ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യം ഉറ്റുനോക്കിയ ഡൽഹി കോർപറേഷൻ തിരഞ്ഞെടുപ്പിൽ 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് ആം ആദ്മി പാർട്ടിക്കു തകർപ്പൻ ജയം. ആകെയുള്ള 250ൽ 134 വാർഡുകൾ എഎപി നേടി. ബിജെപിക്ക് 104. 2017 ൽ 31 വാർഡിൽ ജയിച്ചിരുന്ന കോൺഗ്രസ് ഇത്തവണ 9 മാത്രമായി ചുരുങ്ങി. 3 വാർഡുകളിൽ സ്വതന്ത്രർ ജയിച്ചു. കഴിഞ്ഞ തവണ എഎപി 49 സീറ്റാണു നേടിയത്. 

നേരത്തേ ഒറ്റ കോർപറേഷനായിരുന്ന ഡൽഹി 2012 ൽ നോർത്ത്, സൗത്ത്, ഈസ്റ്റ് എന്നിങ്ങനെ 3 കോർപറേഷനുകളായി വിഭജിച്ചിരുന്നു. ഇത് വീണ്ടും ഏകീകരിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. 2007 ൽ ഏകീകൃത കോർപറേഷനിലും 2012 മുതൽ 3 കോർപറേഷനുകളിലും ബിജെപിയായിരുന്നു അധികാരത്തിൽ. ഡൽഹി സംസ്ഥാനഭരണം 2015 ൽ എഎപി പിടിച്ചെങ്കിലും കോർപറേഷനുകളിൽ ഭരണം ലഭിച്ചിരുന്നില്ല. 

modi-kejriwal
പ്രധാനമന്ത്രിയുടെ അനുഗ്രഹം വേണം: കേജ്‌രിവാൾ. cartoon: Manorama

ഡൽഹി നിയമസഭയിൽ തുടർച്ചയായി രണ്ടാം തവണ ഭരണത്തിലെത്തിയ എഎപി, പാർട്ടി രൂപീകരണത്തിന്റെ 10–ാം വർഷത്തിലാണു കോർപറേഷൻ ഭരണവും പിടിച്ചെടുത്തത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ അഴിമതിയാരോപണം ഉയരുകയും അന്വേഷണം നേരിടുകയും മന്ത്രി സത്യേന്ദർ ജെയിൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ  ജയിലിലാകുകയും ചെയ്തിട്ടും വിജയിക്കാൻ സാധിച്ചത് എഎപിക്കു നേട്ടമായി. എന്നാൽ, എക്സിറ്റ് പോളുകൾ പ്രവചിച്ച പ്രകടനം നടത്താൻ എഎപിക്കു കഴിഞ്ഞില്ല. എഎപി 160 നു മുകളിൽ സീറ്റ് നേടുമെന്നും ബിജെപി ഇരട്ട സംഖ്യയിൽ ഒതുങ്ങുമെന്നുമായിരുന്നു എക്സിറ്റ്പോൾ പ്രവചനങ്ങൾ. 

എഎപി ടിക്കറ്റിൽ സുൽത്താൻപുരിൽ നിന്നു ജയിച്ച ബോബി ഡൽഹി കോർപറേഷൻ അംഗമാകുന്ന ആദ്യ ട്രാൻസ്ജെൻഡറായി. ഭരണത്തിൽ കേന്ദ്രത്തിന്റെ സഹകരണം അഭ്യർഥിച്ച  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, നഗരത്തെ മികച്ചതാക്കാൻ പ്രധാനമന്ത്രിയുടെ അനുഗ്രഹമുണ്ടാകണമെന്നും പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ സഹകരണവും അദ്ദേഹം അഭ്യർഥിച്ചു. 

 

ഗുജറാത്ത്, ഹിമാചൽ വോട്ടെണ്ണൽ ഇന്ന്

 

ന്യൂഡൽഹി ∙ ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങൾ ഇന്ന്. വോട്ടെണ്ണൽ രാവിലെ 8ന് ആരംഭിക്കും. 182 സീറ്റുള്ള ഗുജറാത്തിൽ കഴിഞ്ഞതവണ ബിജെപി 99, കോൺഗ്രസ് 77. 68 അംഗ ഹിമാചൽ നിയമസഭയിൽ കഴിഞ്ഞതവണ ബിജെപി 44, കോൺഗ്രസ് 21, സിപിഎം 1.

 

 

English Summary: Delhi MCD Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com