ADVERTISEMENT

അസം സർക്കാർ ലച്ചിത് ബർഫുകന്റെ 400 -ാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ സമയത്ത്, അദ്ദേഹത്തിന്റെ വീരകൃത്യങ്ങൾ സഹപൗരന്മാർക്കു മുന്നിൽ അവതരിപ്പിക്കേണ്ടത് എന്റെ കടമയാണ്. അസമിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് ലച്ചിത് ബർഫുകൻ. അജയ്യമായ ധീരതയുടെയും വീര്യത്തിന്റെയും ത്യാഗത്തിന്റെയും ദേശസ്‌നേഹത്തിന്റെയും ആൾരൂപം.

അസമിന്റെ ഭാഗങ്ങൾ മുഗൾവംശം കൈയ്യടക്കിക്കൊണ്ടിരിക്കുമ്പോഴാണ് നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള പ്രത്യാക്രമണം അഹോം രാജാവായ സ്വർഗദേവോ ചക്രധ്വജസിംഹ ആരംഭിച്ചത്. ചക്രധ്വജ സിംഹ രാജാവ്,  ലച്ചിത് ബർഫുകനെ അദ്ദേഹത്തിന്റെ അഹോം സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫായി നിയമിക്കുകയും ചെയ്തു. ഔറംഗസീബ് ചക്രധ്വജ് രാജാവിന് അയച്ചുകൊടുത്ത മേലങ്കി ധരിക്കാൻ ചക്രധ്വജ് രാജാവ് വിസമ്മതിക്കുകയും അത് പിന്നീട് ചരിത്രപ്രധാനമായ സരാഘട്ട് യുദ്ധത്തിൽ കലാശിക്കുകയുമായിരുന്നു. 

ആ സമയത്ത്, അഹോം സൈനികർക്ക് ആത്മവിശ്വാസം വളർത്താൻ ഒരു നേതാവിനെ ആവശ്യമായിരുന്നു. ലച്ചിത് ബർഫുകൻ ആ ജോലി ഏറ്റെടുത്തു, സൈന്യത്തിന് ആത്മവിശ്വാസം പകർന്നു, പോരാട്ടങ്ങളിൽ മുഗളരെ മുട്ടുകുത്തിച്ചു. 1671ലെ സരാഘട്ട് യുദ്ധത്തിൽ അസം പിടിച്ചെടുക്കാനുള്ള മുഗളന്മാരുടെ ശ്രമത്തെ പരാജയപ്പെടുത്തിയത് അദ്ദേഹത്തിന്റെ യശസ്സുയർത്തി. ഗുവാഹത്തിയിലെ ബ്രഹ്മപുത്രയുടെ തീരത്താണ് 'സരാഘട്ട് യുദ്ധം' നടന്നത്. രാംസിംഗിന്റെ നേതൃത്വത്തിലുള്ള മുഗൾസേനയെയാണ് ലച്ചിത് പരാജയപ്പെടുത്തിയത്.

himanta-biswa-sarma
അസം സർക്കാർ സംഘടിപ്പ് ലച്ചിത് ബർഫുകന്റെ 400 -ാം ജന്മദിനം ആഘോഷങ്ങളിൽ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ, . കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ: ചിത്രം: Twitter@himantabiswa

യുദ്ധത്തിന്റെ വേദിയും സമയവും മാറ്റുക എന്നതായിരുന്നു ലച്ചിത്തിന്റെ മികച്ച തന്ത്രപരമായ നീക്കങ്ങളിലൊന്ന്. അക്ഷമനും അമിത ആത്മ വിശ്വാസിയുമായിരുന്ന ഔറംഗസീബിനെ ലച്ചിത് നിരാശപ്പെടുത്തിയത് തന്റെ സൈന്യത്തെ സമതലങ്ങളിൽ നിന്ന് നദിയിലേക്ക് തിരിച്ചുവിട്ടാണ്. 

ഒരു പക്ഷേ,കടലുമായി ബന്ധമില്ലാത്ത സ്ഥലത്ത്  അതിശക്തമായ ഒരു നാവികസേന കെട്ടിപ്പടുത്ത ഒരേയൊരു ജനറൽ ആയിരുന്നു ലച്ചിത്. മുഗളന്മാർ നാവികയുദ്ധത്തിൽ പരിശീലനം സിദ്ധിക്കാത്തവരായിരുന്നു. ലച്ചിത് വിദഗ്ദ്ധമായി ഗുവാഹത്തിയിലെ ദിഗാലിപുഖുരിയെ യുദ്ധക്കപ്പലുകൾ ശക്തരിൽ നിന്ന് മറയ്ക്കുന്നതിനുള്ള ഒരു തുറമുഖമാക്കി മാറ്റി. മുഗളന്മാരുടെ കണ്ണിൽപെടാതെ ഇവിടെയാണ് നാവികസേനാ ബോട്ടുകൾ ഒളിപ്പിച്ചുവെച്ചത്. മുഗളന്മാരോട് യുദ്ധംചെയ്യാൻ ബോട്ടുകളിൽ പീരങ്കികൾ ഘടിപ്പിച്ചു. ബ്രഹ്മപുത്രയുടെ ഏറ്റവും ഇടുങ്ങിയ വിസ്തൃതിയുള്ള ഇവിടെ നാവികസേനയ്ക്ക് ആക്രമണം നടത്താൻ പറ്റിയ ഇടമായി.  മധ്യകാലഘട്ടത്തിലെ മറ്റൊരു ചരിത്രയുദ്ധം മാത്രമല്ല  സാരാഘട്ട്. മുഗൾ അധീനതയിൽ നിന്ന് അസമിന്റെയും വടക്കുകിഴക്കൻ ഇന്ത്യയുടെയും വ്യക്തിത്വത്തെയും സംസ്കാരത്തെയും സംരക്ഷിച്ച വിജയമായിരുന്നു അത്.

assam-cm
അസം സർക്കാർ സംഘടിപ്പ് ലച്ചിത് ബർഫുകന്റെ 400 -ാം ജന്മദിനം ആഘോഷങ്ങളിൽ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ: ചിത്രം: Twitter@himantabiswa

1982 എന്ന വർഷം ഞാൻ വ്യക്തമായി ഓർക്കുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ചരിത്ര പുസ്തകത്തിൽ മഹാവീർ ലച്ചിത് ബർഫുകനെക്കുറിച്ചുള്ള അധ്യായം പഠിക്കാനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സൈനികവീര്യം എന്നെ വല്ലാതെ സ്വാധീനിച്ചു. ഞാൻ ആ അദ്ധ്യായം പലതവണ വായിച്ചു. അദ്ദേഹത്തിന്റെ ധീരതയെക്കുറിച്ച് കൂടുതൽ അറിയുന്നത് അപ്പോഴാണ്. 

മുഗൾ സാമ്രാജ്യത്തെ പുകഴ്ത്തുമ്പോഴും ധീരനായ ജനറൽ ലച്ചിത് ബർഫുകന് ഇന്ത്യയിൽ കുറഞ്ഞ പ്രാധാന്യമാണ് നൽകിയത്. ക്രൂരമായ മുഗൾ സൈന്യത്തിന്റെ വടക്കുകിഴക്കൻ വിപുലീകരണത്തെ ചെറുത്തുനിന്ന വ്യക്തിയാണ് അദ്ദേഹം. ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മൾ നമ്മുടെ വീരൻമാരെ മറന്ന് അധിനിവേശക്കാരെ ആശ്ലേഷിക്കുകയാണോ എന്ന് സ്വയം ചോദിച്ചുപോയിട്ടുണ്ട്.

borphukan
അസം സർക്കാർ സംഘടിപ്പ് ലച്ചിത് ബർഫുകന്റെ 400 -ാം ജന്മദിനം ആഘോഷങ്ങളിൽ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ, . കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ: ചിത്രം: Twitter@himantabiswa

സരാഘട്ട് യുദ്ധത്തിന്റെ ഒരു നിർണായക സമയത്താണ് ലച്ചിത് ബർഫുകൻ അസുഖബാധിതനാവുന്നത്. എന്നിട്ടും, തന്റെ അസാന്നിധ്യം സൈന്യത്തിന്റെ മനോവീര്യം തകർക്കുമെന്ന് മനസിലാക്കിയ അദ്ദേഹം യുദ്ധക്കളത്തിലിറങ്ങുകയായിരുന്നു. ഏറ്റവും വെല്ലുവിളി നിറഞ്ഞ പോരാട്ടങ്ങളിൽ വിജയിക്കാനുള്ള ധൈര്യം എങ്ങനെയുണ്ടാക്കാമെന്ന് ലച്ചിതിന്റെ ജീവിതം എന്നെ പഠിപ്പിച്ചു. അതിൽ എടുത്തുപറയേണ്ട സംഗതിയാണ് രാജ്യത്തോടുള്ള സ്നേഹവും ഉത്തരവാദിത്വവും. 

അസം ഇന്ന് ഒരു പ്രധാന വഴിത്തിരിവിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അസമിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഭീകരത, മയക്കുമരുന്ന്, ജനസംഖ്യാപരമായ മാറ്റം കൂടാതെ അനധികൃത കുടിയേറ്റം എന്നിവയ്‌ക്കെതിരെയാണ് നമ്മുടെ പോരാട്ടം. ഈ വിജയം നേടാൻ നിരവധി ലച്ചിത് ബർഫുകൻമാരെ ആവശ്യമുണ്ട്. അവർ അത് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതുപോലുള്ളവർ ഉയർന്നു വരേണ്ടത് കഴിവുള്ള നമ്മുടെ യുവാക്കൾക്കിടയിൽ നിന്നാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ജനറലിന്റെ ജീവിതം ഒരു ജനത എന്ന നിലയിൽ ആഘോഷിക്കേണ്ടേതുണ്ട്. ഭാവി തലമുറയെ ധൈര്യപ്പെടുത്താനും ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനും ബർഫുകൻ കാണിച്ചുതന്ന വഴികൾ നമുക്ക് മുമ്പിലുണ്ട്.

English Summary: On his 400th birth anniversary  Himanta Biswa Sarma remembers Lachit Borphukan, the legendary Ahom general

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com