ADVERTISEMENT

ന്യൂഡൽഹി ∙ ഭരണഘടനാ അസംബ്ലിയിലെ സ്ത്രീകളുടെ സംഭാവനയെക്കുറിച്ചു വളരെക്കുറച്ചു ചർച്ചയെ നടന്നിട്ടുള്ളൂവെന്നും യുവജനങ്ങൾക്ക് ഇതുസംബന്ധിച്ച ധാരണ നൽകുന്നതു പ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സുപ്രീം കോടതി സംഘടിപ്പിച്ച ഭരണഘടനാദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ അസംബ്ലിയിൽ അംഗമായിരുന്ന ഏക ദലിത് വനിതയും മലയാളിയുമായ ദാക്ഷായണി വേലായുധനെക്കുറിച്ചും മോദി പരാമർശിച്ചു.

ഭരണഘടനാ അസംബ്ലിയിൽ 15 വനിതാ അംഗങ്ങളുണ്ടായിരുന്നു. അതിൽ ദാക്ഷായണി വേലായുധൻ പിന്നാക്ക സമുദായാംഗമായിരുന്നു. ദലിതർക്കും താഴേക്കിടയിലുള്ളവർക്കും അവർ നിർണായക സംഭാവന നൽകി. സമാനമായി പ്രവർത്തിച്ച ദുർഗാബായ് ദേശ്മുഖ്, ഹൻസ മെഹ്ത, രാജ്കുമാരി അമൃത്കൗർ തുടങ്ങിയ വനിതകളെക്കുറിച്ചും യുവതലമുറയെ പഠിപ്പിക്കുന്നതു ജനാധിപത്യത്തെയും രാജ്യത്തിന്റെ ഭാവിയെയും ശക്തിപ്പെടുത്തും.

ഭരണഘടനയുടെ ആമുഖത്തിലെഴുതിയിരിക്കുന്ന ‘ഇന്ത്യയിലെ ജനങ്ങളായ നാം’ എന്നതു വെറും വാക്കുകളെല്ലെന്നും അതു വിളിച്ചുണർത്തലും പ്രതിജ്ഞയും വിശ്വാസവും വികാരവുമാണെന്നും മോദി പറഞ്ഞു. ജി20 അധ്യക്ഷ പദവി ഇന്ത്യയെ സംബന്ധിച്ചു സുവർണാവസരമാണെന്നും മോദി ചൂണ്ടിക്കാട്ടി. ഭരണഘടനാ ശിൽപി ഡോ.ബി.ആർ. അംബേദ്കർ ഭരണഘടനാ അസംബ്ലിയിൽ അംഗമായിരുന്നവർ എന്നിവർക്കു നന്ദി അറിയിച്ച മോദി, മുംബൈ ഭീകരണാക്രമണത്തിൽ കൊല്ലപ്പെട്ടവരെയും അനുസ്മരിച്ചു. 

ഇന്ത്യൻ നിയമരംഗത്തു പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രാതിനിധ്യം കൂട്ടേണ്ടതുണ്ടെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. ഭരണഘടന വെറും നിയമപുസ്തകമല്ലെന്നും പാർശ്വവൽക്കരിക്കപ്പെട്ട ദലിതുകൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും കഥ അതിൽ ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുല്യതയും സ്വാതന്ത്ര്യവും പോലുള്ള ആശയങ്ങൾ ഇന്ത്യൻ നിയമത്തിൽ കൊണ്ടുവന്നത് അവരാണ്. കോളനിവാഴ്ചയ്ക്കെതിരായ ആദ്യ ചെറുത്തുനിൽപ്പുകൾ വന്നതും തനതു സമൂഹങ്ങളിൽ നിന്നാണ്. 

എല്ലാ വിഭാഗം ആളുകളിലേക്കും നീതിന്യായം എത്തിക്കുകയെന്നതാണു വെല്ലുവിളി. ആളുകൾ നീതി തേടി വരുന്നതിനെക്കാൾ, നീതിന്യായ വ്യവസ്ഥ അവരുടെ അടുത്തേക്ക് എത്തണം. സാങ്കേതിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നത് ഇതിൽ നിർണായകമാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു, അറ്റോർണി ജനറൽ ആർ.വെങ്കിട്ട രമണി, സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ് എന്നിവരും പ്രസംഗിച്ചു.

English Summary: Our Constitution is Open, Futuristic, Known For Progressive Views says PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com