അടിത്തറ കെട്ടാൻ കോൺഗ്രസിന്റെ ‘കൈകോർക്കൽ’ യാത്ര; ദേശീയ ദൗത്യത്തിലേക്ക് പ്രിയങ്ക

1248-priyanka-gandhi
SHARE

ന്യൂഡൽഹി∙ ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി ജനുവരി 26 മുതൽ പ്രഖ്യാപിച്ച ‘ഹാത്ത് സേ ഹാത്ത്’ ജോഡോ യാത്രയിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നതു താഴെത്തട്ടിൽ പാർട്ടിയെ കെട്ടിപ്പടുക്കാൻ. ബൂത്തു തലത്തിൽ പലയിടത്തും പാർട്ടിയുടെ സ്ഥിതി അതിദയനീയമാണെന്ന തിരിച്ചറിവിലാണിത്.

രാഹുൽ ഗാന്ധിയുടെ പദയാത്രയ്ക്കു വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും അതു വോട്ടായി മാറ്റാൻ ഇനിയുമേറെ അധ്വാനിക്കേണ്ടതുണ്ടെന്നാണു ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായാണു 2024 ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു ബൂത്തുതലത്തിൽ വീടുകയറിയിറങ്ങിയുള്ള പ്രചാരണത്തിനു കോൺഗ്രസ് തയാറെടുക്കുന്നത്. താഴെത്തട്ടിൽ ബിജെപി നടത്തുന്ന ഊർജിത പ്രചാരണത്തിനു സമാനമാണിത്. പദയാത്രയിലൂടെ ലഭിച്ച ഊർജം ലോക്സഭാ തിരഞ്ഞെടുപ്പ് വരെ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണു തുടർ പ്രചാരണത്തിന് കോൺഗ്രസ് മുന്നിട്ടിറങ്ങുന്നത്.

സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ സംഘടനാ ചുമതല വഹിക്കുന്ന ഭാരവാഹികൾക്കായിരിക്കും ബൂത്തുതല പ്രചാരണത്തിന്റെ ചുമതല. ഇവരുടെ പ്രവർത്തനം വിലയിരുത്താൻ ദേശീയതലത്തിൽ സംവിധാനം സജ്ജമാക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കാൻ പ്രത്യേക സമിതിക്കും കോൺഗ്രസ് രൂപം നൽകും.

നിലവിൽ യുപിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ സേവനം ദേശീയതലത്തിൽ വിനിയോഗിക്കാനും നടപടിയെടുക്കും. ഇതിന്റെ ആദ്യ പടിയായി പ്രിയങ്കയുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം വനിതാ സംഗമം സംഘടിപ്പിക്കും. പാർട്ടി പ്രസിഡന്റെന്ന നിലയിൽ സംഘടനാകാര്യങ്ങളുടെയും സഖ്യ രൂപീകരണത്തിന്റെയും ചുമതലയായിരിക്കും മല്ലികാർജുൻ ഖർഗെയ്ക്ക്. തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖമായി രാഹുൽ ഗാന്ധിയെ തന്നെ കോൺഗ്രസ് ഉയർത്തിക്കാട്ടും. 2014, 19 തിരഞ്ഞെടുപ്പുകളിലെ തോൽവി രാഹുലിന്റെ പ്രതിഛായയ്ക്ക് ഏൽപിച്ച ആഘാതം, പദയാത്രയിലൂടെ മറികടക്കാമെന്നാണു പാർട്ടിയുടെ കണക്കുകൂട്ടൽ.

English Summary: Congress Hath Se Hath yatra

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS