ADVERTISEMENT

ന്യൂഡൽഹി ∙ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പു കമ്മിഷണറായി നിയമിച്ച കേന്ദ്ര സർക്കാർ നടപടിയുടെ രേഖകൾ സുപ്രീം കോടതി പരിശോധിക്കുന്നു. ഫയലുകൾ ഇന്നു തന്നെ ഹാജരാക്കാൻ ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് കേന്ദ്ര സർക്കാരിനോടു നിർദേശിച്ചു. 

രേഖകൾ ഹാജരാക്കണമെന്ന നിർദേശത്തെ ശക്തമായി കേന്ദ്രം എതിർത്തെങ്കിലും ‘എല്ലാം ശരിയായി’യാണു നടന്നത് എന്നുറപ്പാക്കാനാണ് രേഖകൾ ആവശ്യപ്പെടുന്നതെന്നു കോടതി വിശദീകരിച്ചു. തിരഞ്ഞെടുപ്പു കമ്മിഷണർ നിയമന കാര്യത്തിൽ പരിഷ്കാരം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേ, ഹർജിക്കാർക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണാണു വിഷയം ഉന്നയിച്ചത്.

സർവീസിൽനിന്നു സ്വയം വിരമിച്ച് (വിആർഎസ്) 2 ദിവസത്തിനകമാണ് അരുൺ ഗോയലിനു തിര‍ഞ്ഞെടുപ്പു കമ്മിഷണറായി നിയമനം ലഭിച്ചത്. സാധാരണ സർവീസിൽ നിന്നു വിരമിച്ചവരാണ് കമ്മിഷണർമാരാകുന്നത്. എന്നാൽ, അരുൺ ഗോയൽ സർക്കാർ സെക്രട്ടറിയായിരുന്ന് തന്നെയാണ് ഈ പദവിയിലേക്കു തിര‍ഞ്ഞെടുക്കപ്പെട്ടതെന്നും പെട്ടെന്നു വിആർഎസ് എടുത്തു പദവി നേടുകയാണു ചെയ്തതെന്നും പ്രശാന്ത് ഭൂഷൺ വാദിച്ചു.

സാധാരണഗതിയിൽ വിആർഎസ് എടുക്കുന്നവർ 3 മാസ നോട്ടിസ് നൽകുമെന്ന് ജസ്റ്റിസ് കെ.എം.ജോസഫ് ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണു രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. ഇത് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി എതിർത്തു. കഴിഞ്ഞ 20നാണ് അരുൺ ഗോയലിന്റെ നിയമനം. 2027 ഡിസംബർ വരെ കമ്മിഷനിൽ തുടരും. നിയമനത്തിനു തൊട്ടുമുൻപുവരെ കേന്ദ്ര ഘനവ്യവസായ സെക്രട്ടറിയായിരുന്നു.

വോട്ടവകാശം ഭരണഘടനാപരം

വോട്ടവകാശം നിയമപരമായ ഒരാവകാശം മാത്രമാണെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ വാദത്തോടു സുപ്രീം കോടതി വിയോജിച്ചു. വോട്ടവകാശം ഭരണഘടനാപരമാണെന്നു പറഞ്ഞ ജസ്റ്റിസ് കെ.എം.ജോസഫ്, ഭരണഘടനയുടെ 326–ാം വകുപ്പിനെക്കുറിച്ചു ചോദിച്ചു. ഈ വകുപ്പ് വായിച്ചായിരുന്നു തിരഞ്ഞെടുപ്പു കമ്മിഷന്റെ അഭിഭാഷകൻ പ്രതികരിച്ചത്. വോട്ടറായിരിക്കാൻ അവകാശമുണ്ടായിരിക്കുന്നതാണെന്ന വകുപ്പിലെ ഭാഗം എടുത്തു പറഞ്ഞ ജസ്റ്റിസ് ജോസഫ് ഇതു നിയമപരമായ അവകാശം മാത്രമാണെന്നു പറയാനാകില്ലെന്നും ഭരണഘടനാപരമാണെന്നും വ്യക്തമാക്കി.

പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാതിരുന്നാൽ ?

പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി ആവശ്യമായി വരുന്ന ഘട്ടത്തിൽ അതുണ്ടായില്ലെങ്കിൽ അതു സംവിധാനത്തിന്റെ തകർച്ചയായി കരുതാമോയെന്ന് സുപ്രീം കോടതിയുടെ ചോദ്യം. തിരഞ്ഞെടുപ്പു കമ്മിഷണർ നിയമന കാര്യത്തിൽ പരിഷ്കാരം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേയാണ് കമ്മിഷന്റെ സ്വതന്ത്രപ്രവർത്തനത്തിൽ സംശയം ഉയർത്തി ചോദ്യം ഉന്നയിച്ചത്. 

നിയമനസമിതിയിൽ ചീഫ് ജസ്റ്റിസ് വേണമെന്ന നിർദേശം കഴിഞ്ഞദിവസം മുന്നോട്ടുവച്ച കോടതി, ഇന്നലെയും സമാന സൂചന നൽകി. അധികാരത്തിലിരിക്കുന്ന പാർട്ടിയോട് ‘യെസ്’ പറയുന്ന ആളെയാണ് എല്ലാ സർക്കാരുകളും തിരഞ്ഞെടുപ്പു കമ്മിഷൻ അധ്യക്ഷനാക്കുന്നതെന്നതാണ് ഹർജിക്കാരുടെ വാദം.

English Summary: Supreme Court examining documents of appointing Arun Goel as election commissioner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com