ADVERTISEMENT

ന്യൂഡൽഹി ∙ പട്ടികവിഭാഗങ്ങളിൽനിന്നു മുസ്‌ലിം, ക്രിസ്ത്യൻ മതങ്ങളിലേക്കു മാറിയവർക്കു സംവരണം അനുവദിക്കണമെന്നു നിർദേശിച്ച രംഗനാഥ് മിശ്ര കമ്മിഷൻ റിപ്പോർട്ട് അംഗീകരിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ അധ്യക്ഷനായ പുതിയ സമിതി വിഷയം പരിശോധിക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. രംഗനാഥ് മിശ്ര കമ്മിഷൻ റിപ്പോർട്ട് പൂർണമായി അംഗീകരിക്കുന്നില്ലെന്നും ഇതു വലിയ സാമൂഹിക ചലനങ്ങളുണ്ടാക്കുന്ന വിഷയമാണെന്നും നേരത്തേതന്നെ സർക്കാർ നിലപാട് എടുത്തിരുന്നു.

ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ അധ്യക്ഷനായ സമിതിയെ ഒക്ടോബറിലാണു നിയമിച്ചത്. ഭരണഘടന പ്രകാരം നിലവിൽ ഹിന്ദു, സിഖ്, ബുദ്ധ വിഭാഗങ്ങളിൽപെടുന്നവർക്കു മാത്രമേ പട്ടികജാതി പദവി നൽകാനാകൂ. ആദ്യം ഹിന്ദു വിഭാഗത്തിനും പിന്നീട് ഭേദഗതികളിലൂടെ മറ്റു വിഭാഗക്കാർക്കും പട്ടികജാതി പദവി അനുവദിക്കുകയായിരുന്നു. മതം മാറിയവർക്കും സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ, 3 ആഴ്ചയ്ക്കുള്ളിൽ നിലപാട് അറിയിക്കാൻ ഓഗസ്റ്റിൽ സർക്കാരിനോടു സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിലപാടു വ്യക്തമാക്കിയത്. ഇതിനു മറുപടി നൽകാൻ ഹർജിക്കാർക്ക് ഒരാഴ്ചത്തെ സാവകാശമുണ്ട്.

അതേസമയം, പുതിയ സമിതിയെ വച്ചു തീരുമാനം വൈകിപ്പിക്കാനുള്ള സർക്കാർ നീക്കത്തെ ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എതിർത്തു. സമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണോ അതോ വസ്തുതകൾ പരിശോധിച്ചു ഹർജിയിൽ തീർപ്പുണ്ടാക്കണോ എന്ന വിഷയമാണ് ആദ്യം പരിശോധിക്കേണ്ടതെന്ന് ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, എ.എസ്.ഓക്ക എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഹർജി പരിഗണിക്കുന്നതു ജനുവരിയിലേക്കു മാറ്റി.

മതം മാറുന്നതുമായി ബന്ധപ്പെട്ട പുതിയ സാഹചര്യങ്ങളും പരിഗണിക്കണമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. പട്ടികവിഭാഗത്തിലാകുമ്പോൾ സാമൂഹികമായ ചില പോരായ്മകൾ നേരിടേണ്ടി വരുന്നു. ക്രിസ്ത്യാനിയാകുമ്പോഴും അതുണ്ടാകുമോ എന്നതുപോലുള്ള കാര്യങ്ങൾ പരിശോധിക്കപ്പെടണമെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

രംഗനാഥ് മിശ്ര കമ്മിഷൻ റിപ്പോർട്ട്

സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രംഗനാഥ് മിശ്ര അധ്യക്ഷനായി 2005 ൽ രൂപീകരിച്ച മത, ഭാഷാ ന്യൂനപക്ഷ കമ്മിഷന്റേതാണ് റിപ്പോർട്ട്. മുസ്‍ലിം, ക്രിസ്ത്യൻ മതങ്ങളിലേക്കു പരിവർത്തനം ചെയ്യുന്ന ദലിത് വിഭാഗങ്ങൾക്കും പട്ടികജാതി പദവി നൽകാൻ കമ്മിഷൻ 2007 ൽ സർക്കാരിനു നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തു. സർക്കാർ ജോലികളിൽ മുസ്‌ലിംകൾക്കു 10 ശതമാനവും മറ്റു ന്യൂനപക്ഷങ്ങൾക്ക് 5 ശതമാനവും സംവരണം, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷങ്ങൾക്കു സംവരണം തുടങ്ങിയവയായിരുന്നു പ്രധാന ശുപാർശകൾ.

 

English Summary: Central govt on Ranganath Mishra commission report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com