ഡൽഹി കലാപം; ഉമർ ഖാലിദ് അടക്കം നാല് പ്രതികളെ കോടതി ഒഴിവാക്കി

Umar-Khalid
SHARE

ന്യൂഡൽഹി ∙ വടക്കു കിഴക്കൻ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട ഖജൂരി ഖാസ് കേസിൽനിന്നു വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെയും മറ്റു 4 പ്രതികളെയും ഡൽഹി അഡീഷനൽ സെഷൻസ് കോടതി ഒഴിവാക്കി. വിചാരണ ചെയ്യാൻ പോലും തക്ക തെളിവുകൾ പ്രോസിക്യൂഷൻ നൽകിയില്ലെന്നും കേസിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു പ്രതികൾ നൽകിയ അപേക്ഷ പരിഗണിച്ചാണ് അഡീഷനൽ സെഷൻസ് ജഡ്ജി പി.പ്രമാചലയുടെ നടപടി.

ഉമർ ഖാലിദിനു പുറമേ കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന സന്നദ്ധപ്രവർത്തകൻ ഖാലിദ് സെയ്ഫി, താരിഖ് റിസ്‍വി, ജഗർ ഖാൻ, മൊഹമ്മദ് ഇല്യാസ് എന്നിവരെയാണു കോടതി മോചിപ്പിച്ചത്. കേസിൽ അപ്പീൽ സാധ്യത കണക്കിലെടുത്ത് 10,000 രൂപ കെട്ടിവയ്ക്കാൻ പ്രതികളോടു നിർദേശിച്ചു. അതേസമയം, താഹിൽ ഹുസൈൻ, ലിയാഖത്ത് അലി, റിയാസത്ത് അലി, ഷാ അലാം, മുഹമ്മദ് ശദാബ് ആബിദ്, റാഷിദ് സെയ്ഫി, ഗുൽഫാം, അർഷദ് ക്വയും, ഇർഷാദ് അഹമ്മദ്, റിഹാൻ എന്നിവരെ കേസിൽ പ്രതിചേർത്തു.

കേസിൽ ഉമർ ഖാലിദിനും സെയ്ഫിക്കും നേരത്തേ കോടതി ജാമ്യം നൽകിയിരുന്നു. കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ യുഎപിഎ ചുമത്തിയിരിക്കുന്നതിനാൽ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. ചാന്ദ് ബാഗ് പുലിയ പൊലീസ് സ്റ്റേഷനിലേക്കു നടന്ന കല്ലേറിൽ ഇവർക്കു പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഖജൂരി ഖാസ് പൊലീസ് സ്റ്റേഷൻ എഫ്ഐആറിട്ടത്. എന്നാൽ, ഉമറും സെയ്ഫിയും ഈ സംഭവത്തിൽ പങ്കാളികളല്ലായിരുന്നുവെന്നു വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടൽ. സംഭവദിവസം സ്ഥലത്തു തന്നെ ഉണ്ടായിരുന്നില്ലെന്നായിരുന്നു ഉമർ ഖാലിദിന്റെ വാദം.

English Summary: Umar Khalid acquitted in 2020 Delhi riots case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.