‘നിയമന മാനദണ്ഡം പറയൂ’: തിരഞ്ഞെടുപ്പു കമ്മിഷണർ കേസിൽ സർക്കാരിനെ നിർത്തിപ്പൊരിച്ച് സുപ്രീം കോടതി

supreme-court
സുപ്രീം കോടതി
SHARE

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കമ്മിഷണർമാരുടെ നിയമന നടപടികൾ പരിഷ്കരിക്കുന്നതും അവർക്കു പ്രവർത്തനസ്വാതന്ത്ര്യം ഉറപ്പാക്കുന്നതും സംബന്ധിച്ച ഹർജികളിലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേന്ദ്ര സർക്കാർ നടപടികൾ കീറിമുറിച്ചു പരിശോധിച്ചത്.

ഹർജികൾ പരിഗണിക്കുന്നതിനു തൊട്ടുമുൻപ്, അരുൺ ഗോയലിനെ ധൃതിപിടിച്ചു തിരഞ്ഞെടുപ്പു കമ്മിഷണറാക്കിയതാണ് കോടതിയെ ചൊടിപ്പിച്ചത്. തിരഞ്ഞെടുപ്പു കമ്മിഷണർമാരുടെ പ്രവർത്തന കാലാവധി 1991 ലെ നിയമപ്രകാരം 6 വർഷമോ 65 വയസ്സു വരെയോ ആണ്. 6 വർഷം കാലാവധി തികയ്ക്കാനാകാത്തവിധമാണ് കേന്ദ്ര സർക്കാർ നിയമനം നടത്തുന്നതെന്ന് വാദത്തിന്റെ ആദ്യദിവസം കോടതി കുറ്റപ്പെടുത്തിയിരുന്നു. ഇതു ശരിവയ്ക്കുന്നതായിരുന്നു ഇന്നലെ സർക്കാർ ഹാജരാക്കിയ ഫയലുകൾ.

നിയമമന്ത്രി 4 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കുമ്പോൾ എന്തായിരുന്നു മാനദണ്ഡമെന്ന് അറ്റോർണി ജനറലിനോടു (എജി) കോടതി ചോദിച്ചു. ‘വളരെ ശ്രദ്ധാപൂർവം അദ്ദേഹം നേരിട്ടു തിരഞ്ഞെടുത്ത’ 4 പേരിൽ ഒരാൾക്കു പോലും 6 വർഷ കാലാവധി തികയ്ക്കാൻ കഴിയില്ലെന്ന പരിഹാസവും ചൊരിഞ്ഞു. ‘‘ആ വിഭാഗത്തിൽ തത്തുല്യരായ ഓഫിസർമാരില്ലെന്നാണ് എജി പറഞ്ഞത്. എന്നാൽ, ഇതിനെക്കാൾ പ്രായം കുറഞ്ഞ ഓഫിസർമാരുടെ പട്ടിക വായിക്കാം’’– കോടതി പറഞ്ഞു. നിയമനത്തിനു നടപടിക്രമവും സംവിധാനമുണ്ടെന്നും എത്ര ഉദ്യോഗസ്ഥർക്ക് 6 വർഷം ബാക്കിയുണ്ടെന്നു നോക്കി നിയമനം നടത്താൻ കഴിയില്ലെന്നുമായിരുന്നു എജിയുടെ മറുപടി.

നിയമമന്ത്രി 4 പേരുകൾ നൽകിയതിന്റെ കാര്യകാരണങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ പ്രയാസപ്പെട്ടെന്നു കോടതി പ്രതികരിച്ചു. ഗോയലിന്റെ മികവാണ് പ്രധാനമെന്നും അല്ലാതെ അദ്ദേഹം വിആർഎസ് എടുത്തതല്ലെന്നായിരുന്നു എജിയുടെ തിരിച്ചടി. നിയമനം സംബന്ധിച്ച കോടതിയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് എജി ഒരേ മറുപടി തുടർന്നതോടെ, കോടതി പരിഹാസരൂപേണ പറഞ്ഞു– ‘‘ഒരു പോയിന്റ് ഞങ്ങൾ പറഞ്ഞുതരാം. തിര‍ഞ്ഞെടുപ്പ് എന്തായാലും കണക്കിന്റെ കളിയാണ്. അരുൺ ഗോയൽ കണക്കിൽ മിടുക്കനുമാണ്. ഗണിതശാസ്ത്രത്തിൽ സ്വർണ മെഡൽ ജേതാവ്.’’

പ്രശാന്ത് ഭൂഷണിനോട് എജി:‘വായടയ്ക്കൂ’

ഹർജിക്കാരനായ അനൂപ് ബരൻവാലിനു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ ഇടപെട്ടു സംസാരിക്കാൻ ശ്രമിച്ചത് എജി വെങ്കിട്ട രമണിയെ പ്രകോപിപ്പിച്ചു. ‘കുറച്ചുസമയത്തേക്കു വായടയ്ക്കൂ’ എന്ന് അദ്ദേഹം പറഞ്ഞു. നിയമനത്തെ പൊതുവിൽ പരിശോധിക്കാതെ കോടതി നിരീക്ഷണങ്ങൾ നടത്തരുതെന്നായിരുന്നു എജിയുടെ നിലപാട്. കോടതിയുടെ ചോദ്യങ്ങൾ ശ്രദ്ധിച്ചുകേട്ടു മറുപടി നൽകണമെന്നു ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് അജയ് രസ്തോഗി പ്രതികരിച്ചു. ഇതോടെ, കോടതിയുടെ ചോദ്യങ്ങൾ മറുപടി നൽകാൻ താൻ ബാധ്യസ്ഥനാണെന്ന് എജി പറഞ്ഞു.

English Summary: Supreme Court in Election Commissioner Case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA