ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റിന്റെ ശീതകാല സമ്മേളനം വലിയ ബഹളങ്ങളില്ലാതെ ആരംഭിച്ചു. സംസ്ഥാനാന്തര സഹകരണ സൊസൈറ്റികളിൽ കേന്ദ്രസർക്കാരിന് കൂടുതൽ ഇടപെടലിന് അവസരം നൽകുന്ന നിയമ ഭേദഗതി ബില്ലും കടൽക്കൊളളയ്ക്കു വധശിക്ഷയടക്കം ശുപാർശ ചെയ്യുന്ന കടൽക്കൊള്ള നിരോധന ബില്ലും ലോക്സഭയിൽ അവതരിപ്പിച്ചു. സഹകരണ ബില്ലവതരണം പ്രതിപക്ഷം എതിർത്തു.

ബെളഗാവി അതിർത്തിത്തർക്കത്തെച്ചൊല്ലി മഹാരാഷ്ട്രയിൽ നിന്നുള്ള പ്രതിപക്ഷാംഗങ്ങളും കർണാടകയിൽ നിന്നുള്ള ബിജെപി അംഗങ്ങളും തമ്മിൽ സഭയിൽ വാക്കുതർക്കമുണ്ടായി. എൻസിപി, ശിവസേന (ഉദ്ധവ് താക്കറെ) അംഗങ്ങൾ ഇറങ്ങിപ്പോയി.

മുലായം സിങ് യാദവ് അടക്കം അന്തരിച്ച അംഗങ്ങൾക്ക് ആദരമർപ്പിച്ച് ലോക്സഭ ചോദ്യോത്തര വേള ഉപേക്ഷിച്ച് ഒരു മണിക്കൂർ നേരത്തേ പിരിഞ്ഞിരുന്നു. ശൂന്യവേള കഴിഞ്ഞ് ഉച്ചയ്ക്ക് സഭ ചേർന്നപ്പോൾ സഹകരണ സഹമന്ത്രി ബി.എൽ.വർമ സഹകരണ നിയമ ഭേദഗതി ബിൽ അവതരിപ്പിച്ചു. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യായ, ആർഎസ്പിയുടെ എൻ.കെ.പ്രേമചന്ദ്രൻ, സിപിഎം അംഗം എ.എം.ആരിഫ് തുടങ്ങിയവർ ബിൽ അവതരിപ്പിക്കുന്നത് എതിർത്തു. 

കടൽക്കൊള്ള നിരോധന ബിൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അവതരിപ്പിച്ചു.ബില്ലിന്മേൽ ചർച്ച പിന്നീട് തുടരും.

നൈജീരിയയിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള നാവികരെ മോചിപ്പിക്കാൻ ഇടപെടലുണ്ടാകണമെന്നു പ്രേമചന്ദ്രനും കൊടിക്കുന്നിൽ സുരേഷും ആവശ്യപ്പെട്ടു. 

വിവിധ വിഷയങ്ങളുന്നയിച്ച് കേരള എംപിമാർ നൽകിയ അടിയന്തര പ്രമേയ നോട്ടിസുകൾ സ്പീക്കർ അനുവദിച്ചില്ല.

സമ്മേളനം ക്രിയാത്മകമാക്കാൻ എല്ലാവരും സഹകരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർഥിച്ചു.  

 

 

ഭരണസമിതിയെ പുറത്താക്കാനും അധികാരം

 

സഹകരണ സംഘങ്ങളുടെ പ്രവർത്ത‌നത്തിൽ ആവശ്യമെങ്കിൽ കേന്ദ്രസർക്കാർ ഇടപെടലിനു വഴിയൊരുക്കുന്നതാണ് നിയമഭേദഗതി ബിൽ. സംഘങ്ങളിലെ തിരഞ്ഞെടുപ്പിനു പ്രത്യേക അതോറിറ്റി, ക്രമക്കേടുകളും പരാതികളും പരിശോധിക്കാൻ സഹകരണ ഓംബുഡ്സ്മാൻ എന്നിവ നിയമിക്കും. ഭരണസമിതിയെ സസ്പെൻഡ് ചെയ്യാനും അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്താനും കേന്ദ്രസർക്കാരിനു കഴിയും. 

സംഘങ്ങൾക്കു പുനരുജ്ജീവന ഫണ്ടും വ്യവസ്ഥ ചെയ്യുന്നു. ഡയറക്ടർ ബോർഡ് അംഗങ്ങളുടെ ബന്ധുക്കളെ നിയമിക്കുന്നതിനു കർശന വ്യവസ്ഥകളും നിയമത്തിലുണ്ടാകും.

 

 

English Summary: Parliament winter session started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com