അഴിച്ചുപണിക്ക് കോൺഗ്രസ്; പ്ലീനറി സമ്മേളനം റായ്പുരിൽ

kharge-sonia
ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കവേ സോണിയ ഗാന്ധി പറഞ്ഞ തമാശ കേട്ട് ചിരിക്കുന്ന പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ. ചിത്രം : ജെ.സുരേഷ് ∙ മനോരമ
SHARE

ന്യൂഡൽഹി ∙ കോൺഗ്രസിൽ സംഘടനാതലത്തിൽ അഴിച്ചുപണിക്കു വഴിയൊരുക്കുന്ന പ്ലീനറി സമ്മേളനം ഫെബ്രുവരിയിൽ ഛത്തീസ്ഗഡിലെ റായ്പുരിൽ നടക്കും. ത്രിദിന സമ്മേളനം ഫെബ്രുവരി 20 നും 25 നുമിടയിൽ നടത്താനാണ് ആലോചന. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന പ്രഥമ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണു തീരുമാനം.

ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി ജനുവരി 26 മുതൽ 2 മാസം നീളുന്ന ‘ഹാത്ത് സേ ഹാത്ത് ജോഡോ’ യജ്ഞത്തിനു കോൺഗ്രസ് തുടക്കമിടുമെന്നു സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. 

രാഹുൽ ഗാന്ധിയുടെ സന്ദേശവുമായി രാജ്യത്തെ എല്ലാ വീടുകളിലും കോൺഗ്രസ് പ്രവർത്തകരെത്തും. ബൂത്ത്തല പ്രചാരണത്തിനു പുറമേ ജില്ലാ, സംസ്ഥാനതല സമ്മേളനങ്ങളും യുവാക്കളുടെ ബൈക്ക് റാലിയും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വനിതകളുടെ റാലിയും സംഘടിപ്പിക്കും. 

പാർട്ടി പ്രസിഡന്റായുള്ള ഖർഗെയുടെ തിരഞ്ഞെടുപ്പിന് അംഗീകാരം നൽകുന്ന പ്ലീനറി സമ്മേളനത്തിൽ പുതിയ പ്രവർത്തക സമിതി നിലവിൽ വരും. വർക്കിങ് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ എന്നിവരെ നിയമിക്കുന്ന കാര്യത്തിലും ചർച്ച നടക്കും.

നാമനിർദേശവും തിരഞ്ഞെടുപ്പും

25 അംഗ പ്രവർത്തക സമിതിയിൽ പാർട്ടി പ്രസിഡന്റ്, കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് (സോണിയ ഗാന്ധി) എന്നിവർക്കു പുറമേയുള്ളവരിൽ 12 പേരെയാണു തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കുക. ബാക്കി 11 പേരെ പ്രസിഡന്റ് നാമനിർദേശം ചെയ്യും. 

25 വർഷം മുൻപ് കൊൽക്കത്ത പ്ലീനറിയിലാണ് ഇതിനു മുൻപ് സമിതിയിലേക്കു തിരഞ്ഞെടുപ്പ് നടന്നത്. സോണിയ പ്രസിഡന്റായ ശേഷമുള്ള പ്ലീനറികൾ നാമനിർദേശത്തിലൂടെയാണു മുഴുവൻ അംഗങ്ങളെയും നിശ്ചയിച്ചത്. ആ പാത വിട്ട് തിരഞ്ഞെടുപ്പിനു ഖർഗെ തീരുമാനിച്ചാൽ വാശിയേറിയ പോരാട്ടത്തിനു പ്ലീനറി വേദിയാകും. 

രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ എന്നിവർ സമിതി അംഗത്വം ആഗ്രഹിക്കുന്നു. കെ.സി.വേണുഗോപാൽ നാമനിർദേശത്തിലൂടെ സമിതിയിൽ തുടർന്നേക്കും.  എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും ഒഴിഞ്ഞാൽ, ഇരുവരെയും സ്ഥിരം ക്ഷണിതാക്കളായി നിലനിർത്തും.

ജോഡോ യാത്രയിൽ സോണിയ 9ന്

പിറന്നാൾ ദിനത്തിൽ ഭാരത് ജോഡോ യാത്രയിൽ സോണിയ ഗാന്ധി അണിചേരും. ഈ മാസം 9ന് ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെ കോട്ടയിലെത്തുമ്പോഴാണു ചേരുക. പ്രിയങ്ക ഗാന്ധിയും എത്തും. ഇതിനു മുൻപ് കർണാടകയിലെ മാണ്ഡ്യയിൽ സോണിയ യാത്രയിൽ പങ്കെടുത്തിരുന്നു. പദയാത്ര ഇന്നലെ രാജസ്ഥാനിൽ പ്രവേശിച്ചു. യാത്രയിലായതിനാൽ ഈ മാസം 7 മുതൽ 29 വരെയുള്ള പാർലമെന്റ്  സമ്മേളനത്തിൽ രാഹുൽഗാന്ധി പങ്കെടുക്കില്ല.

ഉത്തരവാദിത്തം മറന്നാൽ പദവിയില്ല: ഖർഗെ

ന്യൂഡൽഹി∙ ഉത്തരവാദിത്തങ്ങൾ നിറവേറ്റാത്ത ഭാരവാഹികൾ മറ്റുള്ളവർക്കായി മാറിക്കൊടുക്കേണ്ടിവരുമെന്നു മല്ലികാർജുൻ ഖർഗെ പറഞ്ഞു. സംഘടനാതലത്തിൽ കരുത്തും ഉത്തരവാദിത്തവും പ്രകടിപ്പിക്കുകയും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തു പ്രവർത്തിക്കുകയും ചെയ്താൽ മാത്രമേ കോൺഗ്രസിനു തിരഞ്ഞെടുപ്പുകൾ ജയിക്കാനാവൂ.

ജനകീയ വിഷയങ്ങളിൽ 30 – 90 ദിവസം നീണ്ടു നിൽക്കുന്ന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള രൂപരേഖ സംസ്ഥാന ചുമതലയുള്ള ഭാരവാഹികൾ സമർപ്പിക്കണം. സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള കർമപദ്ധതി അടുത്ത 15 – 30 ദിവസത്തിനകം തയാറാക്കണം– സ്റ്റിയറിങ് കമ്മിറ്റിയിൽ ഖർഗെ പറഞ്ഞു. കമ്മിറ്റിയംഗങ്ങളായ എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി എന്നിവർ പങ്കെടുത്തില്ല.

English Summary: Congress plenary session to be held in Raipur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS