ADVERTISEMENT

ന്യൂഡൽഹി ∙ ഇപിഎഫ്ഒ പെൻഷൻ സംബന്ധിച്ച സുപ്രീംകോടതി വിധി വന്ന് ഒരു മാസം പിന്നിടുമ്പോഴും ഇപിഎഫ്ഒ നടപടിയെടുക്കാത്തത് ലോക്സഭയിൽ ശൂന്യവേളയിൽ കൊടിക്കുന്നിൽ സുരേഷും എൻ.കെ.പ്രേമചന്ദ്രനും ഉന്നയിച്ചു. 

ഇക്കാര്യത്തിൽ കേന്ദ്ര തൊഴിൽ മന്ത്രാലയം അടിയന്തര നടപടിയെടുക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

വിധിപ്രകാരം 2014 സെപ്റ്റംബറിന് ശേഷം സർവീസിൽ നിന്നു പിരി‍ഞ്ഞവർക്കും സർവീസിലുള്ളവർക്കും ഉയർന്ന പെൻഷൻ നൽകാനുള്ള ഓപ്ഷൻ 4മാസത്തിനകം നൽകണം. എന്നാൽ ഓപ്ഷൻ സ്വീകരിക്കാനുള്ള നടപടികളൊന്നും ഇപിഎഫ്ഒ തുടങ്ങിയിട്ടില്ല. 

2014 നു മുൻപു പിരി‍ഞ്ഞവർക്ക് ഉയർന്ന പെൻഷനുള്ള ഓപ്ഷൻ നൽകാൻ കഴിയുമോയെന്നതിൽ അവ്യക്തതയുണ്ട്. ഇതു സംബന്ധിച്ച് സർക്കാർ പ്രസ്താവന നടത്തണമെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. വിധി നടപ്പാക്കുന്നത് മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് കൊടിക്കുന്നിൽ ആരോപിച്ചു. 

ദേശീയ പാത 66ലെ നിർമാണ പ്രവർത്തനങ്ങളുമായി തൃശൂർ മണ്ഡലത്തിലെ വിവിധ ആവശ്യങ്ങൾ ടി.എൻ.പ്രതാപൻ ഉന്നയിച്ചു. കാസർകോട്ടെ വലിയപറമ്പ്, പടന്ന, കണ്ണൂരിലെ മാടായി, രാമന്തളി, മാട്ടൂൽ എന്നീ പഞ്ചായത്തുകൾക്ക് തീരദേശ സംരക്ഷണ നിയമത്തിൽ നിന്ന് ഇളവു നൽകണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. 

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്രസർക്കാർ പാക്കേജ് അനുവദിക്കണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു. 

 

സബ്മിഷനുകൾ

 

ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റി നടപ്പാക്കുന്ന പരിഷ്കാരങ്ങൾ എൽഐസി ഏജന്റുമാരുടെ പ്രസക്തി ഇല്ലാതാക്കുകയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ സബ്മിഷനിലൂടെ ചൂണ്ടിക്കാട്ടി. തൃശൂരിൽ ക്ഷേത്രകലകളുടെ ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടു. കരിപ്പൂർ വിമാനത്താവളത്തിന്റെ വികസന പദ്ധതികൾ പെട്ടെന്നു നടപ്പാക്കുകയും റൺവേയുടെ നീളം കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുകയും വേണമെന്ന് അബ്ദുസമദ് സമദാനി ആവശ്യപ്പെട്ടു.

 

English Summary: Discussion on EPFO in Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com