ADVERTISEMENT

ന്യൂഡൽഹി ∙ ഒരു കാറ്റലയിൽ സന്തോഷവും മറുകാറ്റലയിൽ സന്താപവുമാണു ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങൾ ബിജെപിക്കു നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും തട്ടകത്തിലെ വൻവിജയം പാർട്ടിക്കു ശോഭ പകർന്നപ്പോൾ, ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ നാട്ടിലെ തോൽവി മ്ലാനതയായി. ‘ഡബിൾ എൻജിൻ’ ഹിമാചലിൽ മുന്നോട്ടു പോയില്ല.

ഇരുസംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരവും ഗ്രൂപ്പുതർക്കങ്ങളും ഉണ്ടായിരുന്നു. മോദി എത്തിയതോടെ ഗുജറാത്തിലെ പ്രശ്നങ്ങൾ ഒഴുകിപ്പോയി. ഹിമാചലിൽ മോദിയും ഷായും നഡ്ഡയും ഒരുമിച്ചു പ്രവർത്തിച്ചിട്ടും ഭരണം നിലനിർത്താനായില്ല. ഗുജറാത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകളൊന്നും തിരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചില്ല. ഹിമാചലിലാകട്ടെ ഭരണവിരുദ്ധവികാരം തിരിച്ചടിയായതിനു പുറമേ ഗ്രൂപ്പു നേതാക്കളും വിമതരും നടത്തിയ വെല്ലുവിളികൾ മറികടക്കാൻ ദേശീയ നേതൃത്വത്തിനു കഴിഞ്ഞതുമില്ല. 

ഗുജറാത്തിൽ ബിജെപി വിരുദ്ധ വോട്ടു വാങ്ങി ജയിച്ച് പിന്നീട് ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാക്കളുണ്ടാക്കിയ അവിശ്വാസ്യത കോൺഗ്രസ് വോട്ടർമാരെ ഇത്തവണ നിസംഗരാക്കിയിരുന്നു. പോളിങ് ശതമാനം കുറഞ്ഞ നഗരകേന്ദ്രങ്ങളിൽ തങ്ങളുടെ വോട്ടുകളെല്ലാം വീണുവെന്നുറപ്പിച്ച ബിജെപിയുടെ ‘പന്ന പ്രമുഖു’മാർ ജോലി ഭംഗിയായി നിർവഹിച്ചു. വോട്ടർപ്പട്ടികയിലെ പേരുകൾ കണ്ടെത്തി ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ടയാളാണു പന്ന പ്രമുഖ്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപേ ഹിമാചലിലെ സംഘടനാദൗർബല്യങ്ങൾ പരിഹരിക്കാൻ ദേശീയ നേതൃത്വം ശക്തമായി ഇടപെട്ടേക്കും.

English Summary: BJP defeat in Himachal Pradesh setback to Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com