മധുരം പകർന്ന് രസഗുള; മമതയോടെ ആനന്ദബോസിന്റെ തുടക്കം

cv-ananda-bose-and-mamata-banerjee
ബംഗാൾ ഗവർണറായി ചുമതലയേറ്റ കേരള കേഡർ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ സി.വി. ആനന്ദബോസിനെ അഭിവാദ്യം ചെയ്യുന്ന മുഖ്യമന്ത്രി മമത ബാനർജി. ബംഗാൾ മന്ത്രി അരൂപ് ബിശ്വാസ്, ആനന്ദബോസിന്റെ ഭാര്യ ലക്ഷ്മി എന്നിവർ സമീപം.
SHARE

കൊൽക്കത്ത ∙ ബംഗാൾ ഗവർണർ പദവിയിൽ സി.വി.ആനന്ദബോസിനു മധുരമുള്ള തുടക്കം. രാജ്ഭവനിലേക്കു രസഗുള അയച്ചാണ് മുഖ്യമന്ത്രി മമത ബാനർജി പുതിയ ഗവർണറെ വരവേറ്റത്. സർക്കാർ – ഗവർണർ പോര് കേരളം, തമിഴ്നാട് എന്നിവിടങ്ങളിലേതിനെക്കാൾ രൂക്ഷമായിരുന്ന ബംഗാളിൽ ഇതു വേറിട്ട കാഴ്ചയായി.

രാജ്ഭവനിൽ നടന്ന ചടങ്ങിൽ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ മുൻപാകെ സത്യവാചകം ചൊല്ലിയാണ് ആനന്ദബോസ് ചുമതലയേറ്റത്. മുഖ്യമന്ത്രി, മന്ത്രിമാർ, മുൻ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധി, ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആനന്ദബോസിന്റെ ഭാര്യയും മകനും കേരളത്തിൽനിന്ന് ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ ബിജെപി നേതാക്കളും ചടങ്ങിനെത്തിയിരുന്നു.

മണിപ്പുർ ഗവർണർ ലാ ഗണേശനിൽനിന്നാണ് ആനന്ദബോസ് ചുമതല ഏറ്റെടുത്തത്. ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായപ്പോഴാണ് ലാ ഗണേശന് ബംഗാളിന്റെ അധികച്ചുമതല നൽകിയത്. 1977 കേരള കേഡർ ഐഎ എസ് ഉദ്യോഗസ്ഥനായിരുന്ന ആനന്ദബോസ് മുൻപ് കൊൽക്കത്ത നാഷനൽ മ്യൂസിയത്തിൽ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. സിവിൽ സർവീസിലെത്തുന്നതിനു മുൻപ് എസ്ബിഐയിൽ ഓഫിസറായും കൊൽക്കത്തയിലുണ്ടായിരുന്നു.

ഇരിപ്പിട പ്രശ്നം: ചടങ്ങ് ബഹിഷ്കരിച്ച് സുവേന്ദു

ആനന്ദബോസ് ചുമതലയേൽക്കുന്ന ചടങ്ങിൽനിന്ന് പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി വിട്ടുനിന്നു. ബിജെപി ടിക്കറ്റിൽ ജയിച്ചശേഷം തൃണമൂൽ കോൺഗ്രസിലേക്കു മാറിയ രണ്ട് എംഎൽഎമാർക്കൊപ്പമാണ് ഇരിപ്പിടമൊരുക്കിയതെന്ന് ആരോപിച്ചായിരുന്നു ബഹിഷ്കരണം. പുതിയ ഗവർണറെ അഭിനന്ദിച്ച പ്രതിപക്ഷനേതാവ് അനുമതി ലഭിച്ചാലുടൻ അദ്ദേഹത്തെ നേരിട്ടുകാണുമെന്നും പറഞ്ഞു. അതേസമയം, ചടങ്ങിൽ ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസിനോടു മമത കാട്ടിയ ആദരം ശ്രദ്ധേയമായി. രണ്ടാംനിരയിലായിരുന്ന ബിമൻ ബോസിനെ മമത മുൻനിരയിലേക്കു വിളിച്ചിരുത്തി.

English Summary: CV Ananda Bose takes charge as Governor of West Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS