതികളെ എൻഐഎ ചോദ്യംചെയ്യും

HIGHLIGHTS
  • സൂത്രധാരൻ ഷാരിഖിന്റെ ആലുവയിലെ അടക്കം സഹായികളെ കണ്ടെത്താൻ ശ്രമം
mangaluru-blast
SHARE

ചെന്നൈ ∙ കോയമ്പത്തൂർ കാർ സ്ഫോടനക്കേസിലെ പ്രതികളെ മംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാൻ എൻഐഎ നീക്കം തുടങ്ങി. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിനും മംഗളൂരു പ്രഷർ കുക്കർ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ മുഹമ്മദ് ഷാരിഖും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്നു കേന്ദ്ര ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. സ്ഫോടനത്തിനു സാമ്പത്തിക സഹായം ചെയ്തെന്നു കരുതുന്ന ശിവമൊഗ്ഗ സ്വദേശി അബ്ദുൽ മദീൻ അഹമ്മദ് ത്വാഹയെ കണ്ടെത്താൻ തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയിട്ടുമുണ്ട്. ജമേഷ മുബിനും മുഹമ്മദ് ഷാരിഖും കോയമ്പത്തൂരിലെ ശിരിങ്കനെല്ലൂരിലാണ് കൂടിക്കാഴ്ച നടത്തിയത്.

സെപ്റ്റംബറിലും ഒക്ടോബറിലും കോയമ്പത്തൂരിൽ വന്നിരുന്ന ഷാരിഖ് ഗാന്ധിനഗറിലെ ഡോർമിറ്ററിയിൽ മൂന്നുദിവസം താമസിച്ചു. ഈ ഡോർമിറ്ററി പൊലീസ് പൂട്ടി സീൽ ചെയ്തു. കാർ ബോംബ് സ്ഫോടനവും മംഗളൂരുവിലെ പൊട്ടിത്തെറിയും തമ്മിൽ ബന്ധമുണ്ടോയെന്നാണു കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്. നിലവിൽ ജയിലിൽ കഴിയുന്ന 6 പേർക്കു ഷാരിഖുമായി ബന്ധമുണ്ടോയെന്നറിയാൻ ചോദ്യം ചെയ്യും. കോയമ്പത്തൂരിനു പുറമേ ഷാരിഖ് സന്ദർശിച്ച തിരുച്ചിറപ്പള്ളി, മധുര, ചെന്നൈ, ആലുവ എന്നിവിടങ്ങളിലെ ഇയാളുടെ സഹായികളെ കണ്ടെത്താനും ശ്രമം തുടങ്ങി.

കോയമ്പത്തൂരിൽ ഷാരിഖിനു സിം കാർഡ് എടുത്തുനൽകിയ ഊട്ടിയിലെ സ്വകാര്യ സ്കൂൾ അധ്യാപകൻ സുരേന്ദ്രനെ തുടർച്ചയായ മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. അതേ സമയം, പുഴൽ ജയിലിൽ കഴിയുന്ന കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതികളെ ഇന്നലെ എൻഐഎ കോടതിയിൽ വിഡിയോ കോൺഫറൻസിങ് വഴി വീണ്ടും ഹാജരാക്കി. പ്രതികളുടെ കേരളത്തിലെ ബന്ധങ്ങൾ സംബന്ധിച്ച അന്വേഷണവും കേന്ദ്രഏജൻസികൾ ശക്തമാക്കിയിട്ടുണ്ട്. കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ(എടിഎസ്) സഹകരണവും അന്വേഷണ സംഘം തേടി. കേന്ദ്ര ഏജൻസികളുടെ പ്രതിനിധികൾ ഇന്നലെ കൊച്ചിയിൽ പ്രത്യേക അവലോകന യോഗം ചേർന്നു നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചു.

English Summary : Mangaluru Blast accuses will be interrogated by NIA

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.