ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ സംരക്ഷിത വനങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല (ബഫർ സോൺ / ഇഎസ്‍സെ‍ഡ്) നിർബന്ധമാക്കുമ്പോൾ ഓരോ സ്ഥലത്തെയും സാഹചര്യം കൂടി പരിഗണിക്കേണ്ടി വരുമെന്നു സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പ്രാദേശിക സാഹചര്യവും കണക്കിലെടുക്കാതെ ഉത്തരവു നൽകാനാകില്ലെന്നും കോടതി പറഞ്ഞു. ബഫർ സോൺ വ്യവസ്ഥയിൽ പുനഃപരിശോധനാ ഹർജി നൽകിയിട്ടുള്ളതിനാൽ ഈ പരാമർശം കേരളത്തെ സംബന്ധിച്ചു ഗുണകരമാണ്. 

ജൂൺ 3ലെ ഉത്തരവിലാണ് ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമാക്കി ജസ്റ്റിസ് എൽ.നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവു പുറപ്പെടുവിച്ചത്. ഇതിൽ അംഗമായിരുന്ന ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി നടപ്പാക്കുന്നതിലെ പ്രായോഗിക തടസ്സം വാക്കാൽ സൂചിപ്പിച്ചത്. നിബന്ധനയിൽ ഇളവ് ആവശ്യപ്പെട്ടു പല സംസ്ഥാനങ്ങളിൽ നിന്നുള്ള ഹർജികൾ ഒരുമിച്ചു പരിഗണിക്കുകയായിരുന്നു കോടതി.

പരിസ്ഥിതി സംരക്ഷണത്തിന് കോടതി അനുകൂലമാണ്. എന്നു കരുതി വികസനപ്രവർത്തനം പൂർണമായും തടഞ്ഞുവയ്ക്കാനാകില്ല. നഗരപരിധിയിൽ തന്നെ പലയിടത്തും പ്രഖ്യാപിത വനമേഖലകളുണ്ടെന്നും ഇവിടെ വർഷങ്ങളായി പലതരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും കോടതി സൂചിപ്പിച്ചു. 

ഒരു കിലോമീറ്റർ വ്യവസ്ഥ എല്ലായിടത്തും ഒരുപോലെ ബാധകമാകില്ലെന്നും പൊതുതാൽപര്യം കണക്കിലെടുത്ത് ഇളവ് അനുവദിക്കുമെന്നും ജൂൺ 3ലെ ഉത്തരവിൽ തന്നെ കോടതി വ്യക്തമാക്കിയിരുന്നു. ഇതു പ്രകാരം, തുംഗരേശ്വർ വന്യജീവി സങ്കേതം, സഞ്ജയ് ഗാന്ധി നാഷനൽ പാർക്ക്, താനെ ക്രീക്ക് ഫ്ലെമിംഗോ സങ്കേതം എന്നിവയ്ക്ക് കോടതി ഇളവ് അനുവദിച്ചിട്ടുണ്ട്.

ഇളവു തേടി റെയിൽവേയും; ചർച്ച നടത്തുമെന്ന് കേന്ദ്രം

ബഫർ സോൺ നിബന്ധനയിൽ ഭേദഗതി വേണമെന്നാവശ്യപ്പെട്ടു റെയിൽവേയും കോടതിയെ സമീപിച്ചിട്ടുണ്ടെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന പദ്ധതിക്ക് ഓരോ സംസ്ഥാനത്തെയും വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. പ്രത്യേകം അനുമതിക്കു കാത്തു നിൽക്കാതെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നു പൊതുവിൽ അനുമതി നേടിയെടുക്കുന്ന കാര്യം പരിഗണിക്കാൻ കോടതി നിർദേശിച്ചു. അമിക്കസ് ക്യൂറി കെ. പരമേശ്വറുമായി വിഷയം ചർച്ച ചെയ്യാമെന്ന് തുഷാർ മേത്ത അറിയിച്ചു.

English Summary: Buffer Zone ground realities must be considered says Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com