ADVERTISEMENT

ന്യൂഡൽഹി ∙ ഡല്‍ഹിയില്‍ ഭര്‍ത്താവിനെ രണ്ടാം ഭാര്യയും മകനും ചേര്‍ന്ന് കൊന്നു കഷണങ്ങളാക്കാന്‍ കാരണം ആദ്യവിവാഹബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചതെന്ന് റിപ്പോര്‍ട്ട്. പശ്ചിമ ഡല്‍ഹിയിലെ പാണ്ഡവ് നഗറില്‍ താമസിച്ചിരുന്ന അഞ്ജന്‍ ദാസ് (45)  എന്നയാളെ കൊന്ന് കഷണങ്ങളാക്കി നഗരത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ രണ്ടാം ഭാര്യ പൂനം (48), വളര്‍ത്തുമകന്‍ ദീപക്ക് (25) എന്നിവരെയാണ് കഴിഞ്ഞ ദിവസം ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട അഞ്ജന്‍ ദാസിനു ബിഹാറില്‍ ഭാര്യയും 8 കുട്ടികളുമുണ്ടെന്നും ഇതു മറച്ചുവച്ചതിലുള്ള വൈരാഗ്യമാണു കൊലയിലേക്കു നയിച്ചതെന്നുമാണു വെളിപ്പെടുത്തല്‍. 14ാം വയസ്സിലാണു പൂനം വിവാഹിതയാകുന്നത്. രണ്ടു കുട്ടികള്‍ ഉണ്ടായ ശേഷം ഭര്‍ത്താവ് കടന്നുകളഞ്ഞു. ഇദ്ദേഹത്തെ കണ്ടെത്താന്‍ ഡല്‍ഹിയിലെത്തിയ പൂനം, കല്ലു എന്നൊരാള്‍ക്കൊപ്പം താമസമാരംഭിച്ചു. ഇതിനിടെയാണു പൂനം അഞ്ജന്‍ ദാസിനെ പരിചയപ്പെടുന്നത്. 2016ല്‍ കല്ലു മരിച്ചതോടെ 2017ല്‍ അഞ്ജന്‍ ദാസിനെ വിവാഹം കഴിച്ചു. നഗരത്തില്‍ ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു അഞ്ജന്‍ ദാസ്. 

അഞ്ജന്‍ ദാസിനെ കൊന്ന ശേഷം പ്ലാസ്റ്റിക് ബാഗിലാക്കിയ ശരീരഭാഗങ്ങള്‍ പൂനവും ദീപക്കും ചേര്‍ന്ന് ഉപേക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മെഹ്‌റോളിയിലെ ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പാണു സമാനമായ മറ്റൊരു സംഭവത്തിന്റെ വിവരങ്ങളും പുറത്തു വന്നത്.

മേയ് മാസം 30നാണ് അഞ്ജന്‍ ദാസ് കൊല്ലപ്പെടുന്നത്. ജൂണ്‍ അഞ്ചിന് ഈസ്റ്റ് ഡല്‍ഹിയിലെ കല്യാണ്‍പുരിയില്‍ നിന്നു ബാഗിലാക്കിയ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. തുടര്‍ന്നുള്ള ദിവസങ്ങളിലായി തല, കാലുകള്‍ എന്നിവയും വിവിധ സ്ഥലങ്ങളില്‍ നിന്നു കണ്ടെത്തി. മദ്യത്തില്‍ ഉറക്കഗുളിക കലര്‍ത്തി മയക്കിയ ശേഷം കഴുത്തിലെ ഞരമ്പു മുറിച്ചാണു കൊല നടത്തിയതെന്നാണു മൊഴി. രക്തം പൂര്‍ണമായി വാര്‍ന്നൊഴുക്കിയ ശേഷം ശരീരം 10 കഷണമാക്കി മുറിച്ചു. ഫ്രിജില്‍ സൂക്ഷിച്ച ശരീരഭാഗങ്ങള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ടാണ് ഉപേക്ഷിച്ചത്. തല കുഴിച്ചു മൂടി. ശരീരഭാഗങ്ങള്‍ അഞ്ജന്‍ ദാസിന്റേതാണെന്നു തിരിച്ചറിഞ്ഞതോടെയാണു പൂനത്തെയും മകനെയും ചോദ്യം ചെയ്തത്. അഞ്ജനെ കാണാതായിട്ടും പരാതി നല്‍കാത്തതു സംശയമുണര്‍ത്തിയിരുന്നു.

English Summary: Delhi Woman, Son Arrested For Murder Eerily Similar To Shraddha Walkar's

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com