ADVERTISEMENT

ന്യൂഡൽഹി ∙ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം ശുപാർശകൾ കേന്ദ്ര നിയമ മന്ത്രാലയം മടക്കിയതും നിയമനം വൈകിക്കുന്നതിൽ സുപ്രീം കോടതിയുടെ വിമർശനവും പ്രതിസന്ധി രൂക്ഷമാക്കുന്നു. 20 പേരുടെ നിയമന ശുപാർശയാണു കഴി‍ഞ്ഞയാഴ്ച കേന്ദ്രം മടക്കിയത്. ഇതിൽ കേരള ഹൈക്കോടതിയിലെ 2 പേർ അടക്കം 9 പേരുകൾ കൊളീജിയം നേരത്തേയും ശുപാർശ ചെയ്തതാണ്. ഇതിനു പിന്നാലെയാണ് ശുപാർശകളിൽ നിയമനം നടത്താതെ കേന്ദ്ര സർക്കാർ അടയിരിക്കുന്നുവെന്നു സുപ്രീം കോടതി വിമർശിച്ചത്. ശുപാർശ കൊളീജിയം ആവർത്തിച്ചാൽ സർക്കാർ അംഗീകരിക്കുകയാണു പതിവ്.

ജഡ്ജിമാരുടെ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണനയിലിരിക്കെയാണു ശുപാർശ സർക്കാർ മടക്കിയത്. കൊളീജിയം രീതിക്കെതിരെ നിയമമന്ത്രി കിരൺ റിജിജു നേരത്തേ നടത്തിയ പരാമർശവും കോടതിയെ ചൊടിപ്പിച്ചു. നിയമനം കൊളീജിയം വഴി തുടരുന്നതിൽ വിയോജിപ്പുണ്ടെന്ന സൂചനയാണു നിയമമന്ത്രിയിൽ നിന്നുണ്ടായത്. പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയാണെന്ന് അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രതിസന്ധി തുടരുകയാണ്.

ഇതിനിടെ, കേന്ദ്ര സർവീസിൽനിന്നു സ്വയം വിരമിച്ചതിന്റെ തൊട്ടടുത്ത ദിവസം തിരഞ്ഞെടുപ്പു കമ്മിഷണറായി അരുൺ ഗോയലിനെ നിയമിച്ചതു സുപ്രീം കോടതി ചോദ്യം ചെയ്തതിനെതിരെ നിയമമന്ത്രി കിരൺ റിജിജു നടത്തിയ പ്രതികരണവും വിവാദമായി. ജഡ്ജി നിയമനത്തെക്കുറിച്ചും ഇതു പോലെ ചോദ്യമുയരാം എന്നായിരുന്നു പ്രതികരണം. റിജിജു ലക്ഷ്മണ രേഖ ലംഘിച്ചുവെന്നും അതേസമയം, കൊളീജിയം നിയമന രീതിയോടു വിയോജിപ്പുണ്ടെന്നും മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു. പരസ്യമായി കോടതിയെ ധിക്കരിക്കുന്ന നിയമ മന്ത്രിയുടെ രീതിയിൽ കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എം.വീരപ്പമൊയ്‌ലി ഉൾപ്പെടെ ഉള്ളവരും രംഗത്തെത്തി.

കേരളത്തിലെ 2 പേരുകൾ

കഴിഞ്ഞവർഷം നവംബറിൽ 68 പേരുകൾ ശുപാർശ ചെയ്ത കൂട്ടത്തിലാണു മലയാളി അഭിഭാഷകരായ സഞ്ജീത കെ.അറയ്ക്കൽ, ടി.കെ.അരവിന്ദ കുമാർ ബാബു എന്നിവരെ കേരള ഹൈക്കോടതിയിലേക്കു കൊളീജിയം ശുപാർശ ചെയ്തത്. ഒപ്പം നൽകിയ മറ്റു പേരുകൾ 2 ഘട്ടമായി അംഗീകരിച്ചെങ്കിലും ഇവരുടേതു മടക്കി. കൊളീജിയം പേരുകൾ ആവർത്തിച്ചെങ്കിലും വീണ്ടും മടക്കി.  സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ബി.എൻ.കൃപാലിന്റെ മകൻ, സ്വവർഗാനുരാഗിയായ സൗരഭ് കൃപാലിന്റെ പേരും മടക്കിയവരുടെ പട്ടികയിലുണ്ട്. 4 വർഷമായി നിയമനം പ്രതീക്ഷിക്കുന്നയാളാണ് കൃപാൽ. ഇദ്ദേഹത്തിന്റെ പങ്കാളി സ്വിസ് പൗരനാണെന്നതിനാൽ സുരക്ഷാ വിഷയമാണു തടസ്സമെന്നു പറയപ്പെടുന്നെങ്കിലും സ്വവർഗാനുരാഗിയെന്നതാണു പ്രശ്നമെന്നു കൃപാൽ ആരോപിക്കുന്നു.

കേരള ഹൈക്കോടതിയിൽ ഒഴിവ് 10; കേസ് 1.99 ലക്ഷം

കേരള ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിമാരുടേത് ഉൾപ്പെടെ അനുവദനീയ അംഗബലം 47 ആണെങ്കിലും 37 പേരാണു നിലവിലുള്ളത്. 1.99 ലക്ഷം കേസുകളാണ് കേരള ഹൈക്കോടതിയിൽ തീർപ്പാകാതെ കിടക്കുന്നത്. 25 ഹൈക്കോടതികളിലായി 335 ജഡ്ജിമാരുടെ ഒഴിവുണ്ട്. സുപ്രീം കോടതിയിൽ അനുവദനീയ അംഗബലം 34 ആണെങ്കിലും 28 ജഡ്ജിമാരാണുള്ളത്.

ജഡ്ജിമാരുടെ എണ്ണം കൂട്ടേണ്ട; ഹർജി തള്ളി

രാജ്യത്തെ ഹൈക്കോടതികളിലും വിചാരണക്കോടതികളിലും ജഡ്ജിമാരുടെ അനുവദനീയ അംഗബലം ഇരട്ടിയാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. വെറുതേ ജഡ്ജിമാരുടെ അംഗബലം കൂട്ടിയതു കൊണ്ടായില്ലെന്ന നിരീക്ഷണത്തോടെയാണു നടപടി. ജഡ്ജിമാരുടെ എണ്ണം കൂട്ടിയാലും പല ഹൈക്കോടതികളിലും ഇതിനു യോജിച്ച അടിസ്ഥാന സൗകര്യമില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

English Summary: High court judge appointment crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com