ADVERTISEMENT

ന്യൂഡൽഹി ∙ ആം ആദ്മി പാർട്ടി പ്രതീക്ഷിച്ച വലിയ വിജയവും ബിജെപി ആശങ്കപ്പെട്ട പരാജയവും ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എംസിഡി) തിരഞ്ഞെടുപ്പിൽ ഉണ്ടായില്ല. നേട്ടം പ്രതീക്ഷിക്കാതിരുന്ന കോൺഗ്രസ്, വോട്ട് ശതമാനം കൂടിയതുതന്നെ വലിയ കാര്യമായി കരുതുന്നു. 

തിരഞ്ഞെടുപ്പിനു മുൻപ്, 3 കോർപറേഷനും നഷ്്ടപ്പെടുമെന്നു തോന്നിയപ്പോൾ ബിജെപി 3 കാര്യങ്ങൾ ചെയ്തു: കഴിഞ്ഞ ഏപ്രിലിൽ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് നീട്ടിവച്ചു, 3 കോർപറേഷനുകളെ ലയിപ്പിച്ച് ഒന്നാക്കി, ആം ആദ്മി സർക്കാരിനെതിരെ അഴിമതിയാരോപണം ശക്തമാക്കി. എന്നാൽ, 3 കാര്യങ്ങളും ഉദ്ദേശിച്ച പ്രയോജനം ചെയ്തില്ലെന്നാണ് ഫലത്തിൽ വ്യക്തമായത്. 

ഹിമാചൽ, ഗുജറാത്ത് നിയമസഭ, എംസിഡി തിരഞ്ഞെടുപ്പുകൾ ഒരേ സമയത്താണു നടന്നത്. ‌ഗുജറാത്തിലും എംസിഡിയിലുമാണ് ആം ആദ്മി ശ്രദ്ധിച്ചത്. ബിജെപി മൂന്നിടത്തും തുല്യ ശ്രദ്ധ നൽകി. 

2 വർഷം മുൻ‍പ് നിയമസഭാ തിരഞ്ഞെടുപ്പിൽ‍ വോട്ടിങ് ശതമാനം 62 ആയിരുന്നെങ്കിൽ എംസിഡിയിൽ 50% വോട്ടേ രേഖപ്പെടുത്തിയുള്ളൂ. നിയമസഭയിൽ 53.57% വോട്ടു നേടിയ ആം ആദ്മിക്ക് എംസിഡിയിൽ 42% വോട്ടേ ലഭിച്ചുള്ളൂ.

എംസിഡിയും ഭരിച്ചാൽ സർക്കാരിന്റെ നയങ്ങൾ മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കാനാകുമെന്നാണു മുഖ്യമന്ത്രി കേജ്‌രിവാൾ‍ പറഞ്ഞത്. അതിനുള്ള അനുകൂല പ്രതികരണം ഫലത്തിൽ വ്യക്തമാണ്. അങ്ങനെ, ഡൽഹിയിൽ ഇനി ആം ആദ്മിയുടെ ‘ഡബിൾ എൻജിൻ’ ഭരണം വരുന്നു. അപ്പോഴും, ബിജെപി ഉന്നയിച്ച അഴിമതിയാരോപണങ്ങൾ ആം ആദ്മിയുടെ വിജയത്തിന്റെ വലിപ്പത്തെ സ്വാധീനിച്ചില്ലെന്നു പറയാനുമാവില്ല. 

കഴിഞ്ഞ 24 വർ‍ഷമായി ബിജെപി ഡൽഹിയിൽ ഭരണത്തിലില്ല. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ‍ ഡൽഹി മേഖലയിൽ നഷ്ടമുണ്ടാകുന്നില്ലെന്നതു ശ്രദ്ധേയമാണ്. നിയമസഭയിലും ഇപ്പോൾ എംസിഡിയിലും വിജയമുണ്ടായിട്ട്, 2024ൽ ലോക്സഭയിലേക്കു ഡൽഹിയിൽ ഒരു സീറ്റെങ്കിലും പിടിക്കാൻ‍ ആം ആദ്മിക്കു സാധിക്കുമോ എന്നാണ് ഇനി കാണേണ്ടത്. 

ഡൽഹിയിൽ ആം ആദ്മി വളർന്നപ്പോൾ‍ കോൺഗ്രസ് ശോഷിച്ചുവെന്നതു വസ്തതുതയാണ്. എന്നാൽ, 2 വർഷം മുൻപ് നിയമസഭാ തിരഞ്ഞെടുപ്പിൽ‍ 4.3% വോട്ട് നേടിയ കോൺഗ്രസിന് എംസിഡിയിൽ 11.68% വോട്ടാണു ലഭിച്ചത്. ആകെ കോൺഗ്രസിന്റെ 9 പേരാണ് ജയിച്ചത്– 7 പേരും മു‌സ്‌ലിംകൾ. 

എംസിഡി മേയറെ എല്ലാ വർഷവും തിരഞ്ഞെടുക്കണം. ഇന്നലെ തിരഞ്ഞെടുക്കപ്പെട്ട 250 കൗൺസിലർമാർക്കു മാത്രമല്ല, 14 എംഎൽഎമാർക്കും ഡൽഹിയിൽ‍നിന്നു ലോക്സഭയിലും രാജ്യസഭയിലും ഉള്ള 10 എംപിമാർക്കും വോട്ടുണ്ട്. എന്നാൽ, തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്ക് കൂറുമാറ്റ നിരോധനം ബാധകമല്ല. അതുകൊണ്ടുതന്നെ, 104 കൗൺസിലർമാരുള്ള ബിജെപി, തൽക്കാലം അടങ്ങിയിരുന്നാലും അടുത്ത വർ‍ഷം അട്ടിമറിക്കു ശ്രമിക്കില്ലെന്നു കരുതാനാവില്ല.

 

English Summary: AAP's double-engine government in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com