ADVERTISEMENT

ന്യൂഡൽഹി∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, വിവാഹ റജിസ്ട്രേഷൻ, പാസ്പോർട്ട് അടക്കമുള്ളവയ്ക്കായി ജനനത്തീയതിയും ജനിച്ച സ്ഥലവും ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ജനന സർട്ടിഫിക്കറ്റ് അടിസ്ഥാനരേഖയാക്കുന്നു. ഇതടക്കം 1969ലെ ജനന–മരണ റജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതികൾ വരുത്താനുള്ള ബിൽ ഡിസംബർ 7ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ വന്നേക്കും. ഭേദഗതി സംബന്ധിച്ചു കഴിഞ്ഞ വർഷം പൊതുജനാഭിപ്രായം തേടിയിരുന്നു. 

ഇനി ദേശീയ ഡേറ്റാബേസ്

ദേശീയ ജനസംഖ്യ റജിസ്റ്റർ (എൻപിആർ), വോട്ടർ പട്ടിക, ആധാർ, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നീ വിവരശേഖരങ്ങൾ പുതുക്കുന്നതിനായി ജനന, മരണ റജിസ്ട്രേഷനുകളുടെ ദേശീയ ഡേറ്റാബേസ് ഒരുക്കും. 

നിലവിൽ സംസ്ഥാനങ്ങളാണ് ജനന–മരണ റജിസ്ട്രേഷൻ വിവരങ്ങൾ സൂക്ഷിക്കുന്നത്. ഭേദഗതി നടപ്പായാൽ എല്ലാ സംസ്ഥാനങ്ങളും വിവരങ്ങൾ കേന്ദ്രീകൃത ഡേറ്റാബേസിലേക്കു കൈമാറണം. ഡേറ്റാബേസ് പരസ്പരം ബന്ധിപ്പിച്ചു ജനന–മരണ വിവരം അടിസ്ഥാനമാക്കി ഓരോന്നിലെയും വിവരങ്ങൾ പുതുക്കുകയാണു ലക്ഷ്യം. ഉദാഹരണത്തിന് 18 വയസ്സാകുന്ന വ്യക്തി തനിയെ വോട്ടർ പട്ടികയുടെ ഭാഗമാകും. മരിക്കുമ്പോൾ ഈ പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്യും. 

ഭേദഗതിക്കെതിരെ സിപിഎം, എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി അടക്കമുള്ളവർ മുൻപു രംഗത്തെത്തിയിരുന്നു. സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും നിശ്ചിത ആവശ്യത്തിനു മാത്രം ശേഖരിച്ച വിവരങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതു സ്വകാര്യതാലംഘനമാണെന്നും വിമർശനമുണ്ട്. 

വിവരം നൽകാതിരുന്നാൽ 1,000 രൂപ പിഴ; കരട് വ്യവസ്ഥകൾ ഇങ്ങനെ

∙ ജനന–മരണ റജിസ്റ്ററുമായി ബന്ധപ്പെട്ടു വിവരങ്ങൾ നൽകാതിരുന്നാലുള്ള പിഴ 50 രൂപയിൽനിന്ന് 1,000 രൂപ ആക്കും. 

∙ ജനന, മരണ വിവരം ഔദ്യോഗികമായി അറിയിച്ചാൽ ഒരാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് നൽകിയിരിക്കണം. 

∙ സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്ന റജിസ്ട്രാർ, സബ് റജിസ്ട്രാർ, ഡോക്ടർ എന്നിവർക്കുള്ള പിഴയും 50 രൂപയിൽ നിന്ന് ആയിരമാക്കും. 

∙ മരണം നടക്കുന്ന ആശുപത്രിയിലെ അധികൃതർ ഉറ്റബന്ധുവിനും റജിസ്ട്രാർക്കും മരണകാരണം സംബന്ധിച്ച് സർട്ടിഫിക്കറ്റ് നൽകണം. 

∙ ജനനം, മരണം എന്നിവ നടന്ന് 30 ദിവസം കഴിഞ്ഞും ഒരു വർഷത്തിനുള്ളിലുമാണ് അറിയിക്കുന്നതെങ്കിൽ റജിസ്റ്റർ ചെയ്യാൻ ജില്ലാ റജിസ്ട്രാറുടെ അനുമതി വേണം. ഒരു വർഷം കഴിഞ്ഞാണെങ്കിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് വേണം. 

∙ റജിസ്ട്രാറുടെ നടപടിയിൽ അതൃപ്തിയുണ്ടെങ്കിൽ 30 ദിവസത്തിനകം ജില്ലാ റജിസ്ട്രാർക്ക് അപ്പീൽ നൽകണം. ജില്ല റജിസ്ട്രാർക്കെതിരെ ചീഫ് റജിസ്ട്രാർക്കും 30 ദിവസത്തിനകം അപ്പീൽ നൽകാം. 

English Summary: Birth Certificate to be made basic document

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com