ADVERTISEMENT

ന്യൂഡൽഹി ∙ ഹിമാചൽ, ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പു തോൽവികൾ ബിജെപിക്കു ക്ഷീണമാണെങ്കിലും പ്രതിപക്ഷ ഐക്യം ഇപ്പോഴും അകലെയാണ്. ഹിമാചൽ വിജയം മാത്രംകൊണ്ടു സംയുക്ത പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനത്തു എത്തുക കോൺഗ്രസിന് എളുപ്പമല്ല. 2024 ലെ പൊതു തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ പ്രതിപക്ഷത്തു പ്രധാനമായും രണ്ടു പ്രശ്നങ്ങളാണുള്ളത്: ബിജെപിയെ എതിർക്കുന്ന പാർട്ടികൾ ഒരുമിച്ചുനിൽക്കുന്നില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിഛായയെ മറികടക്കാനുള്ള ഉപായങ്ങളില്ല. 2019 ലും ഇതേ പ്രശ്നങ്ങളായിരുന്നു.

പ്രതിപക്ഷ പാർട്ടികൾ ബിജെപിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ പ്രതിപക്ഷത്തിനെതിരെ ഉച്ചത്തിൽ പറയുകയെന്ന തന്ത്രമാണു മോദി ഇപ്പോൾ പ്രയോഗിക്കുന്നത്. ഒപ്പം, വികസന മുദ്രാവാക്യവും. ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന കാര്യത്തിൽ ബിജെപി വിരുദ്ധർക്കു വ്യക്തതയില്ല. എന്നാൽ, ബിജെപിയുടെ ആശയങ്ങൾ‍ കടമെടുത്ത് ആം ആദ്മി പാർട്ടി നേട്ടങ്ങളുണ്ടാക്കുന്നുമുണ്ട്.

അടുത്ത സെപ്റ്റംബറിലെ ജി–20 ഉച്ചകോടിക്കു മുന്നോടിയായി നടക്കുന്ന സമ്മേളനങ്ങളെ പൊതുതിരഞ്ഞെടുപ്പു കാലത്തു പ്രയോജനം ചെയ്യുന്ന രീതിയിൽ കേന്ദ്ര സർക്കാരും ബിജെപിയും ഉപയോഗിക്കുമെന്നതിന്റെ സൂചനകളാണുള്ളത്. ഇതിനെ പ്രതിരോധിക്കുന്നതും പ്രതിപക്ഷത്തിന് എളുപ്പമാവില്ല. ഏക വ്യക്തിനിയമം ഉൾപ്പെടെ ബിജെപി നേട്ടം പ്രതീക്ഷിക്കുന്ന വിഷയങ്ങളിൽ പ്രതിപക്ഷത്ത് ഏകസ്വരമുണ്ടാകുമോയെന്നു കാണാണേണ്ടതുണ്ട്.

ബിജെപിയോടു ശണ്ഠയെന്ന സമീപനത്തിൽ മാറ്റം വരുത്തുന്നതിന്റെ സൂചനകളാണു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഭാഗത്തുനിന്നുള്ളത്. ബിജെപി വിരുദ്ധ സ്ഥാനാർഥികളുടെ പരാജയത്തിനു സഹായിക്കുകയെന്ന രീതി അസദുദ്ദീൻ ഉവൈസി തുടരുകയും ചെയ്യുന്നു. ബിഹാറിലെ ഖുഡ്നി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലും അതു കണ്ടു. തന്റെ നേതൃത്വത്തിൽ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള താൽ‍പര്യമാണു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടികളിൽ വ്യക്തമാകുന്നത്. അത് അംഗീകരിച്ചുള്ള നീക്കുപോക്കിനു കോൺഗ്രസ് തയാറായേക്കില്ല.

പാർ‍ട്ടിയുടെ പേരു മാറ്റി ഭാരത രാഷ്ട്ര സമിതിയാക്കിയ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു, നിതീഷിനോടു സഹകരിക്കുന്നതിൽ തൽപരനാണ്. കോൺഗ്രസിന്റെ സഹായത്തോടെയാണ് ആദ്യം ഡൽഹിയിൽ അധികാരത്തിൽ‍ വന്നതെങ്കിലും അരവിന്ദ് കേജ്‌രിവാളിന് ഇപ്പോൾ സഖ്യങ്ങളിലും ധാരണകളിലും താൽപര്യമില്ല.

ബിജെപിയെ തോൽപിക്കാൻ കോൺഗ്രസിന് ഇപ്പോൾ കെൽപില്ലെന്ന വാദത്തിനുള്ള മറുപടിയായി ഹിമാചൽ ഫലത്തെ വിലയിരുത്തുന്നുണ്ട്. അടുത്ത വർഷം തിരഞ്ഞെടുപ്പുള്ള കർ‍ണാടകയിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ബിജെപിയും കോൺഗ്രസും തമ്മിലാണ് ഏറ്റുമുട്ടൽ. 2024 ലെ തിരഞ്ഞെടുപ്പിന്റെ സ്വഭാവം നിർ‍ണയിക്കാൻ ഈ സംസ്ഥാനങ്ങൾ‍ക്കു സാധിക്കും. ഇടയ്ക്കു പരാജയങ്ങളുണ്ടായാലും വലിയ തിരിച്ചടികളുണ്ടാവില്ലെന്ന ബിജെപിയുടെ ആത്മവിശ്വാസത്തിനു കോട്ടമുണ്ടാക്കാൻ തക്ക സ്ഥിതിയിലേക്ക് പ്രതിപക്ഷത്ത് ഇനിയും കാര്യങ്ങൾ എത്തിയിട്ടില്ല.

English Summary: Congress need more victories to lead opposition parties in 2024 loksabha election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com